എന്തുകൊണ്ട് സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ കൂടുതലായി സംഭവിക്കുന്നില്ല?
ഇന്ത്യന്‍ സിനിമയില്‍ ആകമാനമുളള ഒരു പ്രവണത സിനിമകള്‍ നായക കേന്ദ്രീകൃതമാവണം എന്നതാണ്. നായകന്റെ പേരിലാണ് സിനിമയുടെ തിയറ്റര്‍ ബിസിനസും ഇനീഷ്യല്‍ കലക്‌ഷനും സാറ്റലൈറ്റ്-ഒടിടി.-ഓവര്‍സീസ്- ഡബ്ബിങ് റൈറ്റ്സ് ബിസിനസുമെല്ലാം പോകുന്നത്. ഇത് ആരെങ്കിലും ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത സ്ത്രീവിരുദ്ധതയൊന്നുമല്ല. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന കീഴ്‌വഴക്കമാണിത്. ഇതിന്റെ അടിസ്ഥാനകാരണം പരിശോധിച്ചാല്‍ ഹീറോ വര്‍ഷിപ്പ് എന്നത് ഭാരതീയ മനസിന്റെ അടിത്തട്ടില്‍ ആഴ്ന്നിറങ്ങിയ ഒന്നാണെന്ന് കാണാന്‍ കഴിയും. നമ്മുടെ പുരാണകഥകള്‍ അടക്കം നായക കേന്ദ്രീകൃതവും വീരാരാധനയ്ക്കു മുന്‍തൂക്കം നല്‍കുന്നവയുമാണ്. സ്വാഭാവികമായും സിനിമ പോലെ ഒരു ജനകീയ ദൃശ്യകലാമാധ്യമത്തില്‍ നായകനു പ്രാധാന്യമേറുകയും വീരപരിവേഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നത് സ്വാഭാവികം. ഏതെങ്കിലും ഒരു നായിക അഭിനയിക്കുന്നു എന്നതിന്റെ പേരില്‍ തിയറ്ററുകളിലെത്തുന്ന കാണികളുടെ എണ്ണം തുലോം വിരളമാണ്. അതേ സമയം സിനിമയുടെ ഇനീഷ്യല്‍ കലക്‌ഷന്‍ ഏറെക്കുറെ പൂര്‍ണമായും പുരുഷതാരങ്ങളെ കേന്ദ്രീകരിച്ചാണ്.
ഇതിനിടയിലൂടെ തിരക്കഥാകൃത്തുക്കളും സംവിധായകരും എത്ര മനസ്സു വച്ചാലും സ്ത്രീപ്രാധാന്യമുളള സിനിമകള്‍ നിർമിക്കാന്‍ സിനിമയ്ക്ക് പണം മുടക്കുന്നവര്‍ അനുകൂലിച്ചെന്ന് വരില്ല. സ്ത്രീകേന്ദ്രീകൃത സിനിമകള്‍ കുറയാനുളള ഒരു പ്രധാനകാരണം ഇതാണെങ്കിലും ഈ പ്രതിസന്ധിക്കിടയിലൂടെ എണ്ണത്തില്‍ കുറവെങ്കിലും അത്തരം സിനിമകള്‍ സംഭവിക്കുകയും അതൊക്കെ തന്നെ വിപണന വിജയം നേടുകയും ചെയ്തു എന്നതും വസ്തുതയാണ്. അഥവാ ഒരു ദൗത്യം എന്ന നിലയില്‍ സംവിധായകര്‍ ബോധപൂര്‍വം ഒരു സ്ത്രീപ്രാധാന്യമുളള സിനിമ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ തന്നെ അതിന്റെ ബിസിനസ് സാധ്യത കണക്കിലെടുത്ത് കുറഞ്ഞപക്ഷം ഗസ്റ്റ്‌റോളിലെങ്കിലും വിപണനമൂല്യമുളള ഒരു നായകനെക്കൂടി ഉള്‍പ്പെടുത്തേണ്ടതായി വരും.
Read more at: കൂട്ടുകാരനെ നായകനാക്കണമെന്ന് സംവിധായകൻ; മടിച്ച് നിർമാതാക്കൾ; ആ സിനിമയ്ക്കു സംഭവിച്ചത് എന്നാല്‍ അത്തരം ശ്രമങ്ങള്‍ക്കു പോലും ഈ ഗണത്തിലുളള സിനിമകളെ രക്ഷിച്ചെടുക്കാന്‍ സാധിക്കാതെ പോയ അനുഭവങ്ങളുമുണ്ട്. ടി.എ.റസാക്കിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലത്തില്‍ കാവ്യാ മാധവനും മീര ജാസ്മിനും അഭിനയിച്ച കഥാപാത്രങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. അതിലെ നായകസ്ഥാനത്ത് വന്ന ദിലീപിന്റെ കഥാപാത്രത്തിന് വാസ്തവത്തില്‍ കാര്യമായ പ്രാധാന്യമുണ്ടായിരുന്നില്ലെങ്കിലും സിനിമ യാഥാർഥ്യമാകാന്‍ ദിലീപിനെ പോലെ അന്ന് മാര്‍ക്കറ്റ് വാല്യൂ ഉളള ഒരു താരം അനിവാര്യമായിരുന്നു. വാസ്തവത്തില്‍ ലക്ഷണമൊത്ത സിനിമയായിരുന്നിട്ട് കൂടി പെരുമഴക്കാലം തിയറ്ററുകളില്‍ വിജയമായില്ല. അതേസമയം മികച്ച സിനിമ എന്ന അഭിപ്രായം നേടുകയും ചെയ്തു.
