‘മഞ്ഞുമ്മൽ ബോയ്സി’നെ വിമർശിച്ചു സംസാരിച്ച യുവനടി മേഘന എല്ലെനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം. മേഘനയുടെ ‘അരിമാപ്പട്ടി ശക്തിവേൽ’ എന്ന തമിഴ് ചിത്രം കഴിഞ്ഞ ദിവസം റിലീസിനെത്തിയിരുന്നു. സിനിമ കണ്ട ശേഷം തിയറ്റർ വിട്ടിറങ്ങിയപ്പോഴായിരുന്നു മേഘ്നയുടെ പ്രതികരണം. താനൊരു മലയാളി ആണെന്ന് പറഞ്ഞ് കൊണ്ടാണ് ഇവർ സംസാരിച്ച് തുടങ്ങുന്നത്. കേരളത്തിൽ മഞ്ഞുമ്മൽ ബോയ്സ് ഇത്ര ചർച്ചയാകുന്നില്ലെന്നും തമിഴ്നാട്ടിൽ എന്തുകൊണ്ടാണ് ഈ സിനിമ ഇങ്ങനെ ആഘോഷിക്കുന്നതെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്നും നടി പറയുകയുണ്ടായി.
What? #ManjummelBoys Worth illaya? Not satisfying? Dear lady, You won’t get audience by degrading another movie. If your movie is good then audience will come to watch it. Good to see the Director understood the stupidity she made and corrected on the spot pic.twitter.com/vvrFq1gIbY— 𝗕𝗥𝗨𝗧𝗨 (@Brutu24) March 8, 2024
‘‘നിങ്ങൾ പറയുന്ന ആ ചെറിയ സിനിമ മഞ്ഞുമ്മൽ ബോയ്സ് അല്ലേ. തുറന്നു പറയാം, ഞാനൊരു മലയാളിയാണ്. കേരളത്തിൽ മഞ്ഞുമ്മൽ ബോയ്സിന് ഇത്രത്തോളം പ്രതികരണം ഒന്നുമില്ല. എന്തുകൊണ്ട് തമിഴ്നാട്ടിൽ ഇങ്ങനെ ഈ സിനിമ ആഘോഷിക്കുന്നതെന്ന് മനസിലാകുന്നില്ല. വ്യത്യസ്തമായി എന്തെങ്കിലും കൊടുത്തോ എന്നും അറിയില്ല. ഞാൻ സിനിമ കണ്ട ആളാണ്. പക്ഷേ ഈ പറയുന്ന രീതിയിൽ തൃപ്തികരമല്ല അത്. അങ്ങനെ ഒന്നും കിട്ടിയുമില്ല.
ചെറിയ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് എപ്പോഴും നല്ലതാണ്. ഒരാളൊരു ഹെപ്പ് കൊടുത്താൽ വരുന്നവരെല്ലാം സിനിമയെ വെറുതെ പ്രശംസിക്കുകയാണ്. ഇത്രത്തോളം ഹൈപ്പ് കൊടുക്കാൻ അതിൽ എന്താണ് ഉള്ളതെന്നും മനസിലാകുന്നില്ല.
മഞ്ഞുമ്മല്‍ ബോയ്സ് പോലുള്ള ചെറിയ സിനിമകൾക്കു ലഭിക്കുന്ന പ്രോത്സാഹനം ഞങ്ങളുടെ സിനിമയ്ക്കും നൽകണം. ഇവിടെ മലയാള സിനിമകൾ വലിയ ആഘോഷമാക്കുന്നതുപോലെ കേരളത്തിൽ ആരും തമിഴ് പടങ്ങൾ ആഘോഷമാക്കുന്നില്ല. ചെറിയ സിനിമകൾ അവിടെ വരുന്നതും പോകുന്നതും അറിയുന്നില്ല. കേരളത്തിൽ ആകെ ഹിറ്റാകുന്നത് വിജയ് സിനിമകള്‍ മാത്രമാണ്. മറ്റൊരു തമിഴ് സിനിമയും അവിടെ കാണാൻ പോലും കിട്ടില്ല. എനിക്കു തന്നെ ഒരു തമിഴ് സിനിമ കാണണമെന്നുണ്ടെങ്കിൽ കേരളത്തിൽ നിന്നും കൊയമ്പത്തൂരു വന്നാകും കാണുക. അവർ തമിഴ് സിനിമകളെ അധികം പ്രോത്സാഹിപ്പിക്കുന്നില്ല. പിന്നെ എന്തിനാണ് ഇവിടെ ഇവർ മലയാള സിനിമകളെ ഇത്ര പ്രോത്സാഹിപ്പിക്കുന്നതെന്ന് എനിക്ക് അറിയില്ല.’’–ഇതായിരുന്നു മേഘനയുടെ വാക്കുകൾ.
