സിനിമ റിലീസ് ചെയ്തു കാണണം എന്നത് നിസാമിക്കയുടെ വലിയ ആഗ്രഹമായിരുന്നു: വേദനയോടെ സുബീഷ് സുധി

സിനിമ റിലീസ് ചെയ്തു കാണണം എന്നത് നിസാമിക്കയുടെ വലിയ ആഗ്രഹമായിരുന്നു: വേദനയോടെ സുബീഷ് സുധി | Subish Sudhi Nizam Rowther
സിനിമ റിലീസ് ചെയ്തു കാണണം എന്നത് നിസാമിക്കയുടെ വലിയ ആഗ്രഹമായിരുന്നു: വേദനയോടെ സുബീഷ് സുധി
ആർ.ബി. ശ്രീലേഖ
Published: March 06 , 2024 10:41 AM IST
2 minute Read
നിസാം റാവുത്തറിനൊപ്പം സുബീഷ് സുധി
‘ഒരു സർക്കാർ ഉൽപന്നം’ എന്ന ചിത്രത്തിന്റെ റിലീസിനു ദിവസങ്ങൾക്കു മുമ്പ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചത് വിശ്വസിക്കാനാകാതെ സഹപ്രവർത്തകർ. മനസ്സു നിറയെ ഗംഭീര കഥകളുള്ള മികച്ച കലാകാരനായിരുന്നു നിസാമെന്ന് നടൻ സുബീഷ് സുധി പറയുന്നു. സെൻസർ ബോർഡ് സിനിമയുടെ പേരു മാറ്റാൻ നിർദേശിച്ചത് നിസാം റാവുത്തറിനെ ഒരുപാട് വേദനിപ്പിച്ചിരുന്നുവെന്നനും ഒടുവിൽ വിഷമത്തോടെയാണ് ചിത്രത്തിന്റെ പേര് ഒരു സർക്കാർ ഉൽപ്പന്നം എന്നാക്കിയതെന്നും സുബീഷ് പറഞ്ഞു. ഈ ചിത്രത്തിൽ തന്നെ നായകനാക്കണമെന്ന് നിർദേശിച്ചത് നിസാം ആണെന്നും ചിത്രം റിലീസ് ചെയ്തു കാണാൻ ഒരുപാട് ആഗ്രഹിച്ച വ്യക്തി റിലീസിന് തൊട്ടുമുന്നേ വിടപറഞ്ഞത് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും സുബീഷ് സുധി മനോരമ ഓൺലൈനിനോട് പറഞ്ഞു. നിസാം റാവുത്തർ തിരക്കഥ എഴുതിയ സിനിമയായ ‘ഒരു സർക്കാർ ഉൽപന്ന’ത്തിൽ നായകനായി എത്തുന്നത് സുബീഷ് ആണ്.
‘‘നിസാമിക്ക ഹൃദയസ്തംഭനം മൂലം നമ്മെ വിട്ടുപോയി എന്നാണ് അറിഞ്ഞത് കൂടുതൽ ഒന്നും അറിയില്ല. ഞാൻ അദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് പോവുകയാണ്. ഒന്നും പറയാൻ കഴിയുന്നില്ല. ആകെ മനസ്സ് മരവിച്ച അവസ്ഥയിലാണ് ഞാൻ. ഈ സിനിമ റിലീസ് ചെയ്തു കാണണം എന്നുള്ളത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. സിനിമയ്ക്ക് മുന്നിൽ ഓരോ തടസങ്ങൾ വരുമ്പോഴും ഞങ്ങളേക്കാൾ കൂടുതൽ ടെൻഷൻ അടിച്ചത് അദ്ദേഹമാണ്. ഒടുവിൽ സെൻസർ ബോർഡിനു മുന്നിൽ വച്ച പടത്തിന്റെ പേര് മാറ്റാൻ പറഞ്ഞപ്പോൾ ഏറ്റവുമധികം വിഷമിച്ചത് അദ്ദേഹമാണ്. ‘ഒരു ഭാരത സർക്കാർ ഉൽപന്നം’ എന്ന പേര് അദ്ദേഹം ഇട്ടതാണ്. പേര് ഉൾപ്പെടെയാണ് കഥയുമായി അദ്ദേഹം വന്നത്. പേര് മാറ്റാൻ പറഞ്ഞപ്പോൾ വിഷമിച്ച് അവരുടെ മുന്നിൽ കൈകൂപ്പി ഈ പേര് ഇടാൻ അനുവദിക്കണം എന്ന് വരെ പറഞ്ഞു.
