ഇന്ത്യൻ സൈനികരെ തുടരാൻ അനുവദിക്കില്ല: മാലദ്വീപ് പ്രസിഡന്റ്
മാലി: മേയ് പത്തിനുശേഷം സാധാരണ വേഷത്തിൽപോലും ഇന്ത്യൻ സൈനികരെ രാജ്യത്തു തുടരാൻ അനുവദിക്കില്ലെന്നു മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. രാജ്യത്തെ മൂന്ന് വ്യോമ കേന്ദ്രങ്ങളിൽ ഒന്നിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി കഴിഞ്ഞയാഴ്ച ഇന്ത്യൻ സംഘം ദ്വീപിൽ എത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യാവിരുദ്ധ നിലപാടുകൾ കടുപ്പിച്ചുള്ള പ്രഖ്യാപനം. ബാ അറ്റോളിലെ റെസിഡൻഷൽ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്പോഴാണ് ഇന്ത്യൻ സൈന്യത്തെ രാജ്യത്തുനിന്നും പുറത്താക്കുന്നതിൽ താൻ വിജയിച്ചു എന്നതുൾപ്പെടെ അവകാശവാദവും പ്രഖ്യാപനങ്ങളും മുഹമ്മദ് മുയിസു നടത്തിയത്. സൗജന്യ സൈനികസഹായത്തിന് ചൈന-മാലദ്വീപ് കരാർകൂടി രൂപപ്പെട്ട സാഹചര്യത്തിൽകൂടിയായിരുന്നു ഇത്. ഇന്ത്യൻ സൈന്യത്തെ തിരിച്ചയയ്ക്കുകയല്ല മറിച്ച് സാധാരണ വേഷത്തിൽ അവർ മടങ്ങിപ്പോവുകയാണ്. ഇന്ത്യൻ സൈന്യം ഒരു വേഷത്തിലും മേയ് പത്തിനുശേഷം ദ്വീപിൽ തുടരില്ലെന്ന് ആത്മവിശ്വാസത്തോടെ ഞാൻ പറയുകയാണെന്നും മുഹമ്മദ് മുയിസു വ്യക്തമാക്കി.
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ഉഭയകക്ഷിചർച്ചയിൽ മേയ് പത്തിനുള്ളിൽ ഇന്ത്യൻ സൈന്യം തിരിച്ചുപോരാമെന്ന ധാരണ രൂപപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ദ്വീപിലെ വ്യോമകേന്ദ്രങ്ങൾ നിയന്ത്രിക്കുന്ന ഇന്ത്യൻ സൈനികരെ പിൻവലിക്കുന്ന നടപടി അടുത്ത ഞായറാഴ്ച തുടങ്ങാനിരിക്കുകയാണ്. വ്യോമകേന്ദ്രങ്ങളുടെ നിയന്ത്രണത്തിന് 88 ഇന്ത്യൻ സൈനികരാണ് ദ്വീപിലുള്ളത്. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങളുള്ളവരെ വ്യോമമാർഗം ആശുപത്രിയിലെത്തിക്കുകയും മാനുഷിക സഹായങ്ങൾ ലഭ്യമാക്കുകയുമായിരുന്നു ഇവരുടെ ചുമതല.
Source link