എന്നാല്‍ അതിൽ നിന്നു വ്യത്യസ്തമായിരുന്നു മഞ്ജു വാര്യരുടെ രണ്ടാം വരവിന് വഴിയൊരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രം. സിനിമ പൂര്‍ണമായും സ്ത്രീകേന്ദ്രീകൃതമായിരുന്നു. ചിത്രത്തില്‍ മഞ്ജുവിന്റെ ഭര്‍ത്തൃവേഷത്തില്‍ പ്രത്യക്ഷപ്പെട്ട കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന് താരതമ്യേന പ്രാധാന്യം കുറവായിരുന്നിട്ടും ആ സിനിമയ്ക്ക് കൂടുതല്‍ തീയറ്ററുകള്‍ ലഭിച്ചു. ഉദ്ദേശിക്കുന്ന തലത്തില്‍ വിപണനം ചെയ്യാനും കഴിഞ്ഞു. മഞ്ജു വാര്യര്‍ പിന്നീട് നായകതുല്യമായ മാര്‍ക്കറ്റ് ഉളള താരമായെന്ന് മാധ്യമങ്ങള്‍ എഴുതുകയും ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് അവരെ വിശേഷിപ്പിക്കുകയും ചെയ്‌തു.
സാറ്റലൈറ്റ് വാല്യു ഇല്ലാത്ത നായകനടന്‍മാരെ അണിനിരത്തി സ്ത്രീകള്‍ക്ക് മുന്‍തൂക്കമുളള സിനിമകള്‍ നിർമിക്കാന്‍ ഇന്ന് ആരും ധൈര്യപ്പെടുന്നില്ലെന്ന് ചുരുക്കം.ഇനി അതിന് തുനിഞ്ഞാലും തിരിച്ചടികള്‍ നേരിടുന്നതായാണ് അനുഭവം തെളിയിക്കുന്നത്. ഇത്തരം പ്രതികൂലസാഹചര്യത്തിലും ബ്ലോക്ക് ബസ്റ്റര്‍ ഗണത്തിലേക്ക് എത്തിപ്പെട്ട ഒരു സമീപകാല സിനിമയാണ് ജയ് ജയ് ഹേ.
ബേസില്‍ ജോസഫ് വിപണനമൂല്യമുളള നായകനായി വളരുന്നതിന് മുന്‍പ് അദ്ദേഹത്തെ നായകനാക്കിയും ബേസിലിന്റെ കഥാപാത്രത്തേക്കാള്‍ മുന്‍തൂക്കമുളള ഒരു സ്ത്രീകഥാപാത്രത്തിന് പ്രാധാന്യം നല്‍കിയും ഒരുക്കപ്പെട്ട ജയ് ജയ് ഹേയില്‍ ദര്‍ശനയായിരുന്നു നായിക. ചെറിയ ബജറ്റില്‍ ഒരുക്കിയ സിനിമ 50 കോടിയിലധികം തിയറ്ററുകളില്‍ നിന്ന് മാത്രം നേടി. അപ്പോള്‍ ജനത്തെ പിടിച്ചെടുക്കുന്ന സിനിമകള്‍ വന്നാല്‍ സ്ത്രീകേന്ദ്രീകൃതമായാലും വിജയിക്കും എന്നതിന്റെ ഉത്തമദൃഷ്ടാന്തമായിരുന്നു ജയ് ജയ് ഹേ.
ചരിത്രത്തില്‍ ഇടംപിടിച്ച സ്ത്രീപക്ഷ സിനിമകള്‍
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്‌മേക്കര്‍മാരിലൊരാളായ ഫാസില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ മാജിക്ക് നിരന്തരം ആവര്‍ത്തിക്കുകയുണ്ടായി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയില്‍ ബേബി ശാലിനിയും സംഗീതാ നായിക്കുമായിരുന്നു മുഖ്യവേഷങ്ങളില്‍. ഇനീഷ്യല്‍ കലക്‌ഷനു വേണ്ടി അദ്ദേഹം അന്നത്തെ സൂപ്പര്‍താരങ്ങളെ ഒന്നും ആശ്രയിച്ചില്ല. പകരം ഭരത് ഗോപി എന്ന ക്രൗഡ്പുളളറല്ലാത്ത മികച്ച സ്വഭാവനടനെയും അന്നോളം വില്ലന്‍വേഷങ്ങള്‍ മാത്രം ചെയ്തു വന്ന മോഹന്‍ലാല്‍ എന്ന താരതമ്യേന നവാഗതനെയും നായകവേഷത്തില്‍ അണിനിരത്തി. സ്ത്രീകഥാപാത്രങ്ങള്‍ക്ക് മുന്‍തൂക്കമുളള ആ സിനിമ ഒരു വര്‍ഷം നിര്‍ത്താതെ തിയറ്ററുകളില്‍ പ്രവേശിപ്പിച്ചു.
നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ഫാസില്‍ ചിത്രവും കുഞ്ഞന്നാമ്മ, ഗേളി (യഥാക്രമം പത്മിനിയും നദിയാമൊയ്തുവും അവതരിപ്പിച്ചു) എന്നീ കഥാപാത്രങ്ങളിലുടെ സഞ്ചരിക്കുന്ന സിനിമയായിരുന്നു. അതില്‍ പേരിന് നായകനായെത്തിയ മോഹന്‍ലാല്‍ ആവട്ടെ ആ സിനിമയത്ത് തിയറ്ററുകളില്‍ ആളെ നിറയ്ക്കുന്ന താരം എന്ന തലത്തിലേക്ക് എത്തിയിട്ടുമില്ല.
എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിൽ നിന്നും
സുരേഷ്‌ഗോപിക്ക് സൂപ്പര്‍താരപരിവേഷം ലഭിക്കും മുന്‍പ് അദ്ദേഹത്തെ നായകനാക്കി ഫാസില്‍ ഒരുക്കിയ എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയില്‍ അമല അവതരിപ്പിച്ച മായാവിനോദിനി എന്ന കഥാപാത്രത്തിനായിരുന്നു സര്‍വപ്രാധാന്യം. തൊട്ടടുത്ത സ്ഥാനം മായയുടെ അമ്മയായി വന്ന ശ്രീവിദ്യയുടെ കഥാപാത്രത്തിനും. സുരേഷ്‌ഗോപി ചിത്രത്തില്‍ പേരിന് മാത്രമുളള നായകനാണ്. എന്നിട്ടും രണ്ട് സ്ത്രീകള്‍ നയിച്ച ഈ ഫാസില്‍ ചിത്രവും മെഗാഹിറ്റായി.
തിയറ്ററുകള്‍ ഉത്സവപ്പറമ്പുകളാക്കാന്‍ ശേഷിയുളള നായകനടനായിരുന്നില്ല ഒരു കാലത്തും മുരളി. മികച്ച അഭിനേതാവ് എന്ന പരിവേഷം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ട്. മുരളിയെ നായകനാക്കി സിബി മലയില്‍ ഒരുക്കിയ ആകാശദൂത് എന്ന സിനിമയുടെ ഇന്ധനം പക്ഷേ മാധവി എന്ന നടിയായിരുന്നു. സ്ത്രീകഥാപാത്രത്തെ മുന്നില്‍ നിര്‍ത്തി ഡെന്നീസ് ജോസഫ് തയാറാക്കിയ തിരക്കഥ ഹൃദയാവര്‍ജ്ജകമായ അനുഭവമാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഗണനീയമായ സംഭാവന നല്‍കി മാധവി എന്ന ഉജ്ജ്വല അഭിനേത്രി. ആ സിനിമയും വ്യവസ്ഥാപിത ധാരണകള്‍ അട്ടിമറിച്ചു കൊണ്ട് വന്‍ഹിറ്റായി.
മൂന്ന് പെണ്‍കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ നോട്ട്ബുക്ക് മികച്ച സിനിമയായിരുന്നിട്ടും തിയറ്ററുകളില്‍ ആവേശമുണര്‍ത്തിയില്ല. എന്നാല്‍ സുഹാസിനിയുടെ അമ്മ കഥാപാത്രത്തെ മുന്നില്‍ നിര്‍ത്തി കമല്‍ ഒരുക്കിയ നമ്മള്‍ എന്ന പ്രണയചിത്രത്തെ പൂര്‍ണമായ അർഥത്തില്‍ ഒരു സ്ത്രീകേന്ദ്രീകൃത സിനിമയെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും പടം ഹിറ്റായി.