Read more at:തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് അദ്ദേഹം. അടൂർ ആണ് ജോലി ചെയ്യുന്നത്. 49 വയസ്സാണ്. ബിപി ഉണ്ടെന്ന് അല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിയില്ല. പടത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ നാഗരാജ് ആണ് എന്നോട് ഈ വിവരം പറഞ്ഞത്. ഞാൻ മൊബൈലിൽ നോക്കിയപ്പോൾ നിസാം ഇക്കയുടെ ഭാര്യയുടെ മിസ്സ്ഡ് കോൾ മൊബൈലിൽ കുറെ കിടക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി എനിക്ക് നല്ല ബന്ധമുണ്ട്. ഉറങ്ങിപ്പോയതു കാരണം ഫോൺ കോൾ വന്നത് കണ്ടില്ല. പിന്നീട് തിരിച്ചു വിളിച്ചപ്പോൾ കിട്ടിയതുമില്ല. വിവരമറിഞ്ഞ ഉടൻ ഞങ്ങൾ അവിടേക്ക് തിരിച്ചതാണ് അവിടെ എത്തിയാൽ മാത്രമേ കൂടുതൽ എന്തെങ്കിലും അറിയാൻ കഴിയൂ.
മനസ്സ് നിറയെ കഥകൾ ഉള്ള മനുഷ്യൻ ആണ് നിസ്സാം റാവുത്തർ എന്ന ഞങ്ങളുടെ നിസ്സാം ഇക്ക. ‘സക്കറിയയുടെ ഗർഭിണികൾ’ എന്ന ചിത്രത്തിന്റെ തിരക്കഥ അദ്ദേഹത്തിന്റേതായിരുന്നു. നമ്മുടെ സിനിമയിൽ അഭിനയിക്കാൻ വന്ന സംവിധായകൻ ലാൽ ജോസ് സാർ പറഞ്ഞത്, നിസ്സാമിന്റെ മനസ്സിൽ ഇൻഡസ്ട്രിയിൽ അധികമാരും ചിന്തിക്കാൻ സാധ്യതയില്ലാത്ത അത്യപൂർവമായ ഒരുപാട് കഥകളുണ്ട് എന്നാണ്.
ലാൽ ജോസ് സാർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ മറ്റു സംവിധായകരോട് ഗംഭീര കഥകളാണല്ലോ നിസാമിന്റെ അടുത്തുള്ളത് നമുക്ക് എന്താണ് ഇങ്ങനെ ഒന്നും ചിന്തിക്കാൻ കഴിയാത്ത എന്ന് പറഞ്ഞിട്ടുണ്ട്. ഇതിനും മുകളിലുള്ള ഒരുപാട് കഥകൾ നിസ്സാമിക്കയുടെ അടുത്തുണ്ട്. എന്നോട് തന്നെ ഒരുപാട് കഥകൾ പറയാറുണ്ട്. ഈ പടത്തിൽ ഞാൻ തന്നെ നായകനാകണം എന്ന് അദ്ദേഹമാണ് എന്നോട് പറഞ്ഞത്, ഞാൻ പറഞ്ഞത് ഇത് വേറെ ആരെയെങ്കിലും വച്ച് ചെയ്യാൻ ആണ്. പക്ഷേ സുബീഷ് ചെയ്താലേ ഞാൻ ഈ പടം ചെയ്യുന്നുള്ളൂ എന്ന് പറഞ്ഞു. ഈ പടം ഇറങ്ങുക എന്നുള്ളത് ഞങ്ങളുടടെ സ്വപ്നം ആയിരുന്നു. പക്ഷേ പടം ഇറങ്ങുന്നതിനു മുൻപ് നിസാമിക്ക പോയി. പടം തിയറ്ററിൽ പോയി കാണാൻ അദ്ദേഹം ഇല്ല എന്നത് ഞങ്ങൾക്കാർക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഇപ്പോഴും ഇത് സത്യമാണോ എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.’’– സുബീഷ് സുധി പറയുന്നു.
English Summary:
Subish Sudhi Remembering Nizam Rowther
7rmhshc601rd4u1rlqhkve1umi-list mo-celebrity-celebritydeath mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-03-06 7rmhshc601rd4u1rlqhkve1umi-2024-03-06 f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7rmhshc601rd4u1rlqhkve1umi-2024-03 636g3qht7m6642qd3kprfci84a
Source link