മലയാള സിനിമാ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദോഹയിൽ നടക്കേണ്ടിയിരുന്ന മോളിവുഡ് മാജിക് എന്ന താരനിശ റദ്ദാക്കിയതിനു പിന്നിൽ സ്പോൺസർമാരുടെ പിടിപ്പുകേട്. പരിപാടി നടക്കേണ്ട സ്റ്റേഡിയത്തിന്റെ വാടക പോലും സ്പോൺസർമാർ പൂർണമായി നൽകിയിരുന്നില്ല. ഷോ നടക്കുന്നതിനു ഏതാനും മണിക്കൂറുകൾക്കു മുൻപ് വേദിയുടെ അധികൃതർ സ്റ്റേഡിയം പൂട്ടിയതോടെയാണ് നിർമാതാക്കളും താരങ്ങളും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. ഷോ നടത്തുന്നതിനായി ഖത്തർ ഭരണകൂടത്തിന്റെ അനുമതിയും സ്പോൺസര്‍മാർ നേടിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
വാടക നൽകിയില്ല, സ്റ്റേഡിയം പൂട്ടി
നാലായിരത്തോളം ടിക്കറ്റുകളാണ് ഷോയുടേതായി വിറ്റു പോയത്. സ്റ്റേഡിയത്തിനുള്ള പണം നൽകാതിരുന്നതിനാൽ അവിടെ പാർക്കിങ് അനുവദിച്ചിരുന്നില്ല. കാണികളിൽ പലരും കിലോമീറ്ററുകൾ അകലെ വണ്ടി പാർക്ക് ചെയ്ത ശേഷമാണ് വേദിക്കരികിലെത്തിയത്. ആളുകൾ തടിച്ചുകൂടിയതോടെ അവിടെയും കാര്യങ്ങൾ സങ്കീർണമായി. സ്റ്റേജ്, ശബ്ദ–ലൈറ്റ് സംവിധാനങ്ങൾ എന്നിവ ഒരുക്കിയെങ്കിലും സ്റ്റേഡിയത്തിന്റെ വാടക പൂർണമായി കൊടുക്കാത്തതിനാൽ അധികൃതർ ഗേറ്റ് പൂട്ടി പോകുകയായിരുന്നു. പ്രശ്നം ഗുരുതരമാകും മുൻപ് നിർമാതാക്കൾക്കും താരങ്ങൾക്കും ഷോ റദ്ദാക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ടിക്കറ്റ് എടുത്തവർക്ക് പണം തിരിച്ചു നൽകുമെന്ന് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ‘91’ ഉറപ്പുനൽകിയതോടെ കാണികളിൽ നിന്നു വലിയ പ്രതിഷേധം ഉണ്ടായില്ല. പൊലീസ് എത്തിയാണ് കാണികളെ പിരിച്ചുവിട്ടത്.
താരങ്ങളുടെ തിരിച്ചുള്ള വിമാനടിക്കറ്റും റദ്ദാക്കി
സ്പോൺസർമാര്‍ തമ്മിലുള്ള സാമ്പത്തിക പ്രശ്നമാണ് ഇത്രയും വലിയ പ്രതിസന്ധികളിലേക്കു വഴിവച്ചത്. നൂറോളം താരങ്ങളുടെ തിരിച്ചുള്ള വിമാനടിക്കറ്റും സ്പോൺസർമാർ പണം കൊടുക്കാതിരുന്നതിനാൽ ട്രാവൽ ഏജന്‍സികൾ റദ്ദ് ചെയ്യുകയുണ്ടായി. തുടർന്ന് നിർമാതാക്കളാണ് പണം മുടക്കി താരങ്ങളെ തിരിച്ചുനാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ടിക്കറ്റുകളുടെ ദൗർലഭ്യവും ഇരട്ടി നിരക്കും മൂലം പലരും ദിവസങ്ങൾക്കു ശേഷമാകും ദോഹയിൽ നിന്നു മടങ്ങുക.
നഷ്ടം നികത്താൻ സിനിമ
കോടികളുടെ നഷ്ടമാണ് ഷോ റദ്ദാക്കിയതു മൂലം ഉണ്ടായത്. ഏതാണ്ട് പത്ത് കോടിയോളം രൂപ പരിശീലനത്തിനും യാത്രയ്ക്കും താമസത്തിനുമായി മാത്രം ചെലവായിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനു വേണ്ടി ധനശേഖരണാർഥം താര സംഘടനയായ ‘അമ്മ’യുമായി ചേർന്നു നടത്താനിരുന്ന പരിപാടിയായിരുന്നു മോളിവുഡ് മാജിക്. പരിപാടി പൊളിഞ്ഞതോടെ നിർമാതാക്കൾക്കു വേണ്ടി ‘അമ്മ’ സംഘടന ഒരു സിനിമ ചെയ്യാമെന്നു ധാരണയായിട്ടുണ്ട്. ‘അമ്മ’യും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് സിനിമ ചെയ്യാമെന്ന ധാരണ നേരത്തെ ഉണ്ടെങ്കിലും ഈ സംഭവത്തോടെ പ്രോജക്ട് ഉടൻ ആരംഭിക്കാനുള്ള സാധ്യത വർധിച്ചു.