പൂര്‍ണമായ ഒരു സ്ത്രീപക്ഷ സിനിമയായിരുന്നു ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ ഒരുക്കിയ എഴുതാപ്പുറങ്ങള്‍. തനിയാവര്‍ത്തനം പോലെ ഒരു വന്‍വിജയ സിനിമയ്ക്കു ശേഷം ലോഹി-സിബി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം തിയററ്ററുകളില്‍ വന്‍ദുരന്തമായി. എന്നാല്‍ മൂന്ന് ക്ലാസുകളില്‍ പെട്ട സ്ത്രീജീവിതത്തിലുടെ കേരളീയ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്ത എഴുതാപ്പുറങ്ങള്‍ മൂല്യവത്തായ ഒരു ചലച്ചിത്ര ശ്രമമായിരുന്നു.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കുകളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന കെ.ജി. ജോര്‍ജ് ചിത്രമായിരുന്നു ആദാമിന്റെ വാരിയെല്ല്. ശീര്‍ഷകത്തില്‍ തുടങ്ങി സിനിമയുടെ ഓരോ അംശങ്ങളിലും സ്ത്രീയുടെ സത്വബോധത്തിനും പ്രതികരണശേഷിക്കും സ്വാതന്ത്ര്യവാഞ്ജയ്ക്കും മുന്‍തൂക്കം നല്‍കിയ വാരിയെല്ല് ഉപരിവര്‍ഗ-മധ്യവര്‍ഗ-കീഴാള വിഭാഗങ്ങളില്‍ പെടുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളുടെ വ്യക്തമായ ചിത്രം വരച്ചു കാട്ടി. ഈ സിനിമയും തിയറ്ററുകളില്‍ ചലനം സൃഷ്ടിച്ചില്ല. എന്നിരിക്കിലും നാല് ദശകങ്ങള്‍ക്കു ശേഷവും മലയാളത്തിലെ സ്ത്രീപക്ഷ സിനിമയുടെ ഏറ്റവും മികച്ച മാതൃകയായി തലയെടുപ്പോടെ നില്‍ക്കുന്നു ആദാമിന്റെ വാരിയെല്ല്.
കെ.ജി.ജോര്‍ജിന്റെ തന്നെ ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് അകാലത്തില്‍ അന്തരിച്ച ശോഭ എന്ന നടിയുടെ ജീവിതം കേന്ദ്രീകരിച്ച് ചലച്ചിത്രമേഖലയില്‍ ഒരു സ്ത്രീ അനുഭവിക്കുന്ന ദുരന്താത്മകതയുടെ ചിത്രം അടയാളപ്പെടുത്തിയ സിനിമയാണ്. ബയോപികിന്റെ എക്കാലത്തെയും മികച്ച മാതൃകയെന്ന് സാക്ഷാല്‍ എംടി പോലും വിശേഷിപ്പിച്ച ലേഖയുടെ മരണവും ഒരു ബോക്‌സ്ഓഫിസ് ദുരന്തമായി.
സീമയ്ക്ക് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും ഐ.വി. ശശിയുടെ ഡിറക്‌ടോറിയല്‍ ബ്രില്യന്‍സിന്റെ ഏറ്റവും തെളിമയാര്‍ന്ന പ്രതിഫലനം കൂടിയായ ‘ആരൂഢം’ എംടിയുടെ തിരക്കഥയില്‍ ഒരുങ്ങിയ സ്ത്രീപ്രാധാന്യമുളള സിനിമയാണ്. ദേശീയ പുരസ്‌കാരം നേടിയ ആരൂഢവും തിയറ്ററുകളില്‍ കനത്ത പരാജയം ഏറ്റുവാങ്ങി.
എന്നാല്‍ ആസ്വാദനക്ഷമമായ സിനിമകള്‍ക്ക് സ്ത്രീപ്രധാനം എന്നത് ഒരു പരിമിതിയേ അല്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മനു അശോകന്‍ സംവിധാനം ചെയ്ത ‘ഉയരെ’. പാര്‍വതി തിരുവോത്ത് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഈ സ്ത്രീപ്രധാന സിനിമയില്‍ പക്ഷേ ആസിഫ് അലി, ടൊവിനോ തോമസ് എന്നിങ്ങനെ വിപണനമുല്യമുളള താരസാന്നിധ്യം ഉണ്ടായിരുന്നുവെന്നതും വിസ്മരിച്ചുകൂടാ. പക്ഷേ സിനിമ പൂര്‍ണമായും പാര്‍വതിയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുളളതായിരുന്നു. പ്രേക്ഷകര്‍ സര്‍വാത്മനാ സിനിമയെ ഏറ്റെടുത്തു എന്ന് മാത്രമല്ല ക്രിട്ടിക്കല്‍ അപ്രസിയേഷന്‍ ലഭിക്കുകയും ചെയ്തു.
