ധരംശാല: കരിയറിലെ 100-ാം ടെസ്റ്റ് ആഘോഷമാക്കി ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. ഇംഗ്ലണ്ടിനെതിരായ ധരംശാല ടെസ്റ്റായിരുന്നു അശ്വിന്റെ 100-ാം മത്സരം. ആദ്യ ഇന്നിംഗ്സിൽ 51 റണ്‍സിന് നാലും രണ്ടാം ഇന്നിംഗ്സിൽ 77ന് അഞ്ചും വിക്കറ്റ് വീഴ്ത്തിയ അശ്വിൻ റിക്കാർഡ് ബുക്കിലും ഇടം നേടി. 100-ാം ടെസ്റ്റിൽ ഒരു ബൗളറിന്റെ ഏറ്റവും മികച്ച പ്രകടനം എന്ന റിക്കാർഡാണ് അശ്വിൻ സ്വന്തമാക്കിയത്. രണ്ട് ഇന്നിംഗ്സിലുമായി 128 റണ്‍സിന് ഒന്‍പത് വിക്കറ്റാണ് അശ്വിൻ വീഴ്ത്തിയത്. നൂറാം ടെസ്റ്റിൽ ഒരു ബൗളറിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ 2006ൽ ബംഗ്ലാദേശിനെതിരേ 141 റണ്‍സ് വഴങ്ങി ഒന്‍പത് വിക്കറ്റ് വീഴ്ത്തിയതായിരുന്നു. ഈ റിക്കാർഡാണ് 128 റണ്‍സിന് ഒന്‍പത് വിക്കറ്റ് വീഴ്ത്തി അശ്വിൻ തകർത്തത്. 2002ൽ തന്റെ നൂറാം ടെസ്റ്റിൽ ഷെയ്ൻ വോണ്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 231 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. കപിൽ ദേവ് (7/151), അനിൽ കുംബ്ലെ (7/176) എന്നിവരും 100-ാം ടെസ്റ്റിൽ മികച്ച ബൗളിംഗ് കാഴ്ചവച്ചവരിൽ ആദ്യ അഞ്ചിലുണ്ട്.
കുംബ്ലെയെ കടന്ന് അശ്വിൻ ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം എന്ന റിക്കാർഡും അശ്വിൻ സ്വന്തമാക്കി. അശ്വിന്റെ 36-ാം അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു. 35 അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ അനിൽ കുംബ്ലെയെയാണ് അശ്വിൻ മറികടന്നത്. സാക് ക്രൗളി (0), ബെൻ ഡക്കറ്റ് (2), ഒല്ലി പോപ്പ് (19), ബെൻ സ്റ്റോക്സ് (2), ബെൻ ഫോക്സ് (8) എന്നിവരായിരുന്നു ധരംശാല ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ അശ്വിന്റെ ഇരകൾ. അഞ്ച് വിക്കറ്റ് പ്രകടനത്തിൽ ന്യൂസിലൻഡിന്റെ റിച്ചാർഡ് ഹാഡ്ലിക്കൊപ്പം മൂന്നാം സ്ഥാനം പങ്കിടുകയാണ് അശ്വിൻ. മുത്തയ്യ മുരളീധരൻ (67), ഷെയ്ൻ വോണ്‍ (37) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയിൽ 100 വിക്കറ്റും അശ്വിൻ ഇന്നലെ പൂർത്തിയാക്കി. ഇംഗ്ലീഷ് പേസർമാരായ സ്റ്റൂവർട്ട് ബ്രോഡ് (ഓസ്ട്രേലിയയ്ക്കെതിരേ 106), ജയിംസ് ആൻഡേഴ്സണ് (ഇന്ത്യക്കെതിരേ 105) എന്നിവർക്കും ഏതെങ്കിലും ടീമുകൾക്കെതിരേ സ്വന്തം ദേശത്ത് 100+ വിക്കറ്റുണ്ട്.
Source link