താരങ്ങൾ സ്റ്റേഡിയത്തിലേക്ക് എത്തുന്നതിന് തൊട്ടുമുൻപ് റദ്ദാക്കൽ
മോഹൻലാൽ, മമ്മൂട്ടി, ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അർജുൻ അശോകൻ, ഇന്ദ്രജിത്, നിഖില വിമൽ, ഹണി റോസ്, മല്ലിക സുകുമാരൻ, ശ്വേതാ മേനോൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി ഉൾപ്പെടെയുള്ള നൂറ്റിഇരുപതോളം താരങ്ങൾ റിഹേഴ്സലിനു വേണ്ടി ദിവസങ്ങളാണു ചെലവഴിച്ചത്. ആഴ്ചകൾക്കു മുമ്പ് കൊച്ചിയിൽ പരിശീലനവും ആരംഭിച്ചു. താരങ്ങൾ എല്ലാവരും രണ്ട് ദിവസം മുമ്പ് തന്നെ ഖത്തറിൽ എത്തിയിരുന്നു. ഇവരുടെ വിമാന ടിക്കറ്റ് ഭക്ഷണം, താമസം, സമയം എന്നിവ ഉൾപ്പടെയുളള ചിലവുകളെല്ലാം വെറുതെയായി. റിഹേഴ്സൽ പൂർത്തിയാക്കി താരങ്ങൾ സ്റ്റേഡിയത്തിലേക്കു തിരിക്കുന്നതിനു തൊട്ടുമുൻപാണ് പരിപാടി റദ്ദാക്കുന്നതായി അറിയിപ്പ് എത്തുന്നത്.
ഷോ നിർത്തിവയ്ക്കുന്നത് രണ്ടാം തവണ
നാദിർഷ, ഇടവേള ബാബു, എം. രഞ്ജിത് എന്നിവരായിരുന്നു ഷോ ഡയറക്ടർമാർ. ഇതു രണ്ടാം തവണയാണ് ഷോ നിർത്തിവയ്ക്കുന്നത്. കഴിഞ്ഞ നവംബർ 17നായിരുന്നു ഷോ ആദ്യം നിശ്ചയിച്ചിരുന്നത്. ദോഹയിലെ നയൻ സെവൻ ഫോർ ആയിരുന്നു വേദി. എന്നാൽ പലസ്തീൻ–ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ഗവൺമെന്റ് ഷോ നിർത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അതിനു ശേഷം നിർമാതാക്കളുടെ സംഘടനയുടെ നേതൃത്വത്തിൽ ‘അമ്മ’യുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മാർച്ച് ഏഴ് എന്ന തിയതിയിലെത്തുന്നത്. ഇരുന്നൂറോളം താരങ്ങൾ മാർച്ച് 5,6 തിയതികളിലായി ഖത്തറിലെത്തിയിരുന്നു.
എമ്പുരാന്റെ മൂന്നാം ഷെഡ്യൂൾ പൂർത്തിയാക്കി അമേരിക്കയിൽ നിന്നാണ് മോഹൻലാല്‍ എത്തിയത്. തിരക്കേറിയ പല പരിപാടികളും മാറ്റിവച്ചായിരുന്നു മോഹൻലാലിന്റെ വരവ്. മാറ്റിവയ്ക്കാനാകാത്ത ചിത്രീകരണത്തിരക്കുണ്ടായതുകൊണ്ടു മാത്രമാണ് പൃഥ്വിരാജ് എത്താതിരുന്നത്. വിദേശയാത്രയിലായിരുന്ന മമ്മൂട്ടിയും ഏഴിനു രാവിലെ ഖത്തറിലെത്തി. മിനിറ്റുകൾക്കുപോലും ലക്ഷങ്ങളും കോടികളും വിലയുള്ള സൂപ്പർതാരങ്ങൾ അടക്കമുള്ള നൂറോളം താരങ്ങളാണ് നിരാശരായി ഇപ്പോൾ നാട്ടിലേക്കു മടങ്ങുന്നത്. നാട്ടിലെത്തിയാൽ സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനാകും നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം.
Source link