ഒരേയൊരു നയന്‍സ്
മലയാള സിനിമയുടെ പ്രാരംഭകാലത്ത് വെന്നിക്കൊടി പാറിച്ച അധ്യാപിക, തുലാഭാരം, അഴകുളള സെലിന എന്നിങ്ങനെ സ്ത്രീ പ്രധാനമായ സിനിമകളില്‍ ഏറിയ പങ്കും തിയറ്ററുകളില്‍ വിജയമായിരുന്നെങ്കിലും അതിലെല്ലാം തന്നെ സമാനപ്രാധാന്യത്തോടെ പുരുഷകഥാപാത്രങ്ങളും ഉണ്ടാവുകയും സത്യന്‍, നസീര്‍, മധു എന്നിങ്ങനെ അക്കാലത്ത് വിപണിമൂല്യമുളള നായകന്‍മാര്‍ ആ സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു എന്നത് ചരിത്രം. എന്നാല്‍ തമിഴില്‍ ഇതരഭാഷകളില്‍ കാണാത്ത ഒരു അദ്ഭുതം സംഭവിക്കുകയും ചെയ്തു. മൂക്കുത്തി അമ്മന്‍, സീത, കോലമാവ് കോകില എന്നിങ്ങനെ ഫീമെയില്‍ ഓറിയന്റഡ് മൂവികളെ തനിച്ച് ഷോര്‍ഡര്‍ ചെയ്ത് വിജയിപ്പിക്കാന്‍ കഴിയുന്ന ഒരേ ഒരു നായിക എന്ന തലത്തിലേക്ക് മലയാളത്തിന്റെ നയന്‍താര ഉയര്‍ത്തപ്പെട്ടു. എന്നാല്‍ ഇതേ നയന്‍താരയ്ക്കും മലയാള സിനിമയില്‍ സോളോ ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം. മലയാളത്തില്‍ വിജയം കൊയ്ത എല്ലാ നയന്‍താര സിനിമകളിലും ശക്തരായ നായകനടന്‍മാരുണ്ടായിരുന്നു.
അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ നിന്നും
കഡാവര്‍ എന്ന സ്ത്രീപക്ഷ സിനിമയിലുടെ തനിച്ച് നിന്ന് തമിഴില്‍ വിജയം കൊയ്ത അമലാ പോള്‍ സമാനജനുസിലുളള ടീച്ചര്‍ എന്ന മലയാള സിനിമയുമായി വന്ന് പരാജയത്തിന്റെ രുചിയറിഞ്ഞു. എന്നാല്‍ അഭിനയകലയില്‍ ഏതൊരു നടിക്കും മുകളില്‍ നില്‍ക്കുന്ന ഉര്‍വശിക്ക് കരിയറിന്റെ പീക്ക് ടൈമില്‍ പോലും നായികാപ്രധാന സിനിമകള്‍ അധികം സംഭവിച്ചിട്ടില്ല് തലയിണമന്ത്രം പോലെ അവര്‍ സ്‌കോര്‍ ചെയ്ത പല പടങ്ങളിലും ജയറാം, ശ്രീനിവാസന്‍ എന്നിങ്ങനെ അക്കാലത്തെ പോപ്പുലര്‍ ഹീറോസ് കൂട്ടിനുണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് നരേന്‍ എന്ന ബിസിനസ് വാല്യൂ ഇല്ലാത്ത നായകനെ പിന്നില്‍ നിര്‍ത്തി സ്ത്രീകഥാപാത്രങ്ങളെ മുന്നിലേക്ക് കൊണ്ടു വന്ന് സത്യന്‍ അന്തിക്കാട് ഒരുക്കിയ അച്ചുവിന്റെ അമ്മ ബ്ലോക്ക് ബസ്റ്റര്‍ സിനിമകളിലൊന്നായി.
നായികാപ്രധാനം , നായകപ്രധാനം എന്ന വേര്‍തിരിവുകള്‍ മാറ്റി നിര്‍ത്തി നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുളള ഒട്ടേറെ സിനിമകള്‍ക്കും മലയാളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഡ്യുവല്‍ പഴ്‌സനാലിറ്റിയുടെ കഥ പറഞ്ഞ മണിച്ചിത്രത്താഴില്‍ ഗംഗ, നാഗവല്ലി എന്നീ കഥാപാത്രങ്ങള്‍ക്ക് തന്നെയായിരുന്നു പ്രാധാന്യം. അതേ സമയം ഡോ.സണ്ണി, നകുലന്‍ എന്നീവരുടെ പ്രാധാന്യവും തത്തുല്യമായി നിലനിര്‍ത്തിക്കൊണ്ട് സിനിമയെ ബാലന്‍സ് ചെയ്യാന്‍ ഫാസിലിന് കഴിഞ്ഞു. സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്, രുഗ്മ എന്നീ ചിത്രങ്ങളും സ്ത്രീകഥാപാത്രത്തെ ഫോക്കസ് ചെയ്തു കൊണ്ട് തന്നെ നായകനെയും ഒപ്പം നിര്‍ത്തുന്ന രീതി പരീക്ഷിച്ചു. രണ്ട് സിനിമകളും വിജയം കൈവരിക്കുകയും ചെയ്തു. ആത്യന്തികമായി സ്ത്രീപക്ഷം, പുരുഷപക്ഷം, ജെന്‍ഡര്‍ ഈക്വാലിറ്റി എന്നിങ്ങനെയുളള വേര്‍തിരിവുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിപ്പിടിക്കുക എന്നതല്ല സിനിമയുടെ മികവിന് നിദാനം.
