പാക് പഞ്ചാബിൽ ക്രൈസ്തവനും സിക്കുകാരനും മന്ത്രിമാർ

ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബിൽ ക്രൈസ്തവനായ ഖലീൽ താഹിർ സിന്ധുവും സിക്കുകാരനായ സർദാർ രമേഷ് സിംഗ് അറോറയും മന്ത്രിമാരായി സ്ഥാനമേറ്റു. മുഖ്യമന്ത്രി മറിയം നവാസിന്റെ മന്ത്രിസഭയിൽ മനുഷ്യാവകാശ വകുപ്പാണ് സിന്ധുവിനു ലഭിച്ചിരിക്കുന്നത്. 2013-2018 കാലത്ത് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ഷഹബാസ് ഷരീഫിന്റെ മന്ത്രിസഭയിലും സിന്ധു അംഗമായിരുന്നു. ഇപ്പോൾ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാണ് ഷഹബാസ് ഷരീഫ്.
വിഭജനത്തിനുശേഷം പാക് പഞ്ചാബിൽ ആദ്യമായാണു സിക്കുകാരൻ മന്ത്രിയാകുന്നത്. ന്യൂനപക്ഷ വകുപ്പാണ് അറോറയ്ക്കു ലഭിച്ചിരിക്കുന്നത്. മൂന്നു തവണ നിയമസഭാംഗമായ നേതാവായ അറോറ നവാസ് ഷരീഫ് നയിക്കുന്ന പിഎംഎൽ-എൻ പാർട്ടിക്കാരനാണ്. പഞ്ചാബ് പ്രവിശ്യ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആദ്യ സിക്കുകാരനാണ് ഇദ്ദേഹം. 2016ൽ അറോറയ്ക്ക് നാഷണൽ ഹ്യുമൻ റൈറ്റ്സ് അവാർഡ് ലഭിച്ചിരുന്നു.
Source link