സന്തോഷ് ട്രോഫിയിലെ ഗോൾ രാജകുമാരൻ
സെബി മാളിയേക്കൽ 2024 ഫെബ്രുവരി 26. അരുണാചലിലെ യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി ഗ്രൂപ്പ് ബി യിലെ അതിനിർണായക മത്സരം നടക്കുകയാണ്. നിരവധി തവണ ചാന്പ്യന്മാരായ മഹാരാഷ്ട്രയും റെയിൽവേസും തമ്മിലാണു മത്സരം. ജയിച്ചാൽമാത്രമേ ഇരുവരും ക്വാർട്ടർ ഫൈനലിലെത്തൂ. പതിനൊന്നാം മിനിറ്റിൽ സുബ്രതോ മുർമു നേടിയ ഗോളിനു റെയിൽവേ മുന്നിലെത്തിയെങ്കിലും 43-ാം മിനിറ്റിൽ നിഖിൽ ഖദത്തിലൂടെ മഹാരാഷ്ട്ര സമനിലപിടിച്ചു. രണ്ടാം പകുതിയിൽ മഹാരാഷ്ട്ര ഗോൾദാഹവുമായി റെയിൽവേസിന്റെ ഗോൾമുഖത്തേക്ക് ഇരന്പിക്കയറുകയാണ്. ഒറ്റപ്പെട്ട നീക്കങ്ങൾ റെയിൽവേസ് നടത്തുന്നുണ്ടെങ്കിലും ഒന്നുംതന്നെ ഫലം കാണുന്നില്ല. ഒടുവിൽ 68-ാം മിനിറ്റിൽ കോച്ച് നിലഞ്ജൻ തന്റെ തുറുപ്പുചീട്ട് പുറത്തെടുത്തു. മുപ്പത്തിരണ്ടു കാരനും സന്തോഷ് ട്രോഫിയിലെ ഗോൾവേട്ടക്കാരനുമായ മലയാളിതാരം എസ്. രാജേഷെന്ന മുന്നേറ്റനിരക്കാരനെ പുറത്തിറക്കി. 73-ാം മിനിറ്റിൽ ബംഗാളിയായ റെയിൽവേ താരം സുജിത്ത് ഗോൾപോസ്റ്റിനു 20 വാരമാത്രം അകലെനിന്ന് എടുത്ത ഫ്രീ കിക്ക് ഉയർന്നുചാടിയ രാജേഷ് തലകൊണ്ടുചെത്തി വലയിലെത്തിച്ചു… 2 -1 ജയവുമായി റെയിൽവേസ് ക്വാർട്ടർ ഫൈനലിലേക്ക്. ഇതോടെ രാജേഷ് മറ്റൊരു ചരിത്രംകൂടി കുറിച്ചു. നിലവിൽ സന്തോഷ് ട്രോഫി കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം; 29 ഗോൾ. സന്തോഷ് ട്രോഫി ചരിത്രത്തിലെ ഗോൾവേട്ടക്കാരിൽ അഞ്ചാമനും. കഷ്ടതയുടെ കുട്ടിക്കാലം തിരുവനന്തപുരം ജില്ലയിലെ തീരദേശമേഖലയായ പൊഴിയൂരിൽ സൂസൈ നായകം – മേരി ജോണ് ദന്പതികളുടെ നാലു മക്കളിൽ ഇളയവനാണ് രാജേഷ്. കുട്ടിക്കാലം ഏറെ ദുരിതപൂർണം. പഠിക്കാൻ അത്ര മിടുക്കനല്ലാത്തതിനാൽ ഏഴാംക്ലാസിൽ പഠനം നിർത്തി ജ്യേഷ്ഠന്മാരോടൊപ്പം മീൻ പിടിക്കാൻ പോയി. രണ്ടുവർഷം കൊച്ചിയിൽ ജ്യേഷ്ഠന്മാരുടെകൂടെ പണിചെയ്തെങ്കിലും തനിക്കിതു പറ്റില്ലെന്ന തിരിച്ചറിവിൽ നാട്ടിലേക്കു മടങ്ങി. മുടങ്ങിയ പഠനം പുനരാരംഭിച്ചു. ആ സമയത്താണ് പൊഴിയൂർ സെന്റ് മാത്യൂസ് റിക്രിയേഷൻ ക്ലബ് (എസ്എംആർസി) ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നത്. അതിലും ചേർന്നു. ക്ലയോഫാസ് സാറിന്റെ കരുതൽ
