ക്യാപ്റ്റൻ കമ്മിൻസ്
ഹൈദരാബാദ്: ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഐപിഎൽ ട്വന്റി-20 ടീമിന്റെയും നായക പദവിയിൽ. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 2024 എഡിഷൻ ഐപിഎല്ലിൽ നയിക്കുക പാറ്റ് കമ്മിൻസ്. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രത്തെ മാറ്റിയാണ് കമ്മിൻസിനെ സണ്‍റൈസേഴ്സ് ക്യാപ്റ്റനാക്കിയത്. പേസ് ബൗളറായ കമ്മിൻസ് ഐപിഎൽ ക്യാപ്റ്റനാകുന്നത് ഇതാദ്യമാണ്. 2024 ഐപിഎൽ താര ലേലത്തിൽ 20.50 കോടി രൂപ മുടക്കിയാണ് സണ്‍റൈസേഴ്സ് കമ്മിൻസിനെ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത് ലേലമായിരുന്നു അത്. ഐപിഎല്ലിൽ ഒരു താരത്തിന്റെ ലേലം ആദ്യമായി 20 കോടി കടന്നതും കമ്മിൻസിന്റെ പേരിലായിരുന്നു. എന്നാൽ, കമ്മിൻസിന്റെ പിന്നാലെ മറ്റൊരു ഓസീസ് പേസറായ മിച്ചൽ സ്റ്റാർക്കിനെ 24.75 കോടി മുടക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി സ്റ്റാർക്ക് അതോടെ മാറി.
2023ൽ കമ്മിൻസിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ്, 2023 ഏകദിന ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു. 2023 ഐപിഎല്ലിൽ എയ്ഡൻ മാർക്രത്തിന്റെ കീഴിൽ സണ്‍റൈസേഴ്സ് ദയനീയ പ്രകടനമായിരുന്നു കാഴ്ചവച്ചത്. സീസണിൽ കളിച്ച 14 മത്സരങ്ങളിൽ നാല് ജയം മാത്രമേ സണ്‍റൈസേഴ്സ് നേടിയുള്ളൂ. ഐപിഎല്ലിൽ 42 മത്സരങ്ങളിൽ 45 വിക്കറ്റ് കമ്മിൻസിന്റെ പേരിലുണ്ട്. മൂന്ന് അർധസെഞ്ചുറിയടക്കം 379 റണ്‍സും നേടി. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി 14 പന്തിൽ അർധസെഞ്ചുറി നേടിയ ചരിത്രവും കമ്മിൻസിനുണ്ട്.
Source link