അരിമാപ്പട്ടി ശക്തിവേലിന്റെ സംവിധായകനും ഇവർക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ മേഘനയുടെ പ്രതികരണത്തെ തിരുത്തി അപ്പോൾ തന്നെ സംവിധായകൻ രംഗത്തുവന്നു. മഞ്ഞുമ്മൽ ബോയ്സിൽ ഇമോഷൻസ് കണക്ട് ആകുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
വിഡിയോ വൈറലായതോടെ മലയാളികളും നടിക്കെതിരെ രംഗത്തെത്തി. സംവിധായകന് കാര്യം മനസിലായെന്നും ഇതുപോലെ മണ്ടത്തരം പറയുന്ന നടിമാരെ സിനിമയിൽ നിന്നും പുറത്താക്കണമെന്നൊക്കെയാണ് ട്രോളുകൾ. തുടർന്ന് ഈ നടി ആരെന്നായിരുന്നു കണ്ടെത്തുകയായിരുന്നു വിമർശകരുടെ ലക്ഷ്യം.
തമിഴിൽ ലോ ബജറ്റ് സിനിമകളിലൂടെ ശ്രദ്ധേയയാണ് മേഘന. 2017 റിലീസ് ചെയ്ത ഉരുതിക്കോൽ എന്ന ചിത്രത്തിലൂടെയാണ് മേഘ്ന വെള്ളിത്തിരയിൽ എത്തുന്നത്. ബൈരി, ഐപിസി 376 തുടങ്ങിയ സിനിമകളിലും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
അതേസമയം തമിഴ്നാട്ടിൽ 25 കോടി കലക്‌ഷനും മറികടന്ന് മഞ്ഞുമ്മൽ ബോയ് മുന്നേറുകയാണ്. കൊടൈക്കനാലിന്റെയും ഗുണാകേവിന്റെയുമൊക്കെ അതിര്‍ത്തി വിട്ട് ഇന്ന് തമിഴ്‌നാട് മുഴുവന്‍ ചുറ്റിക്കറങ്ങുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കൈവിടാതെ കൈചേര്‍ത്തു പിടിച്ചവര്‍ ഈ ബോയ്‌സിനെ രാജകീയമായി ആഘോഷമാക്കുകയാണ് എന്നതാണ് തമിഴ് സിനിമാലോകത്തെ ഏറ്റവും വലിയ വിശേഷം. പതിനൊന്നുദിവസം കൊണ്ട് തമിഴ്നാട്ടിൽ നിന്നും മാത്രം ചിത്രം വാരിയത് 15 കോടി രൂപയായിരുന്നു. മലയാള സിനിമയെ സംബന്ധിച്ചടത്തോളം ഇത് റെക്കോർഡ് ആണ്.
കമല്‍ഹാസനെയും കണ്‍മണി അന്‍പോടു കാതലന്‍ എന്ന പാട്ടിനെയുമൊക്കെ പ്രാണവായുവായി ചേര്‍ത്തു പിടിക്കുന്ന തമിഴ്മക്കള്‍ മലയാള സിനിമാ വേറെ ലെവല്‍ അണ്ണാ എന്ന് ഒരേ ശബ്ദത്തില്‍ പറഞ്ഞു കഴിഞ്ഞു. തമിഴ്‌സിനിമയുടെ ബോക്‌സ്ഓഫിസില്‍ ഇടിമുഴക്കമുണ്ടാക്കി കാശുവാരുന്നതില്‍ പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ സൗഹൃദചിത്രം. രസകരമായ ചില കഥകളും പുറത്തു വരുന്നുണ്ട്. കൊടൈക്കനാലില്‍ നിന്ന് ഗുണാകേവ് കാണാനെത്തുന്ന സഞ്ചാരികളുടെയും എണ്ണം വര്‍ധിച്ചിട്ടുണ്ട്.
സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ മാത്രം റിലീസ് ചെയ്ത ചിത്രമിന്ന് കൂടുതല്‍ തിയറ്ററുകളിലേക്ക് എത്തി കഴിഞ്ഞു. ഗുണാകേവും തമിഴ് പശ്ചാത്തലവുമൊക്കെ സിനിമയില്‍ എത്തിയതോടെ സാധാരണക്കാരും തിയറ്ററിലേക്ക് ഒഴുകിയെത്തി. ബുക്ക്‌മൈ ഷോയില്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ടിക്കറ്റുകള്‍ വിറ്റു പോകുന്നത്. കമല്‍സാറിനുള്ള മലയാളത്തിന്റെ ആദരവെന്നും ഒരു മലയാള സിനിമയ്ക്ക് തമിഴ് സിനിമ കാരണമാകുന്നത് തമിഴ് സിനിമയ്ക്ക് തന്നെയുള്ള ആദരവാണെന്നും പലരും വിധി എഴുതി കഴിഞ്ഞു. എന്തായാലും നിറഞ്ഞ കയ്യടികളോടെയാണ് സിനിമ കഴിഞ്ഞ് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടിറങ്ങുന്നത്.