വാഷിംഗ്ടൺ ഡിസി: സൂപ്പർ ചൊവ്വാ പ്രൈമറികളിൽ വിജയം തൂത്തുവാരിയ പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും നവംബറിലെ തെരഞ്ഞടുപ്പിൽ വീണ്ടും ഏറ്റുമുട്ടുമെന്ന് ഉറപ്പായി. ചൊവ്വാഴ്ച ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രൈമറി (പ്രസിഡന്റ് സ്ഥാനാർഥിയെ കണ്ടെത്താനുള്ള ഉൾപാർട്ടി തെരഞ്ഞെടുപ്പ്) നടന്ന 15 സംസ്ഥാനങ്ങളിലും പ്രസിഡന്റ് ജോ ബൈഡൻ ജയിച്ചു. യുഎസ് പ്രദേശമായ അമേരിക്കൻ സമോവയിൽ ഒട്ടും കേട്ടുകേൾവിയില്ലാത്ത ജേസൺ പാമർ എന്ന ബിസിനസുകാരൻ ബൈഡനെ തോല്പിച്ചെങ്കിലും ബൈഡന്റെ സ്ഥാനർഥിത്വത്തിന് ഇതൊട്ടും വെല്ലുവിളിയല്ല. പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ ട്രംപും ആധിപത്യം ഉറപ്പിച്ചു. 15 സംസ്ഥാനങ്ങളിൽ 14ലും അദ്ദേഹം ജയിച്ചു. അതേസമയം, വെർമോണ്ട് സംസ്ഥാനത്ത് ഇന്ത്യൻ വംശജയും മുൻ സൗത്ത് കരോളൈന ഗവർണറുമായ നിക്കി ഹേലി അട്ടിമറിയിലൂടെ ട്രംപിനെ തോൽപിച്ചു. ഇതിനു പിന്നാലെ നിക്കി ഹേലി ഇനി മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ചതോടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന്റെ സ്ഥാനാർഥിത്വം ഉറപ്പിക്കപ്പെട്ടു.
റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിനോട് മത്സരിക്കാനുണ്ടായിരുന്നവരെല്ലാം നേരത്തേതന്നെ പിൻവാങ്ങിയിരുന്നു. നിക്കി ഹേലി അവസാനം വരെ വീറോടെ പോരാടിയെങ്കിലും ഇനിയും തുടരുന്നതിൽ അർഥമില്ലെന്നു മനസിലാക്കി ഒഴിവാകുകയായിരുന്നു. നേരത്തേ അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലും നിക്കി ഹേലി ട്രംപിനെ തോല്പിച്ചിരുന്നു. റിപ്പബ്ലിക്കൻ പ്രൈമറി ജയിക്കുന്ന ആദ്യവനിതയെന്ന പദവിയും ഇതോടെ അവർ സ്വന്തമാക്കി. പ്രൈമറി കലണ്ടറിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ നടന്ന ദിവസമായിരുന്നു ചൊവ്വാഴ്ച നടന്നത്. മിന്നസോട്ട സംസ്ഥാനത്തെ ഡെമോക്രാറ്റിക് പ്രൈമറിയിൽ 20 ശതമാനം പേർ ആരെയും പിന്തുണയ്ക്കുന്നില്ലെന്നു വോട്ട് രേഖപ്പെടുത്തിയത് ശ്രദ്ധേയമായി. ഗാസ യുദ്ധത്തിൽ ബൈഡന്റെ നയങ്ങളോടുള്ള എതിർപ്പാണ് ഇവർ പ്രകടിപ്പിച്ചത്.
Source link