ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനും ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർസ്റ്റൊയ്ക്കും ഇന്ന് 100-ാം ടെസ്റ്റ്. അശ്വിൻ ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കുന്ന 14-ാമനാകും. ബെയർസ്റ്റോ 17-ാം ഇംഗ്ലണ്ടുകാരനും. 99 മത്സരങ്ങളിൽനിന്ന് 507 വിക്കറ്റ് നേടിയ അശ്വിൻ, ഇന്ത്യക്കായി വേഗത്തിൽ 500 വിക്കറ്റ് കടന്ന ബൗളറായി. കപിൽ ദേവ്, അനിൽ കുംബ്ലെ, ഇഷാന്ത് ശർമ, ഹർഭജൻ സിംഗ് എന്നിവർക്കുശേഷം 100-ാമത്തെ മത്സരത്തിനിറങ്ങുന്ന അഞ്ചാമത്തെ ഇന്ത്യൻ ബൗളറാകും അശ്വിൻ. കൂടാതെ കുംബ്ലെ, ഹർഭജൻ, മുത്തയ്യ മുരളീദരൻ, ഷെയ്ൻ വോണ്‍, നഥാൻ ലിയോണ്‍ എന്നിവർക്കുശേഷം ഈ നാഴികക്കല്ലിലെത്തുന്ന ആറാമത്തെ സ്പിന്നറും. ബെയർസ്റ്റൊയുടെ 100-ാമത്തെ ഏകദിന മത്സരം നടന്നതും ധരംശാലയിലാണ്. അശ്വിന്റെയും ബെയർസ്റ്റൊയുടെയും അരങ്ങേറ്റ ടെസ്റ്റ് വെസ്റ്റ് ഇൻഡീസിനെതിരേയായിരുന്നു എന്നതും ശ്രദ്ധേയം. അശ്വിൻ റിക്കാർഡ് ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മികച്ച മാച്ച് വിന്നർമാരിൽ ഒരാളാണ് അശ്വിൻ. ഇന്ത്യൻ കളിക്കാരനെന്ന നിലയിൽ കൂടുതൽ വിജയങ്ങൾ നേടിയ മൂന്നാമത്തെയാൾ. 58 ടെസ്റ്റുകൾ ജയിച്ചു. പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ ഒന്‍പത് തവണ നേടി. 14 തവണ ഈ നേട്ടം കൈവരിച്ച ഇതിഹാസ ബാറ്റർ സച്ചിൻ തെണ്ടുൽക്കറാണ് ഇക്കാര്യത്തിൽ ഇന്ത്യക്കാരിൽ മുന്നിൽ. ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ സീരീസ് പുരസ്കാരങ്ങൾ നേടിയ ഇന്ത്യക്കാരനാണ് അശ്വിൻ, 41 സീരീസുകളിൽനിന്ന് 10 തവണ പരന്പരയുടെ താരമായി. ഒരെണ്ണം കൂടുതലുള്ള ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഇക്കാര്യത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്ത്. ബുദ്ധി കൂർമതയാണ് അശ്വിനെ മറ്റ് ബൗളർമാരിൽനിന്ന് വ്യത്യസ്തനാക്കുന്നത്. കാരം ബോൾ, ഗുഡ് ആം ബോൾ, പിന്നെ ഓഫ് ബ്രേക്കുകളിലുള്ള അസാമാന്യ നിയന്ത്രണം എന്നിവയെല്ലാം അശ്വിനെ അപകടകാരിയാക്കുന്നു. ടെസ്റ്റിൽ അഞ്ചു വിക്കറ്റ് പ്രകടനം 35 തവണയും പത്ത് വിക്കറ്റ് പ്രകടനം എട്ടു തവണയും നടത്തി. ടെസ്റ്റിൽനിന്ന് സ്പിന്നർ അനിൽ കുംബ്ലെ വിരമിക്കുകയും ഹർഭജൻ സിംഗിന്റെ പ്രകടനം മങ്ങുകയും ചെയ്ത സമയത്താണ് അശ്വിൻ ഇന്ത്യയുടെ വിശ്വസ്തനായ സ്പിന്നായി സ്ഥാനമേൽക്കുന്നത്.
2011ൽ ഡൽഹിയിൽ വെസ്റ്റ് ഇൻഡീസിനെതിരേയാണ് അശ്വിൻ അരങ്ങേറിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒന്‍പത് വിക്കറ്റുമായി കളിയിലെ താരവുമായി. മികച്ചൊരു ബൗളർക്കൊപ്പം ലോവർ ഓർഡറിൽ ഇന്ത്യക്ക് അത്യാവശ്യസമയത്ത് വിശ്വസിക്കാവുന്ന ബാറ്റർ കൂടിയാണ് അശ്വിൻ. 3309 റണ്‍സുള്ള താരത്തിന്റെ പേരിൽ അഞ്ച് സെഞ്ചുറിയും 14 അർധ സെഞ്ചുറിയുമുണ്ട്. ജോണി, ജോണി… 2012ൽ ലോർഡ്സിൽ വെസ്റ്റ് ഇൻഡീസിനെതിരേയാണ് ബെയർസ്റ്റൊയുടെ അരങ്ങേറ്റം. കഠിനമേറിയ ജീവിത സാഹചര്യത്തിലൂടെയാണ് ബെയർസ്റ്റൊയുടെ വരവ്. എട്ടാം വയസിൽ ഇംഗ്ലണ്ടിന്റെ മുൻ വിക്കറ്റ്കീപ്പർ കൂടിയായിരുന്ന പിതാവ് ഡേവിഡ് ജീവനൊടുക്കി. രണ്ടു തവണ സ്തനാർബുദത്തെ പരാജയപ്പെടുത്തിയ അമ്മ ജാനറ്റ് കുടുംബത്തെ നയിച്ചു. ടെസ്റ്റിൽ 5974 റണ്‍സ് നേടിയ ഇംഗ്ലീഷ് താരത്തിന്റെ ഉയർന്ന സ്കോർ പുറത്താകാതെ നേടിയ 167 റണ്‍സാണ്. ബെൻ ഫോക്സ് വിക്കറ്റ് കീപ്പറുടെ റോൾ ഏറ്റെടുത്തപ്പോൾ ബെയർസ്റ്റൊയെ സ്പെഷലിറ്റ് ബാറ്ററായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, 21.25 ശരാശരിയിൽ 170 റണ്‍സ് നേടാനേ ഇതുവരെ താരത്തിനു സാധിച്ചുള്ളൂ.
Source link