മഹാശിവരാത്രി ദിവസം നമഃശിവായ മന്ത്രം ഉരുവിട്ട് ഉപവാസം
മഹാശിവരാത്രി ദിവസം നമഃശിവായ മന്ത്രം ഉരുവിട്ട് ഉപവാസം – Mahashivratri fasting rules
മഹാശിവരാത്രി ദിവസം നമഃശിവായ മന്ത്രം ഉരുവിട്ട് ഉപവാസം
വെബ്‍ ഡെസ്ക്
Published: March 08 , 2024 11:26 AM IST
2 minute Read
ഉള്ളിലുള്ള ശിവമമായ തേജസിനെ ഉണർത്താനുള്ള മന്ത്രമാണ് ‘നമ: ശിവായ’ എന്നത്
മഹാശിവരാത്രി ദിവസം നമശിവായ മന്ത്രം ഉരുവിട്ട് ഉപവാസം അനുഷ്ഠിക്കുന്നത് വഴി മനസും ശരീരവും പവിത്രീകരിക്കപ്പെടും
Image Credit: Maniraja/Istock
മഹാശിവരാത്രി വ്രതത്തിന് പിന്നിൽ മഹാവിഷ്ണുവും ബ്രഹ്മാവും തമ്മിലുണ്ടായ ഒരു തർക്കത്തിന്റെ കഥയുണ്ട്. വിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ജൻമമെടുത്ത ബ്രഹ്മാവ് വിഷ്ണുവിനോട് നീ ആരാണെന്ന് ചോദിച്ചു. ‘നിന്റെ പിതാവായ വിഷ്ണു’ എന്ന് മഹാവിഷ്ണു ഉത്തരം നൽകി. പക്ഷേ ഇത് വിശ്വസിക്കാൻ ബ്രഹ്മാവ് തയ്യാറായില്ല. ഇരുവരും തമ്മിൽ യുദ്ധം ആരംഭിച്ചു. അതിശക്തരായതിനാൽ ജയവും പരാജയവുമില്ലാതെ അത് നീണ്ടുപോയി. അവസാനം ഇരുവർക്കും മധ്യേ ഒരു ശിവലിംഗം (അനലസ്തംഭം എന്നും ചിലയിടങ്ങളിൽ പരാമർശിക്കുന്നു) പ്രത്യക്ഷപ്പെട്ടു. രണ്ടുപേരും രണ്ട് ദിശയിലേക്ക് സഞ്ചരിച്ച് ഇതിൻറെ മുകളറ്റവും താഴറ്റവും കണ്ടുപിടിച്ച് വരുക എന്ന് ഒരു അശരീരി കേട്ടതനുസരിച്ച് ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു.
ഏറെനേരം യാത്രചെയ്ത് തളർന്നതല്ലാതെ ഇരുവർക്കും ആ ശിവലിംഗത്തിന്റെ തുടക്കവും ഒടുക്കവും കണ്ടെത്താനായില്ല. ഒടുവിൽ സാക്ഷാത് പരമശിവൻ പ്രത്യക്ഷപ്പെട്ട് ഇരുവരുടെയും അഹങ്കാരത്തെ തീർത്തുകൊടുത്തതായാണ് ശിവപുരാണത്തിൽ പ്രതിപാദിക്കുന്നത്. പരമേശ്വരൻ പ്രത്യക്ഷപ്പെട്ട മാഘമാസത്തിലെ കറുത്ത പക്ഷം ചതുര്‍ദശി രാത്രിയിൽ ശിവപൂജയും ഭജനയുമായി ദേവൻമാർ അദ്ദേഹത്തെ ആരാധിച്ചു. പിന്നീട് എല്ലാവർഷവും ആ രാത്രി ശിവരാത്രിയായി ആചരിക്കപ്പെടുകയും ചെയ്തു എന്നാണ് ഒരു കഥ. ശിവപുരാണത്തിലെ ശിവതത്വചിന്തകൾ വിവരിക്കുന്ന കോടിരുദ്രസംഹിതയിലാണ് ശിവരാത്രിവ്രതത്തെക്കുറിച്ച് പറയുന്നത്.
ഞാനാണ് കേമൻ എന്ന അഹങ്കാരത്തിൽ നിന്നുണ്ടായ ഒരു തർക്കം യുദ്ധമാകുകയും അന്തമില്ലാതെ അത് തുടരുകയും ചെയ്തപ്പോൾ സാക്ഷാത് മഹേശ്വരന്റെ ഇടപെടൽ വേണ്ടിവരുന്നതാണ് ഇവിടെ കണ്ടത്. നിസ്സാരക്കാരല്ല, സൃഷ്ടിയുടെയും സ്ഥിതിയുടെയും ദേവൻമാർ തന്നെയാണ് ക്ഷണനേരത്തേക്കെങ്കിലും അഹന്തയിലേക്ക് കൂപ്പുകുത്തി പരസ്പരം പോരടിച്ചത്. തന്റെ ബോധ്യത്തിന് അപ്പുറം ചില ബോധ്യങ്ങളുണ്ടെന്നും അനുഭവങ്ങൾക്ക് അപ്പുറം ചില അനുഭവമണ്ഡലങ്ങളുണ്ടെന്നുമുള്ള ഓർമപ്പെടുത്തലായി ശിവരാത്രിയെ സ്വീകരിക്കാം. ശിവനെ വിശ്വസിക്കുക എന്നാൽ സ്വന്തം പ്രാണനെതന്നെ വിശ്വസിക്കുക എന്നതാണ്.
