ധരംശാല: ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ക്രിക്കറ്റ് പോരാട്ടങ്ങൾ വിദേശ താരങ്ങൾക്ക് എന്നും വിയർപ്പ് മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്. അത് സ്പിൻ അനുകൂല പിച്ചായാലും കനത്ത ചൂടായാലും… എന്നാൽ, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരന്പരയിലെ അഞ്ചാം മത്സരം ഇന്ന് ആരംഭിക്കുന്പോൾ തണുപ്പാണ് വിഷയം. അഞ്ചാം ടെസ്റ്റിന്റെ വേദിയായ ധരംശാലയിലെ തണുപ്പിനോട് മല്ലിട്ടുവേണം കളിക്കാർക്ക് ബാറ്റും ബോളും കൈയിലെടുക്കാൻ. മത്സര ദിനങ്ങളിൽ മഴയും മഞ്ഞുവീഴ്ചയും കാലാവസ്ഥാ കേന്ദ്രങ്ങൾ പ്രവചിക്കുന്നു. അഞ്ചാം ടെസ്റ്റിന്റെ ആദ്യ രണ്ട് ദിനങ്ങളിലെയും ഏറ്റവും ഉയർന്ന താപനില 10 ഡിഗ്രി സെൽഷസ് മാത്രമായിരിക്കും എന്നാണ് റിപ്പോർട്ട്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഇന്നാരംഭിക്കുന്ന അഞ്ചാം ടെസ്റ്റ് ശരിക്കും “കോൾഡ് വാർ’’ ആണെന്നു ചുരുക്കം. ഫ്ളാറ്റാണ്, പക്ഷേ… ധരംശാലയിലേത് ഫ്ളാറ്റ് വിക്കറ്റാണെന്നാണ് റിപ്പോർട്ട്. എന്നാൽ, പേസർമാർക്ക് ആദ്യ മണിക്കൂറുകളിൽ അകമഴിഞ്ഞ പിന്തുണ ലഭിക്കും. എല്ലാ ദിവസവും ഇതായിരിക്കും പിച്ചിന്റെ സ്വഭാവം എന്നാണ് റിപ്പോർട്ട്. കാലാവസ്ഥയുടെ ആനുകൂല്യമാണ് പേസർമാർക്ക് ലഭിക്കുക. പാരന്പര്യമായി പേസർമാർക്ക് മുൻതൂക്കം നൽകുന്നതാണ് ധരംശാലയിലെ പിച്ച്. എന്നുവച്ച് സ്പിന്നർമാർക്ക് ആനുകൂല്യം ലഭിക്കില്ല എന്നല്ല. ധരംശാലയിൽ ഇതിനു മുന്പ് ഓസ്ട്രേലിയയുമായി 2017ൽ നടന്ന ടെസ്റ്റിൽ സ്പിന്നർമാരുടെ മികവിലായിരുന്നു ഇന്ത്യയുടെ ജയം. ബുംറ തിരിച്ചെത്തി റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ വിശ്രമം ലഭിച്ച പേസർ ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. പേസിന് പിന്തുണ ലഭിക്കുന്ന പിച്ചിൽ ബുംറ – മുഹമ്മദ് സിറാജ് ദ്വയം ന്യൂബോൾ ആക്രമണം നയിക്കുമോ എന്നാണ് അറിയേണ്ടത്. ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരിൽ ആരെങ്കിലും പുറത്ത് ഇരിക്കേണ്ടിയും വന്നേക്കാം. പരന്പര ഇതിനോടകം ഇന്ത്യ 3-1ന് സ്വന്തമാക്കിയതാണ്. അതുകൊണ്ടുതന്നെ തണുത്ത കാലാവസ്ഥയിലും കൂളായി രോഹിത് ശർമയ്ക്കും സംഘത്തിനും കളിക്കാം. എന്നാൽ, ജയത്തോടെ പരന്പര അവസാനിപ്പിച്ച് ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് വ്യത്യാസം വർധിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. നിലവിൽ 64.58 പോയിന്റ് ശതമാനവുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 60 പോയിന്റ് ശതമാനവുമായി ന്യൂസിലൻഡ് രണ്ടാമതും 59.09 ശതമാനവുമായി ഓസ്ട്രേലിയ മൂന്നാമതുമാണ്.
പടിവാതിലിൽ ദേവ്ദത്ത് മധ്യനിരയിൽ ദേവ്ദത്ത് പടിക്കലിന് അരങ്ങേറാൻ ഇന്ന് അവസരം ലഭിക്കുമോ എന്നതാണ് ഇന്ത്യ പ്ലേയിംഗ് ഇലവൻ പ്രഖ്യാപിക്കുന്പോൾ അറിയേണ്ടത്. മലയാളി വേരുകളുള്ള ദേവ്ദത്ത് പടിക്കലിനെ മധ്യനിര ബാറ്റിംഗിൽ ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. ഈ പരന്പരയിൽ മൂന്ന് പേർക്ക് അരങ്ങേറ്റത്തിനുള്ള അവസരം ഇന്ത്യ നൽകിയിരുന്നു. രജത് പാട്ടിദാർ, സർഫറാസ് ഖാൻ, വിക്കറ്റ് കീപ്പർ ബാറ്ററായ ധ്രുവ് ജുറെൽ എന്നിവരാണ് പരന്പരയിൽ ഇന്ത്യക്കായി അരങ്ങേറിയത്. ലഭിച്ച അവസരം ഇതുവരെ മുതലാക്കാത്ത പാട്ടിദാറിനു പകരം ദേവ്ദത്ത് പടിക്കിൽ എത്തിയേക്കുമെന്നാണ് സൂചന. ഇംഗ്ലണ്ട് ടീമിൽ മാറ്റം ധരംശാല: പരന്പരയുടെ തുടക്കം മുതൽ എന്നതുപോലെ അഞ്ചാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ ഇംഗ്ലണ്ട് ഒരു ദിവസം മുന്പ് പ്രഖ്യാപിച്ചു. റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ കളിച്ച സംഘത്തിൽ ഒരു മാറ്റംവരുത്തിയാണ് ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചത്. ഒല്ലി റോബിൻസണിനു പകരം പേസർ മാർക്ക് വുഡ് ടീമിൽ ഉൾപ്പെട്ടു. രാജ്കോട്ടിലെ മൂന്നാം ടെസ്റ്റിൽ മാർക്ക് വുഡ് കളിച്ചിരുന്നു. ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നേടാൻ വുഡിനു സാധിച്ചിരുന്നില്ല. റാഞ്ചിയിൽ റോബിൻസണിനും വിക്കറ്റ് ലഭിക്കാതിരുന്നതോടെയാണ് അഞ്ചാം ടെസ്റ്റിൽ പുറത്ത് ഇരിക്കേണ്ടിവന്നത്. ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റൊ, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഫോക്സ് (വിക്കറ്റ് കീപ്പർ), ടോം ഹാർട്ട്ലി, മാർക്ക് വുഡ്, ജയിംസ് ആൻഡേഴ്സണ്, ഷൊയ്ബ് മാലിക്.
Source link