ദേവ്ദത്ത് പടിക്കൽ മൂന്നാമത് മലയാളി
ദേവ്ദത്ത് പടിക്കൽ, ഇന്ത്യക്കുവേണ്ടി രാജ്യാന്തര ടെസ്റ്റിൽ അരങ്ങേറുന്ന 314-ാമൻ. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്കുവേണ്ടിയാണ് ബാറ്റേന്തുന്നതെങ്കിലും ദേവ്ദത്ത് പടിക്കലിന്റെ വേരുകൾ മലപ്പുറം എടപ്പാളിലാണ്. എടപ്പാൾ സ്വദേശികളായ അന്പിളി പടിക്കലിന്റെയും ബാബു കുന്നത്തിന്റെയും മകൻ. ടിനു യോഹന്നാനും എസ്. ശ്രീശാന്തിനും ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിൽ എത്തുന്ന മൂന്നാമത് മലയാളിയാണ് ദേവ്ദത്ത് പടിക്കൽ എന്നു പറയാം. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ അരങ്ങേറിയ ദേവ്ദത്ത്, അരങ്ങേറ്റ ഇന്നിംഗ്സിൽ അർധസെഞ്ചുറിയുമായി തന്റെ വരവ് അറിയിച്ചു. 103 പന്തിൽ ഒരു സിക്സും 10 ഫോറും അടക്കം 65 റണ്‍സായിരുന്നു ദേവ്ദത്തിന്റെ സന്പാദ്യം. ഷൊയ്ബ് ബഷീറിന്റെ പന്തിൽ ബൗൾഡായാണ് പടിക്കൽ പുറത്തായത്. മാതാപിതാക്കൾ ഉറപ്പിച്ചു, ദേവ് ക്രിക്കറ്ററായി ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന അന്പിളി പടിക്കലും ബാബു കുന്നത്തും ദേവ്ദത്തിനെ ക്രിക്കറ്ററാക്കാൻ നേരത്തേ നിശ്ചയിച്ചുറപ്പിച്ചിരുന്നു. അതനുസരിച്ച് ഹൈദരാബാദിൽ ക്രിക്കറ്റ് പരിശീലനം നൽകി. എന്നാൽ, 11 വയസ് ആയിട്ടും ദേവ്ദത്തിന് ക്രിക്കറ്റിൽ കാര്യമായ ശ്രദ്ധ ലഭിക്കുന്നില്ലെന്ന് മനസിലാക്കിയ അന്പിളിയും ബാബുവും കുടുംബസമേതം ബംഗളൂരുവിലേക്ക് ചേക്കേറി. മകനെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റ് (കെഐഒസി) അക്കാദമിയിൽ ചേർക്കുക എന്ന ലക്ഷ്യമായിരുന്നു ആ മാറ്റത്തിന്റെ ഏക കാരണം.
കെഐഒസിയിലെ ആദ്യ എട്ട് ദിവസം പന്ത് എറിയാൻ മാത്രമാണ് കുഞ്ഞുദേവിന് അവസരം ലഭിച്ചത്. അതോടെ കണ്ണീരുമായി ദേവ് വീട്ടിലെത്തി. അങ്ങനെ അച്ഛനെയും കൂട്ടി ദേവ്ദത്ത് പിറ്റേദിവസം അക്കാദമിയിൽ. മകന്റെ ബാറ്റിംഗ് ഒന്ന് നോക്കാമോ എന്ന ബാബുവിന്റെ അഭ്യർഥന കോച്ച് മുഹമ്മദ് നസിറുദ്ദീൻ ചെവിക്കൊണ്ടു. തുടർന്ന് പടിപടിയായി ദേവ് എന്ന ബാറ്റർ വളർന്നു. ഒടുവിൽ ഇന്ത്യയുടെ ടെസ്റ്റ് താരവുമായി. 2024 സീസണ് ഫസ്റ്റ് ക്ലാസിൽ 83 ശരാശരിയിൽ 747 റണ്‍സാണ് കർണാടകയ്ക്കുവേണ്ടി ദേവ്ദത്ത് അടിച്ചെടുത്തത്. രഞ്ജി ട്രോഫിയിൽ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ തമിഴ്നാടിനെതിരേ നേടിയ 193 റണ്‍സ് ആണ് സീസണിലെ ഉയർന്ന സ്കോർ. ആറടി മൂന്നിഞ്ച് ഉയരമുള്ള ഈ ഇടംകൈ ബാറ്റർ ഇന്ത്യക്കായി രണ്ട് ട്വന്റി-20 കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസിൽ 31 മത്സരങ്ങളിലെ 53 ഇന്നിംഗ്സിൽനിന്ന് ആറ് സെഞ്ചുറിയും 12 അർധസെഞ്ചുറിയും ഉൾപ്പെടെ 2227ഉം ലിസ്റ്റ് എയിൽ എട്ട് സെഞ്ചുറിയും 11 അർധസെഞ്ചുറിയും ഉൾപ്പെടെ 1875ഉം റണ്‍സുണ്ട്.
Source link