ഉള്ളിലുള്ള ശിവമമായ തേജസിനെ ഉണർത്താനുള്ള മന്ത്രമാണ് ‘നമ: ശിവായ’ എന്നത്. മഹാശിവരാത്രി ദിവസം നമശിവായ മന്ത്രം ഉരുവിട്ട് ഉപവാസം അനുഷ്ഠിക്കുന്നത് വഴി മനസും ശരീരവും പവിത്രീകരിക്കപ്പെടും. മൂക്കറ്റം ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങുന്ന പതിവ് രാത്രികളിൽ നിന്ന് വ്യത്യസ്തമായി ശിവമന്ത്രം ജപിച്ച് ജഡാവസ്ഥയിലായ ശരീരത്തെ ഉണർത്തി ജീവചൈതന്യത്തെ സ്മരിക്കുന്ന രാത്രിയായി ശിവരാത്രിയെ സ്വീകരിക്കണം.
ശിവരാത്രിയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം പാലാഴി മഥനം നടത്തിയപ്പോള്‍ ഉണ്ടായ കാളകൂടവിഷവുമായി ബന്ധപ്പെട്ടതാണ്. ലോകരക്ഷാർത്ഥം ആ കൊടുംവിഷം മുഴുവൻ പരമേശ്വരൻ പാനം ചെയ്തെന്നും ഭഗവാന് വേണ്ടി പാർവതീ ദേവിയും മറ്റ് ദേവൻമാരും രാത്രി മുഴുവൻ ഉറക്കമിളച്ച് പ്രാർഥിച്ചിരുന്നെന്നുമാണ് കഥ. ആ രാത്രിയുടെ ഓർമയിൽ മഹാശിവരാത്രി ആചരിക്കുമ്പോൾ അതിന് ലഭിക്കുന്ന മാനം വളരെ വലുതാണ്. ലോകത്തെ ഇല്ലാതാക്കാൻ വീര്യമുള്ള വിഷത്തെ എവിടെയും പതിക്കാതെ ഏറ്റെടുത്ത് വിഴുങ്ങിയ മഹാമനസ്സിന് മുന്നിലുള്ള സമർപ്പണമായാണ് ഇവിടെ ശിവരാത്രി മാറുന്നത്. ആ മഹാത്യാഗത്തിന്റെ ഓർമയിൽ അന്നുവരെയുള്ള പതിവുകളിൽ നിന്ന് മാറി ചെറിയ ചില ത്യാഗങ്ങളിലേക്ക് കടക്കാൻ മനുഷ്യൻ മനസ്സ് കാണിക്കുകയാണ്.
അതുവരെയുണ്ടായിരുന്ന പതിവുകളിൽ നിന്ന് മാറി ഇരുപത്തിനാല് മണിക്കൂർ ഉറക്കം തൃജിച്ച്, ഇരുപത്തിനാലു മണിക്കൂർ ഭക്ഷണം ഉപേക്ഷിച്ചോ അൽപ്പമാത്രം കഴിച്ചോ, മൺമറഞ്ഞുപോയ പിതൃക്കളെ സ്മരിച്ച് മറ്റ് ചിന്തകളെ ഒഴിവാക്കി നമശിവായ എന്നുച്ചരിച്ച് രാത്രിയെ ശിവരാത്രിയാക്കാം. ഭക്തിയും വിശ്വാസവും മാറ്റിവച്ചാൽപ്പോലും ഈ ഉപേക്ഷിക്കലിന്റെ പാത തനിക്ക് ഇണങ്ങുമോ എന്ന് സ്വയം പരിശോധിക്കാനും ശിവരാത്രി പ്രയോജനപ്പെടുത്താം.
English Summary:
Mahashivratri fasting rules
36ofjo998fe3338obt5odlui95 7os2b6vp2m6ij0ejr42qn6n2kh-2024 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-shivarathri mo-religion-mahashivratri 7dhnhqmapjellb30obara86s2u 30fc1d2hfjh5vdns5f4k730mkn-list 6jhda8vtrsss5hdgqp5cfhc510 dlpv1o9pg79o1v42mq915fr73 30fc1d2hfjh5vdns5f4k730mkn-2024 7os2b6vp2m6ij0ejr42qn6n2kh-2024-03-08 mo-religion-lordshiva 30fc1d2hfjh5vdns5f4k730mkn-2024-03-08 30fc1d2hfjh5vdns5f4k730mkn-2024-03 7os2b6vp2m6ij0ejr42qn6n2kh-2024-03
Source link