രാമേശ്വരം കഫേ സ്ഫോടനക്കേസ് എൻഐഎയ്ക്ക്; ‘ബോംബ് ബെംഗളൂരു’ എന്ന് ബിജെപി പ്രചാരണം

രാമേശ്വരം കഫേ സ്ഫോടനക്കേസ് എൻഐഎയ്ക്ക്; ‘ബോംബ് ബെംഗളൂരു’ എന്ന് ബിജെപി പ്രചാരണം – NIA – Manorama News
രാമേശ്വരം കഫേ സ്ഫോടനക്കേസ് എൻഐഎയ്ക്ക്; ‘ബോംബ് ബെംഗളൂരു’ എന്ന് ബിജെപി പ്രചാരണം
ഓൺലൈൻ ഡെസ്‌ക്
Published: March 04 , 2024 10:06 AM IST
1 minute Read
ബ്രൂക്ക്ഫീൽഡ് രാമേശ്വരം കഫെയിൽ സ്ഫോടനം നടന്നശേഷമുള്ള ദൃശ്യങ്ങൾ (സിസിടിവി വിഡിയോയിൽനിന്ന്.)
ബെംഗളൂരു ∙ രാമേശ്വരം കഫേ സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. 10 പേരുടെ പരുക്കിനിടയാക്കി, ബ്രൂക്ക്ഫീൽഡ് രാമേശ്വരം കഫേയിൽ കഴിഞ്ഞ ഒന്നിന് നടന്ന സ്ഫോടനം ബെംഗളൂരു പൊലീസിനു കീഴിലുള്ള സെൻട്രൽ ക്രൈം ബ്രാഞ്ചാണ് (സിസിബി) നിലവിൽ അന്വേഷിക്കുന്നത്. യുഎപിഎ കൂടി ചുമത്തിയ കേസിൽ അറസ്റ്റ് വൈകുന്നതിനെ തുടർന്ന് എൻഐഎക്ക് കൈമാറണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുണ്ടായിരുന്നു.
Read Also: പി.സി.ജോർജിനോട് ബിജെപി കേന്ദ്ര നേതൃത്വത്തിന് അമർഷം; അനുനയിപ്പിക്കാൻ അനിൽ നേരിട്ടെത്തും
ഇതിനിടെ, ഹോട്ടൽ വ്യാപാര രംഗത്തെ കുടിപ്പക ഉൾപ്പെടെയുള്ള സാധ്യതകൾ പൊലീസ് അന്വേഷിക്കുന്നതായി ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, ബെംഗളൂരു സുരക്ഷിതമല്ലെന്ന് മനഃപൂർവം സ്ഥാപിക്കാനോ, ബെംഗളൂരുവിലേക്ക് വരാൻ താൽപര്യപ്പെടുന്ന നിക്ഷേപകരെ ഭയപ്പെടുത്താനോ സ്ഫോടനം കൊണ്ടു ലക്ഷ്യമിട്ടിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.
നിലവിൽ സിസിബിയുടെ 8 പ്രത്യേക സംഘങ്ങൾക്കാണ് അന്വേഷണച്ചുമതല. എൻഐഎയും നാഷനൽ സെക്യൂരിറ്റി ഗ്രൂപ്പും (എൻഎസ്ജി) ഇന്റലിജൻസ് ബ്യൂറോയും (ഐബിയും) സമാന്തരമായി രംഗത്തുണ്ട്. പ്രതിയെ പിടികൂടാനായി 40–50 സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. പ്രതി മുഖംമറച്ച് യാത്ര ചെയ്ത ബിഎംടിസി ബസും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
∙ ‘ബോംബ് ബെംഗളൂരു’ എന്ന് ബിജെപിഇതിനിടെ, നഗരം ‘ബ്രാൻഡ് ബെംഗളൂരു’ അല്ല ‘ബോംബ് ബെംഗളൂരു’ ആണെന്ന് ആരോപിച്ച് ബിജെപി നടത്തിവരുന്ന സമൂഹമാധ്യമ പ്രചാരണം മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചു. ബിജെപി ഭരിക്കുമ്പോൾ നടന്ന 4 സ്ഫോടന സംഭവങ്ങളുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. മംഗളൂരു പ്രഷർകുക്കർ സ്ഫോടനവും മല്ലേശ്വരം ബിജെപി ആസ്ഥാനത്തു നടന്ന സ്ഫോടനവും ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഈ ചോദ്യമുന്നയിച്ചത്. സർക്കാരിന്റെ പ്രതിഛായ നശിപ്പിക്കാൻ സ്ഫോടനത്തിന്റെ പേരിൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പു നടത്തുകയാണെന്ന് ശിവകുമാറും ആരോപിച്ചു.
അതിനിടെ, രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിധാൻസൗധയിൽ പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവവും രാമേശ്വരം കഫേ സ്ഫോടനവും തമ്മിൽ ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര ആരോപിച്ചു. മുദ്രാവാക്യം സംബന്ധിച്ചുള്ള ഫൊറൻസിക് പരിശോധനാഫലം സർക്കാർ പുറത്തുവിടാത്തതാണ് സംശയത്തിന് ഇടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
English Summary:
NIA to Probe Rameshwaram Blast Case
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-04 mo-news-national-states-karnataka 1c3updio3sbmqnp8pihj0pi59k 5us8tqa2nb7vtrak5adp6dt14p-2024-03-04 5us8tqa2nb7vtrak5adp6dt14p-2024 mo-judiciary-lawndorder-nia 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-news-common-bengalurunews 40oksopiu7f7i7uq42v99dodk2-2024
Source link