പുരുഷനെ പോലെ തന്നെ സാമൂഹ്യജീവിതത്തില്‍ തത്തുല്യമായ സ്ഥാനവും ഉത്തരവദിത്തവും പങ്കും വഹിക്കുന്നവരാണ് സ്ത്രീകള്‍. ഒരു തിരക്കഥയുടെ രചനാ ഘട്ടത്തില്‍ തന്നെ ഈ യാഥാര്‍ത്ഥ്യം മനസില്‍ വച്ചുകൊണ്ട് സ്ത്രീകഥാപാത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനവും പ്രാധാന്യവും നല്‍കാന്‍ സര്‍ഗസൃഷ്ടാക്കള്‍ക്ക് കഴിയണം. ഒരു കാലത്ത് നായകനെ പ്രേമിക്കാനും അയാള്‍ക്കൊപ്പം പാട്ട്പാടാനും നൃത്തം ചെയ്യാനുമുളള കേവലം കെട്ടുകാഴ്ചകള്‍ മാത്രമായിരുന്നു സ്ത്രീകഥാപാത്രങ്ങള്‍. പിന്നീട് ആ സ്ഥിതി മാറി കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങള്‍ ഉദയം ചെയ്തു.
നവസംവിധായകര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സാമൂഹിക ഉത്തരവാദിത്തം പാലിച്ചു. ആഷിക്ക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമ ടെസ്സ എന്ന സ്ത്രീകഥാപാത്രത്തെ കേന്ദ്രീകരിച്ചുളളതായിരുന്നു. നായകനായ ഫഹദ് ഫാസിലിന് ലഭിച്ചതാവട്ടെ നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രവും. സ്ത്രീയുടെ പ്രതികരണശേഷി ഏതറ്റം വരെയും പോകാം എന്ന് പറഞ്ഞ വിപ്ലവകരമായ സിനിമ കൂടിയായിരുന്നു അത്. ആഷിക്കിന്റെ തന്നെ സാള്‍ട്ട് ആന്‍ഡ് പെപ്പറിലും സ്ത്രീകഥാപാത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന സ്‌പേസ് നല്‍കാന്‍ ശ്രമിച്ചപ്പോള്‍ റാണി പത്മിനിയില്‍ നായകനെ പടിക്ക് പുറത്തു നിര്‍ത്തി രണ്ട് സ്ത്രീകഥാപാത്രങ്ങളിലൂടെ കഥ പറഞ്ഞു. തിയറ്ററുകളില്‍ വിജയം നേടാനായില്ല.
സ്ത്രീപക്ഷ സിനിമയിലെ എംടി ടച്ച്
വൈശാലി പോലുളള പരിപൂര്‍ണസ്ത്രീപക്ഷ സിനിമകള്‍ താരപിന്‍ബലമില്ലാതെ വിജയിച്ച ചരിത്രവും മലയാളത്തിലുണ്ട്. അതീവഗൗരവമേറിയ പ്രമേയം എത്രത്തോളം ആസ്വാദനക്ഷമമായി പറയാം എന്നതിന്റെ എക്കാലത്തെയും മികച്ച ഉദാഹരണമായിരുന്നു വൈശാലി. പാര്‍ശ്വവത്കരിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ ദൈന്യം തീവ്രപ്രഹരശേഷിയോടെ അവതരിപ്പിക്കപ്പെട്ട വൈശാലി കേവലം ഒരു പ്രണയകഥ എന്ന തലത്തിലാണ് ആഘോഷിക്കപ്പെട്ടത്. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷവും സിനിമ മുന്നോട്ട് വച്ച പ്രമേയത്തിന്റെ ആന്തരധ്വനി ചര്‍ച്ച ചെയ്യപ്പെടുന്നു.
നോട്ട്ബുക്ക് എന്ന സിനിമയിൽ നിന്നും
വരുവരാഴികകളെക്കുറിച്ചും വൈയക്തികമായ നഷ്ടങ്ങളെക്കുറിച്ചും ചിന്തിക്കാതെ അനീതിയോട് തീവ്രമായി പ്രതികരിക്കുന്ന സ്ത്രീത്വത്തിലെ സത്യത്തെ ആഖ്യാനം ചെയ്ത പഞ്ചാഗ്നി എന്ന സിനിമ താരമൂല്യത്തിനപ്പുറം തിളക്കമാര്‍ന്ന വിജയം നേടി. ആ സിനിമ സംഭവിക്കുന്ന കാലത്ത് മോഹന്‍ലാല്‍ പൊന്നുംവിലയുളള താരമായിരുന്നില്ല. ഗീതയാകട്ടെ പുതുമുഖവും. നിസഹായയായ ഒരു പാവം പെണ്‍കുട്ടി നേരിടേണ്ടി വന്ന പുരുഷാധിപത്യത്തിന്റെ അതിക്രൂരതയുടെ നേര്‍ക്കാണ് ഗീത അവതരിപ്പിച്ച ഇന്ദിര എന്ന കഥാപാത്രം തോക്ക് ചുണ്ടുന്നത്.
