വന്യജീവി ആക്രമണം: കർഷകരെ രക്ഷിക്കാൻ 14 ഇന ശുപാർശകളുമായി ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്

കൊൽക്കത്ത∙ ബംഗാളിലും കേരളത്തിലും വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും മനുഷ്യക്കുരുതിയും തടയുന്നതിനു സഹായകമായ 14 ശുപാർശകൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് കേന്ദ്രസർക്കാരിന് സമർപ്പിച്ചു. വന്യജീവിആക്രമണം ഏറിവരുന്ന വനമേഖലകളിൽ അടിയന്തരമായി ക്യാരിയിങ് കപ്പാസിറ്റി പഠനം നടത്തണമെന്നതാണ് ആനന്ദബോസ് കേന്ദ്രത്തിന് സമർപ്പിച്ച പ്രധാന ശുപാർശ. ഓരോ വനമേഖലയ്ക്കും ഉൾക്കൊള്ളാൻ കഴിയുന്ന വന്യജീവികളുടെ എണ്ണത്തിനു പരിധിയുണ്ട്. ഈ പരിധി കവിയുമ്പോഴാണ് മൃഗങ്ങൾ നാട്ടിലേയ്ക്ക് ഇറങ്ങുന്നത്. ആ സാഹചര്യത്തിൽ പരിധിക്കപ്പുറം ഉള്ള മൃഗസമ്പത്തിനെ കാട്ടിനുള്ളിൽ തന്നെ സുസ്ഥിരമായ രീതിയിൽ വിന്യസിക്കാനുള്ള മാർഗങ്ങൾ പലതുണ്ട്. അത് എത്രയും വേഗം സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആനന്ദ ബോസ് പറഞ്ഞു.
മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ദൂരീകരിക്കാനും ലഘൂകരിക്കാനും സഹായകമായ മറ്റു പ്രധാന ശുപാർശകൾ ഇവയാണ് :∙ മൃഗങ്ങളെ അകറ്റാനുള്ള താൽക്കാലികമാർഗ്ഗം എന്ന നിലയിൽ സ്ട്രോബ് ലൈറ്റുകൾ സ്ഥാപിക്കുക. മതിയായ തോതിൽ വൈദ്യുത വേലികൾ സ്ഥാപിക്കുക. മൃഗങ്ങളുടെ, പ്രത്യേകിച്ച് കടുവകളുടെ അക്രമ സ്വഭാവം പരിഗണിച്ച് സംരക്ഷണ മാസ്കുകൾ ധരിക്കുക .
∙വന്യജീവികളുടെ ഇടനാഴികൾ ശാസ്ത്രീയമായ രീതിയിൽ ഏർപ്പെടുത്തുക. ജിപിഎസ് മാപ്പിങ് കോളറും ജി.ഐ.എസ് സോഫ്റ്റ്‌വെയറും ആവശ്യാനുസരണം ഉപയോഗപ്പെടുത്തുക .
∙വന്യമൃഗങ്ങളുടെ പെരുമാറ്റരീതിയെകുറിച്ചും അവയിൽനിന്ന് രക്ഷനേടാനുള്ള മാർഗ്ഗങ്ങളെകുറിച്ചും അവബോധം ഉണ്ടാക്കുന്ന രീതിയിൽ പഠന – പ്രചാരണങ്ങൾ നടത്തുക
∙വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണം സംഭവിച്ചവർക്കും വിളകൾ നഷ്ടപ്പെട്ടവർക്കും ഉടനടി നഷ്ടപരിഹാരവും സാമ്പത്തിക സഹായവും നൽകുക.
∙മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തെ ഫലപ്രദമായി നേരിടാൻ ഒരു റിസ്ക് ഫണ്ട് രൂപീകരിക്കുക .
ആധുനിക സാങ്കേതികവിദ്യ, പ്രത്യേകിച്ച് നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുക .
മനുഷ്യ വന്യമൃഗ സംഘർഷം ഏറിയ പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങളിൽ നിന്ന് തെളിവെടുത്ത്, ഉചിതമായ മേൽനടപടികൾ ശുപാർശ ചെയ്യാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുക
∙പരമ്പരാഗതമായ സംരക്ഷണ രീതികളും സുരക്ഷാ ഉപകരണങ്ങളും പ്രോത്സാഹിപ്പിക്കുക.വനഭൂമി മൃഗങ്ങൾക്ക് അന്യമാവാതെ നോക്കാനും കർഷകരുടെ വിളകൾ വന്യമൃഗങ്ങങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഉതകുന്ന രീതിയിൽ ഭൂവിനിയോഗം ക്രമപ്പെടുത്തുക. അതിനായി ജനപങ്കാളിത്തത്തോടെ ദീർഘകാല പദ്ധതി തയ്യാറാക്കുക.സംഘർഷ സാധ്യതയുള്ള വനമേഖലകളിൽ ഡ്രോണുകൾ പോലുള്ള ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് വ്യോമ നിരീക്ഷണം ശക്തമാക്കുക
∙സർക്കാരിന്റെ പദ്ധതികൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കുക എന്ന നില മാറി ജനങ്ങളുടെ പദ്ധതികൾ സർക്കാർപങ്കാളിത്തത്തോടെ നടപ്പാക്കുക എന്ന ശൈലി സ്വാംശീകരിക്കുക.
Source link