15 വർഷത്തെ പിണക്കം അവസാനിച്ചു; ഒഡീഷയിൽ ബിജു ജനതാദൾ ബിജെപിയുമായി സഖ്യത്തിന്
ഒഡീഷയിൽ ബിജു ജനതാദൾ ബിജെപിയുമായി സഖ്യത്തിന് | Naveen Patnaiks BJD hints at pact with BJP | National News | Malayalam News | Manorama News
15 വർഷത്തെ പിണക്കം അവസാനിച്ചു; ഒഡീഷയിൽ ബിജു ജനതാദൾ ബിജെപിയുമായി സഖ്യത്തിന്
ഓൺലൈൻ ഡെസ്ക്
Published: March 07 , 2024 10:01 AM IST
1 minute Read
നവീൻ പട്‌നായിക്കും നരേന്ദ്ര മോദിയും. ഫയൽ ചിത്രം: @Naveen_Odisha / Twitter
ന്യൂഡൽഹി∙ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദൾ (ബിജെഡി) ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെടുമെന്നു സൂചന. ഇതുസംബന്ധിച്ച ചർച്ചകൾക്കായി ഇന്നലെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ ഔദ്യോഗിക വസതിയായ നവീൻ നിവാസിൽ ബിജെഡി നേതാക്കൾ വിപുലമായ യോഗം ചേർന്നു. സമാന്തരമായി ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ മൻമോഹൻ സമൽ ഉൾപ്പെടെയുള്ളവർ ഡൽഹിയിൽ പാർട്ടിയുടെ ദേശീയ നേതൃത്വവുമായി സഖ്യം സംബന്ധിച്ച ചർച്ചകളും നടത്തി. 15 വർഷം മുൻപാണ് ബിജെഡി ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് എൻഡിഎ വിട്ടത്.
Read also: പദ്മജയുടെ നീക്കം മോദിയുടെ അറിവോടെ, ബിജെപി അംഗത്വം സ്വീകരിക്കും; ക്ഷീണമാകില്ലെന്ന് മുരളീധരൻ
ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ബിജെഡി വൈസ് പ്രസിഡന്റും എംഎൽഎയുമായ ദേബി പ്രസാദ് മിശ്ര ചർച്ചകൾ നടക്കുന്നുണ്ടെന്നു സ്ഥിരീകരിച്ചു. ‘‘ബിജു ജനതാദൾ ഒഡീഷയിലെ ജനങ്ങളുടെ താൽപര്യങ്ങൾക്കു മുൻഗണന നൽകും. ബിജെപിയുമായി സഖ്യസാധ്യയ്ക്കുള്ള ചർച്ച നടന്നിരുന്നു’’ – നവീൻ നിവാസിൽ നടന്ന യോഗത്തിനുശേഷം മിശ്ര മാധ്യമപ്രവർത്തകരോടു പറഞ്ഞു.
വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തന്ത്രം സംബന്ധിച്ച് ബിജെഡി അധ്യക്ഷനും മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി ഇന്നു വിപുലമായ ചർച്ച നടന്നതായി ബിജെഡി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനുശേഷം ബിജെഡിയുമായി തിരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ ബിജെപിയുടെ മുതിർന്ന നേതാവും എംപിയുമായ ജുവൽ ഓറം സ്ഥിരീകരിച്ചു. എന്നാൽ അന്തിമ തീരുമാനം പാർട്ടി കേന്ദ്ര നേതൃത്വത്തിന്റേത് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
147 നിയമസഭാ സീറ്റുകളും 21 ലോക്സഭാ സീറ്റുകളുമാണ് ഒഡീഷയിലുള്ളത്. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെഡി 12 സീറ്റുകളും ബിജെപി എട്ടു സീറ്റുകളും നേടി. നിയമസഭയിൽ ബിജെഡിക്ക് 112 എംഎൽഎമാരും ബിജെപിക്ക് 23 എംഎൽഎമാരുമാണുള്ളത്. സഖ്യം നടപ്പായാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയാകും കൂടുതൽ സീറ്റുകളിൽ മത്സരിക്കുകയെന്നാണു രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന. ബിജെഡി നിയമസഭാ സീറ്റുകളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
English Summary:
Naveen Patnaiks BJD hints at pact with BJP
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-03-07 mo-politics-parties-nda 40oksopiu7f7i7uq42v99dodk2-2024-03-07 mo-politics-leaders-naveenpatnaik 5us8tqa2nb7vtrak5adp6dt14p-2024 mo-politics-elections-generalelections2024 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp mo-news-world-countries-india-indianews 25fqjvi7q66qpmlp3rbchj2l95 mo-politics-parties-bjd 40oksopiu7f7i7uq42v99dodk2-2024
Source link