‘എനിക്കൊരിക്കലും എന്നില്‍ നിന്ന് ഒളിച്ചോടാനാവില്ല റഷീദ്’, എന്ന ഇന്ദിരയുടെ ഒരു വാചകത്തില്‍ സ്ത്രീ എന്ന മഹാപ്രതിഭാസത്തിന്റെ ആന്തരികഭംഗിയുണ്ട്. പ്രദര്‍ശനവിജയം നേടാതെ പോയ എം.ടി-ഹരിഹരന്‍ ചിത്രമായ ആരണ്യകം സ്ത്രീയുടെ കാരുണ്യവും സഹാനുഭൂതിയും മാനുഷികതയും അതീവചാരുതയോടെ വരച്ചു കാട്ടിയ ചിത്രമാണ്. സ്ത്രീപക്ഷ സിനിമകളുടെ കാര്യത്തില്‍ മലയാളത്തിന്റെ മനസ്സ് എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്ന് കൃത്യമായി ഉറപ്പിച്ച് പറയാനാവില്ല. പണ്ടൊക്കെ തിയറ്ററുകളില്‍ മാത്രം ആസ്വാദനസാധ്യത കണ്ടെത്തിയിരുന്ന സ്ത്രീപ്രേക്ഷകര്‍ ഇന്ന് ടെലിവിഷനും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും യൂട്യൂബിനും മുന്നിലേക്ക് വഴിമാറിയതും ഒരു കാരണമാവാം. എന്നാലും പ്രേക്ഷകനെ കയ്യിലെടുക്കാന്‍ ശേഷിയുളള നല്ല സിനിമകള്‍ വന്നാല്‍ ഇതൊന്നും തടസമല്ല എന്നതിന്റെ ഉദാഹരണമാണ് ടേക്ക് ഓഫ്, ഉയരെ, ജയ് ജയ് ഹേ..എന്നിവയുടെ വിജയം. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിങ്ങനെ സ്റ്റാര്‍ഡം ഉളള നായകന്‍മാരുടെ പിന്‍ബലമില്ലാതെ സ്ത്രീപക്ഷ സിനിമകള്‍ ടേക്ക് ഓഫ് ചെയ്യുമോ എന്നാണ് ചരിത്രം ഉറ്റുനോക്കുന്നത്.
അതിനുളള മറുപടിയാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ. സ്ത്രീയുടെ ദൈന്യവും ഒപ്പം സ്ത്രീശാക്തീകരണത്തിന്റെ അനിവാര്യതയും അതിശക്തമായി വരച്ചുകാട്ടിയ ഒന്നാണിത്. ഒടിടി റിലീസായി വന്ന ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ കാണികളുടെ എണ്ണത്തില്‍ റെക്കാര്‍ഡിട്ട് ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു എന്നതിനപ്പുറം ആഗോളതലത്തില്‍ തന്നെ ചര്‍ച്ചാവിഷയവും ശ്രദ്ധാകേന്ദ്രവുമായി.
ഇന്ത്യന്‍ സ്ത്രീയുടെ അവസ്ഥ കാലാതീതമായി പ്രതിനിധീകരിക്കുന്ന ഒന്നായിരുന്നു ആ ചിത്രം. അടുക്കള അവളുടെ മാത്രം ലോകമായി പുരുഷന്‍ കാണുന്നു. കിടപ്പറയില്‍ അവളുടെ ഇഷ്ടങ്ങളും തൃപ്തിയും നിരാകരിക്കപ്പെടുന്നു. എല്ലാം സഹിച്ച് എരിഞ്ഞു തീരേണ്ട ജന്മം എന്നതിനപ്പുറം നവകാല സ്ത്രീ അവളുടെ ശബ്ദം ഉയര്‍ത്തുന്നു. ഫോര്‍പ്ലേയെക്കുറിച്ച് ഒക്കെ തുറന്ന് സംസാരിക്കാന്‍ തയാറാവുന്നു. സ്ത്രീയുടെ ശബ്ദത്തിനും അസ്തിത്വത്തിനും വിലയുണ്ടെന്ന് ആനുഷംഗികമായി പറയുന്ന സിനിമ ഇന്നും സിനിമയെ ഗൗരവപൂര്‍വം പരിഗണിക്കുന്ന ഇടങ്ങള്‍ക്കൊപ്പം സാധാരണപ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ച ചെയ്യപ്പെടുന്നു.സ്ത്രീപക്ഷ സിനിമകള്‍ ഒരു അനിവാര്യതാണെന്നും അത് കാലത്തിന് നേര്‍ക്ക് പിടിച്ച കണ്ണാടിയാവണമെന്നുമുളള ദിശാസൂചിക കൂടിയായിരുന്നു ആ ചിത്രം.