എസ്എംആർസി അക്കാദമിയുടെ കോച്ചായിരുന്ന ക്ലയോഫാസ് അലക്സാണ് തന്റെ കഴിവു കണ്ടെത്തിയതെന്നു രാജേഷ് പറഞ്ഞു. “എന്നിലെ ഫുട്ബോളറെ തേച്ചുമിനുക്കിയതും ഫോർവേഡ് പൊസിഷനിൽ കളിപ്പിച്ചതും സ്കൂൾ കഴിഞ്ഞ് 2011ൽ ബിഇഎംഎൽ ബാംഗ്ലൂരിൽ കളിക്കാൻ വിട്ടതും എല്ലാം സാറുതന്നെ. തുടർന്ന് എഫ്സി തൃശൂർ, വിവാ ചെന്നൈ, ഗോകുലം കേരള, ചെന്നൈ സിറ്റി എന്നീ ക്ലബ്ബുകൾക്കായി കളിക്കാൻ ഇടയാക്കിയതിലും റെയിൽവേസിൽ കയറ്റിയതിലും സാറിന്റെ പങ്ക് വളരെ വലുതാണ്.’ സന്തോഷ് ട്രോഫി സ്വപ്നം 2012ൽ കർണാടകയ്ക്കുവേണ്ടിയായിരുന്നു സന്തോഷ് ട്രോഫിയിലെ അരങ്ങറ്റം. അത്തവണ ഒറ്റഗോളേ നേടാനായുള്ളൂ. 2013ലും 18ലും കർണാടകയ്ക്കുവേണ്ടിത്തന്നെ സന്തോഷ് ട്രോഫി കളിച്ചു; എട്ടുഗോൾവീതം നേടി. 18ൽ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ബൈക്ക് സ്വന്തമാക്കി. 2014,15,17, 24 വർഷങ്ങളിൽ റെയിൽവേസിനായി ബൂട്ടുകെട്ടി. 2014 ൽ രണ്ടുഗോളും 17ൽ എട്ടുഗോളും നേടി. 15ൽ ഗോൾ പിറന്നില്ല. 21 വയസിൽ താഴെയുള്ള കളിക്കാർ ടീമിലുണ്ടാകണമെന്ന നിർബന്ധംവന്ന വർഷങ്ങളിൽ സന്തോഷ് ട്രോഫിയിൽ റെയിൽവേസിനു ടീം ഇല്ലാതിരുന്നതിനാൽ 2022ൽ കേരളത്തിനായി ബൂട്ടണിഞ്ഞു. ലീഗിൽ ഒരു ഗോൾ നേടിയപ്പോഴാണ് പരിക്കുപറ്റിയത്. കേരളം അത്തവണ ചാന്പ്യന്മാരായെങ്കിലും പരിക്കുമൂലം പിന്മാറേണ്ടിവന്നതിനാൽ കപ്പുനേടിയ ടീമിന്റെ ഭാഗമാകാനായില്ല. 2018ൽ ഡെന്മാർക്കിൽ നടന്ന ലോക റെയിൽവേ ഫുട്ബോൾ ലീഗ് മത്സരങ്ങളിൽ നാലു ഗോൾ കുറിച്ചു. 2019ൽ ഫൈനൽ റൗണ്ട് ഫ്രാൻസിൽ നടന്നപ്പോൾ ഗോളടിച്ചെങ്കിലും ടീമിനു സെമിയിൽ കടക്കാനായില്ല. ഇന്ത്യക്കായി ഒരു മത്സരം… ഇന്ത്യൻ ദേശീയകുപ്പായത്തിൽ ഒരു മത്സരമെങ്കിലും കളിക്കണമെന്നാണ് റെയിൽവേയിൽ സീനിയർ ക്ലർക്കായ രാജേഷിന്റെ മോഹം. സന്തോഷ് ട്രോഫിയിൽ റിക്കാർഡ് ഒന്നുകൂടി മെച്ചപ്പെടുത്തണം. ഒന്നരവർഷംമുന്പ് ജീവിതപങ്കാളിയായി എത്തിയ ആതിര ആന്റോയും സഹോദരങ്ങളായ ഡേവിൽസ്, രതീഷ്, സുരേഷ് എന്നിവരും സഹപ്രവർത്തകരും കട്ടസപ്പോർട്ടായി എപ്പോഴും കൂടെയുണ്ട്. ഒപ്പം രാജേഷിന്റെ വിജയത്തിൽ ആഹ്ലാദിക്കുന്ന പൊഴിയൂരിലെ കടലിന്റെ മക്കളും.
Source link