INDIALATEST NEWS

ഇന്ത്യൻ രാഷ്ട്രീയത്തിലെ പെൺതലയെടുപ്പ്


നിയമനിർമാണസഭകളിൽ വനിതകൾക്ക് 33% പ്രാതിനിധ്യം ഉറപ്പുനൽകുന്ന നിയമം പാസാക്കിയെങ്കിലും നടപ്പാകാൻ സമയമെടുക്കും. സെൻസസിന്റെ അടിസ്ഥാനത്തിൽ‍ മണ്ഡല പുനർനിർണയത്തിനുശേഷമേ ഇതുണ്ടാകൂവെന്ന വ്യവസ്ഥയാണു കാരണം. ഇതിനിടയിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ തലയെടുപ്പോടെ നിൽക്കുകയാണ് ഈ വനിതകൾ:
∙ സോണിയ ഗാന്ധി: കോൺഗ്രസ് അധ്യക്ഷപദവി ഒഴിഞ്ഞെങ്കിലും ഇപ്പോഴും പാർട്ടിയുടെ അവസാനവാക്ക്. 1999 മുതൽ ലോക്സഭാംഗമായിരുന്ന സോണിയ തിരഞ്ഞെടുപ്പു രാഷ്ട്രീയം അവസാനിപ്പിച്ചു. ഇപ്പോൾ രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗം.

∙ മമത ബാനർജി: കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച മമത ബംഗാളിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. രാജ്യത്തെ ആദ്യ വനിതാ റെയിൽവേമന്ത്രി. ‘ഇന്ത്യ’ മുന്നണി രൂപീകരണചർച്ചകളിൽ സജീവമായി ബിജെപിക്കെതിരെ പട നയിക്കാൻ ഇറങ്ങിയെങ്കിലും കോൺഗ്രസുമായുള്ള സീറ്റുധാരണ എങ്ങുമെത്തിയിട്ടില്ല.
∙ മായാവതി: രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയിൽ 4 തവണ മുഖ്യമന്ത്രിയായി. അടുത്തകാലത്തായുള്ള പിൻവലിയൽ അവരുടെ ബഹുജൻ സമാജ് പാർട്ടിയുടെ വോട്ടുബാങ്കിനെ ബാധിച്ചു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം യുപിയിൽ കാഴ്ചവച്ചെങ്കിലും ഇക്കുറി സ്ഥിതി പ്രവചനാതീതം.
∙ നിർമല സീതാരാമൻ: ബിജെപി നേതൃനിരയിലെ ഏറ്റവും മുതിർന്ന വനിത. കേന്ദ്ര ധനമന്ത്രിയായ നിർമല നേരത്തേ പ്രതിരോധം അടക്കം സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു.
∙ സ്മൃതി ഇറാനി: ബിജെപിയിലെ തീപ്പൊരിനേതാവായ കേന്ദ്രമന്ത്രി. 2014ൽ അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച ഇവർ കഴിഞ്ഞതവണ അട്ടിമറിവിജയം നേടി.

∙ പ്രിയങ്ക ഗാന്ധി: മുത്തശ്ശി ഇന്ദിരാ ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന പ്രസംഗശൈലി. കോൺഗ്രസ് പ്രതിസന്ധിയിൽ ഉഴലുന്നതിനിടെ പാർട്ടിയിൽ പദവി ഏറ്റെടുത്തെങ്കിലും വലിയ രാഷ്ട്രീയവിജയം ഇപ്പോഴും അകലെ. സോണിയ ഗാന്ധി പിന്മാറിയ റായ്ബറേലി മണ്ഡലത്തിൽ പ്രിയങ്ക സ്ഥാനാർഥിയാകണമെന്ന ആവശ്യം പാർട്ടിയിലുണ്ട്.
∙ മെഹ്ബൂബ മുഫ്തി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും അവിടെ ഈ പദവി വഹിച്ച ആദ്യ വനിതയും. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പു മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പുകൂടി വരാനിരിക്കെ രാഷ്ട്രീയ നിലപാടു പ്രധാനം.
∙ സുപ്രിയ സുളെ: രണ്ടായി പിരിഞ്ഞെങ്കിലും ശരദ് പവാർ നയിക്കുന്ന എൻസിപിയുടെ സാരഥ്യം സ്വാഭാവികമായി എത്തുക മകൾ കൂടിയായ സുപ്രിയ സുളെയിലേക്കായിരിക്കും. ബാരാമതി മണ്ഡലത്തിൽനിന്നു ലോക്സഭയിലെത്തിയ സുപ്രിയയുടെ പാർലമെന്ററി ഇടപെടലുകൾ ശ്രദ്ധിക്കപ്പെട്ടു. രാജ്യസഭാംഗമായിരുന്നു.
∙ വൃന്ദ കാരാട്ട്: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം. രാജ്യസഭാംഗമായിരുന്ന വൃന്ദ സാമൂഹിക–രാഷ്ട്രീയ ഇടപെടലുകളിലൂടെ ദേശീയ രാഷ്ട്രീയത്തിൽ സജീവം.

‌∙ ആനി രാജ: സിപിഐ ദേശീയ നിർവാഹകസമിതി അംഗവും മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ ഇത്തവണ വയനാട്ടിൽനിന്നു ലോക്സഭയിലേക്കു മത്സരിക്കുന്നു. രാഹുൽ ഗാന്ധി വീണ്ടും വയനാട്ടി‍ൽ സ്ഥാനാർഥിയായാൽ ആനി രാജയുടെ മത്സരം രാജ്യം ഉറ്റുനോക്കും.
∙ കനിമൊഴി: തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകളും ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കനിമൊഴി ലോക്സഭാംഗമാണ്. കവയിത്രി കൂടിയായ കനിമൊഴിയുടെ സഭാപ്രസംഗങ്ങൾ ശ്രദ്ധേയം.
∙ വൈ.എസ്.ശർമിള: ആന്ധ്രപ്രദേശിൽ പുതുജീവൻ തേടുന്ന കോൺഗ്രസിന്റെ പ്രതീക്ഷകൾ സംസ്ഥാന അധ്യക്ഷയായ വൈ.എസ്.ശർമിളയിലാണ്. മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ ശർമിള, സഹോദരനുമായി അകന്നതോടെയാണ് കോൺഗ്രസിലെത്തിയതും നേതൃത്വം ഏറ്റെടുത്തതും.


Source link

Related Articles

Back to top button