പെൺശരീരത്തിന്റെ അളവുകളും അതിലെ രാഷ്ട്രീയവും പറഞ്ഞ ബി 32 മുതൽ 44 വരെയുടെ ഏറെ ചർച്ചയായ സിനിമയാണ്. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രം സംസ്ഥാന സർക്കാരിന്‍റെ വിമെൻ സിനിമ പ്രോജക്ടിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷനാണ് നിർമിച്ചത്. രമ്യാ നമ്പീശൻ, അനാർക്കലി മരിക്കാർ, സെറിൻ ഷിഹാബ്, ബി.അശ്വതി, നവാഗതയായ റെയ്ന രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇരുപതിൽ കൂടുതൽ സത്രീകൾ പിന്നണിയിലും മുന്നിലും ഒരു പോലെ പ്രവർത്തിച്ച ചിത്രമാണ് ‘ബി 32 മുതൽ 44 വരെ. വരും കാലങ്ങളില്‍ സമാനമായ ഒട്ടനവധി ചലച്ചിത്രാനുഭവങ്ങള്‍ സ്ത്രീപക്ഷത്തു നിന്ന് സംഭവിക്കാം.
സ്ത്രീയുടെ സര്‍ഗസഞ്ചാരം
സിനിമയുടെ സാങ്കേതിക ഇടങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് സ്ഥാനമില്ലാത്ത ഒരു കാലം മലയാള സിനിമയിലുണ്ടായിരുന്നു. ആദ്യത്തെ വനിതാ സംവിധായിക എന്ന് സാങ്കേതികമായി അറിയപ്പെടുന്ന വിജയ നിര്‍മലയ്ക്ക് പിന്നില്‍ ഐ.വി.ശശി എന്ന പുരുഷന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് സ്ത്രീകള്‍ക്ക് അപമാനമാവാം. എന്നാല്‍ ശിഖരങ്ങള്‍ എന്ന സിനിമയിലൂടെ നടി ഷീല ആദ്യമായി യഥാർഥ സംവിധായികയായി ചരിത്രം തിരുത്തിക്കുറിച്ചു. പില്‍ക്കാലത്ത് സുഹാസിനി, രേവതി, ഗീതുമോഹന്‍ദാസ് എന്നിവരൊക്കെ സംവിധായക പട്ടം ചൂടിയെങ്കിലും ജനപ്രിയ സിനിമകളിലൂടെ മുഖ്യധാരയിലേക്ക് കടന്നു വരാന്‍ കഴിഞ്ഞില്ല. ആ കുറവ് നികത്തിയത് അഞ്ജലി മേനോനാണ്. അഞ്ജലി തിരക്കഥയെഴുതിയ ഉസ്താദ് ഹോട്ടല്‍ സൂപ്പര്‍ഹിറ്റായെന്ന് മാത്രമല്ല അവര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് എക്കാലത്തെയും ബ്ലോക്ക് ബസ്റ്റര്‍ സിനിമകളില്‍ ഒന്നായി.
മാസ് മസാല സിനിമകള്‍ സ്ത്രീകള്‍ക്ക് അന്യമാണെന്ന ധാരണയും തിരുത്തിക്കുറിക്കപ്പെടാന്‍ പോകുന്നു. കെജിഎഫിലൂടെ ഗ്ലോബല്‍ ഹിറ്റ് കൊടുത്ത യഷിന്റെ അടുത്ത മെഗാ പ്രൊജക്ടിന് മെഗാഫോണ്‍ കയ്യിലേന്തുന്നത് മലയാളി കൂടിയായ വനിതാ സംവിധായിക ഗീതു മോഹന്‍ദാസാണ്. ഇന്ത്യന്‍ സിനിമയെ ലോകതലത്തില്‍ പ്രതിഷ്ഠിച്ച സംവിധായകരുടെ ഗണത്തില്‍ അപര്‍ണ സെന്‍, മീരാ നായര്‍..തുടങ്ങിയ പ്രതിഭാശാലികളുണ്ട്. ലോകസിനിമയില്‍ പോലും സമാനതകളില്ലാത്ത ഒരു മഹത്തായ ചിത്രം ഒരുക്കിയതും ഒരു സ്ത്രീയാണ്. ദ് ജാപ്പനീസ് വൈഫ്. സംവിധാനം : അപര്‍ണാ സെന്‍. കാലദേശാതീതമായ പ്രസക്തി ഉള്‍ക്കൊളളുന്ന റിയല്‍ ക്ലാസിക്ക്. സ്ത്രീയ്ക്ക് ഇതില്‍പ്പരം അഭിമാനിക്കാന്‍ മറ്റെന്ത് വേണം?
Source link