അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം; പരന്പര ഇന്ത്യ സ്വന്തമാക്കി
ധരംശാല: രോഹിത് ശർമയും സംഘവും ബീസ്റ്റ് മോഡ് ഓണ്‍ ആക്കി താണ്ഡവമാടിയപ്പോൾ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ക്രിക്കറ്റിന് ഇന്ത്യൻ മണ്ണിൽ ചരമഗീതം മുഴങ്ങി. ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, പാക്കിസ്ഥാൻ, അയർലൻഡ് ടീമുകൾക്കെതിരേ ഇംഗ്ലണ്ട് ഫലപ്രദമായി ഉപയോഗിച്ച ബാസ്ബോൾ ക്രിക്കറ്റ് ഇന്ത്യയിൽ കത്തിച്ചാന്പലായി. അതോടെ അഞ്ച് മത്സരപരന്പര ഇന്ത്യ 4-1ന് ആധികാരികമായി സ്വന്തമാക്കി. ധരംശാലയിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ഇന്നിംഗ്സിനും 64 റണ്‍സിനുമായിരുന്നു ഇന്ത്യൻ ജയം. മൂന്നാംദിനം രണ്ടാം സെഷനിൽതന്നെ അഞ്ചാം ടെസ്റ്റ് അവസാനിച്ചു. 259 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യക്കെതിരേ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് 195ന് പുറത്താകുകയായിരുന്നു. സ്കോർ: ഇംഗ്ലണ്ട് 218, 195. ഇന്ത്യ 477. ക്യാപ്റ്റൻ രോഹിത് ശർമ പേശിവലിവിനെത്തുടർന്ന് മൂന്നാംദിനം മൈതാനത്ത് എത്തിയില്ല. പകരം, വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. ബഷീർ ഫിഫർ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 473 റണ്‍സ് എന്ന നിലയിലാണ് മൂന്നാംദിനമായ ഇന്നലെ ധരംശാല ടെസ്റ്റ് പുനരാരംഭിച്ചത്. 27 റണ്‍സുമായി കുൽദീപ് യാദവും 19 റണ്‍സുമായി ജസ്പ്രീത് ബുംറയുമായിരുന്നു ക്രീസിൽ. 69 പന്തിൽ 30 റണ്‍സ് നേടിയ കുൽദീപിനെ ജയിംസ് ആൻഡേഴ്സണ് പുറത്താക്കി. ആൻഡേഴ്സന്റെ 700-ാം ടെസ്റ്റ് വിക്കറ്റ്. 64 പന്തിൽ 20 റണ്‍സ് നേടിയ ബുംറ, ഷൊയ്ബ് ബഷീറിന്റെ പന്തിൽ പുറത്ത്. ഇന്നിംഗ്സിൽ ബഷീറിന്റെ അഞ്ചാം വിക്കറ്റ്. പരന്പരയിൽ ബഷീറിന്റെ രണ്ടാം അഞ്ച് വിക്കറ്റ് പ്രകടനം. 21 വയസ് തികയുന്നതിനു മുന്‍പ് ഒന്നിലധികം അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച ഇംഗ്ലീഷ് താരങ്ങളുടെ പട്ടികയിൽ ബഷീറും ഇതോടെ ഇടംപിടിച്ചു. ബിൽ വോക്, ജയിംസ് ആൻഡേഴ്സണ്, റെഹാൻ അഹമ്മദ് എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവർ. റൂട്ടിന് 21-ാം 50+, അശ്വിന് അഞ്ച്
259 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാനുള്ള ശ്രമം പോലും ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. 128 പന്തിൽ നേരിട്ട് 84 റണ്‍സ് നേടിയ ജോ റൂട്ട് മാത്രമാണ് ഇംഗ്ലീഷ് നിരയിൽ രണ്ടാം ഇന്നിംഗ്സിൽ തിളങ്ങിയത്. ഇന്ത്യക്കെതിരേ റൂട്ടിന്റെ 21-ാം ടെസ്റ്റ് അർധസെഞ്ചുറിയാണ്. ഇതോടെ ഇന്ത്യക്കെതിരേ ടെസ്റ്റിൽ ഏറ്റവും കൂടുതൽ 50+ സ്കോർ എന്ന ഓസ്ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്തിന്റെ (20) റിക്കാർഡ് റൂട്ട് മറികടന്നു. ഓപ്പണർമാരായ സാക് ക്രൗളി (0), ബെൻ ഡക്കറ്റ് (2), ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (2), ബെൻ ഫോക്സ് (8), മാർക്ക് വുഡ് (0) എന്നിവർക്ക് രണ്ടക്കം കാണാൻ സാധിച്ചില്ല. ജോണി ബെയർസ്റ്റൊ 39 റണ്‍സ് നേടി. 14 ഓവറിൽ 77 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 195ൽ ഒതുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റിക്കാർഡുകൾ പലത് 101 ഇംഗ്ലണ്ട് x ഇന്ത്യ അഞ്ച് മത്സര ടെസ്റ്റ് പരന്പരയിൽ പിറന്നത് 101 സിക്സ്. ഇന്ത്യ 72ഉം ഇംഗ്ലണ്ട് 29ഉം സിക്സ് അഞ്ച് ടെസ്റ്റിലായി പറത്തി. ഒരു ടെസ്റ്റ് പരന്പരയിൽ സിക്സിൽ സെഞ്ചുറി പിറക്കുന്നത് ചരിത്രത്തിൽ ആദ്യം. 178-178 ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ ജയപരാജയ കണക്ക് തുല്യതയിൽ. ധരംശാല ടെസ്റ്റിൽ ജയിച്ചതോടെ ഇന്ത്യയുടെ ജയപരാജയ കണക്ക് 178-178 എന്നതാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ പോസിറ്റീവ് ജയപരാജയ കണക്കിൽ എത്തുന്നത്. ഓസ്ട്രേലിയ (1.780), ഇംഗ്ലണ്ട് (1.209), ദക്ഷിണാഫ്രിക്ക (1.105), പാക്കിസ്ഥാൻ (1.042) എന്നീ ടീമുകൾക്കൊപ്പം ഇന്ത്യയും (1.000) പോസിറ്റീവ് ജയപരാജയ കണക്കിൽ എത്തി. പ്ലെയർ ഓഫ് ദ സീരീസ് യശസ്വി ജയ്സ്വാൾ 712 റണ്‍സ് (100/50: 2/3) പ്ലെയർ ഓഫ് ദ മാച്ച് കുൽദീപ് യാദവ് 5/72, 30 & 2/40
Source link