ഒട്ടാവ: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കാനഡയിലെ ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ്‌സിങ് നിജ്ജറുടെ കൊലപാതക ദൃശ്യങ്ങൾ പുറത്തുവിട്ട് കനേഡിയൻ മാധ്യമം. നിജ്ജറിന്റെ കൊലപാതകം നടന്ന് എട്ടു മാസങ്ങൾക്കുശേഷമാണ് സിബിസി ന്യൂസ് കൊലപാതകത്തിന്റെ വീഡിയോ പുറത്തുവിടുന്നത്. പാർക്കിങ് ഏരിയയിൽ നിന്നും ചാര നിറത്തിലുള്ള ട്രക്കിൽ കയറി നിജ്ജർ പുറത്തേക്കുപോകുന്നതാണ് വീഡിയോയിലുള്ളത്. വാഹനം റോഡിലേക്ക് പ്രവേശിക്കുന്നതിനുമുൻപ് വെള്ള നിറത്തിലുള്ള ഒരു കാർ ട്രക്കിനുമുന്നിലേക്ക് വരുന്നു. പിന്നീട് ഈ കാർ ട്രക്കിനു കുറുകെ നിർത്തുന്നതും രണ്ടുപേർ ഇറങ്ങിവന്ന് ട്രക്കിനുള്ളിലേക്ക് വെടിയുതിർക്കുന്നതുമാണ് വീഡിയോയിലുള്ളത്. നിജ്ജറിന്റെ വധത്തിൽ റോയൽ കനേഡിയൻ മൗണ്ട് പോലീസ് ഇതുവരെ ആരേയും അറസ്റ്റുചെയ്തിട്ടില്ലെന്നും സിബിസി ന്യൂസ് റിപ്പോർട്ടുചെയ്തു. 2023 ജൂൺ 18-നായിരുന്നു കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയായ സറീയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് നിജ്ജർ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുകളാണെന്ന് വിശ്വസനീയമായ വിവരം കിട്ടിയെന്ന് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തു.
Source link