ഓസീസ് പോരാട്ടം

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ ലീഡിനായി പൊരുതുന്നു. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് 162 റണ്‍സിൽ അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി അവസാനിക്കുന്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 124 റണ്‍സെന്ന നിലയിലാണ്. 38 റണ്‍സ് പിന്നിൽ. 38 റണ്‍സ് എടുത്ത ടോം ലാഥം ആണ് ന്യൂസിലൻഡിന്റെ ടോപ് സ്കോറർ. ഭേദപ്പെട്ട തുടക്കം ലഭിച്ച ശേഷമായിരുന്നു കിവീസിന്റെ കൂട്ടത്തകർച്ച. ആദ്യ വിക്കറ്റ് നഷ്ടമായത് 47 റണ്‍സിലായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്സൽവുഡാണ് ന്യൂസിലൻഡിനെ കടപുഴക്കിയത്.
തകർച്ചയോടെ തുടങ്ങിയ ഓസ്ട്രേലിയയെ 45 റണ്‍സുമായി മാർനസ് ലബൂഷെയ്ൻ കരകയറ്റുകയായിരുന്നു. ലബൂഷെയ്നിന് ഒപ്പം ഒരു റണ്ണുമായി നഥാൻ ലിയോൺ ആണ് ക്രീസിൽ. സ്റ്റീവ് സ്മിത് (11), ഉസ്മാൻ കവാജ (16) കാമറോണ്‍ ഗ്രീൻ (25), ട്രാവിസ് ഹെഡ് (21) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.
Source link