മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ആവേശകരമായ മത്സരത്തിൽ റയൽ മാഡ്രിഡ്- വലൻസിയ മത്സരം 2-2 സമനിലയിൽ. ഇഞ്ചുറി ടൈമിൽ ജൂഡ് ബെല്ലിങ്ഗം വലകുലുക്കിയെങ്കിലും ഇതിനു തൊട്ടുമുന്പ് ഫൈനൽ വിസിൽ മുഴക്കി റഫറി ഗോൾ നിഷേധിച്ചു. റഫറിയുമായി തർക്കിച്ചതിന് ബെല്ലിങ്ഗമിന് ചുവപ്പ് കാർഡ് കിട്ടുകയും ചെയ്തു. വിനീഷ്യസിനെതിരേ കഴിഞ്ഞ വർഷം മേയ് 21ന് ഇതേ ഗ്രൗണ്ടിൽവച്ച് വിനീഷ്യസിന് വലൻസിയ ആരാധകരിൽനിന്ന് വംശീയാധിക്ഷേപം ഉണ്ടായശേഷം ആദ്യമായാണ് റയലും ബ്രസീലിയൻ താരവും അവിടെയെത്തുന്നത്. ഇത്തവണ താരത്തിനെതിരേ വംശീയാധിക്ഷേപത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളൊന്നും വന്നിട്ടില്ലെങ്കിലും ആരാധകർ വിനീഷ്യസിനെ വിഡ്ഢിയെന്നു വിളിച്ച് ആക്ഷേപിച്ചു.
രണ്ടു ഗോളിനു പിന്നിൽനിന്ന ശേഷം വിനീഷ്യസ് ജൂണിയറിന്റെ ഇരട്ട ഗോളാണ് (45+5’, 76’) റയലിന് സമനില നൽകിയത്. ആദ്യ ഗോളിനുശേഷം വലൻസിയ ആരാധകർക്കു മുന്നിൽ മുഷ്ടിചുരുട്ടി നിന്നു. 27-ാം മിനിറ്റിൽ ഹ്യൂഗോ ഡുരോ വലൻസിയയെ മുന്നിലെത്തിച്ചു. റയൽ പ്രതിരോധതാരം ഡാനി കർവാഹലിന്റെ പിഴവിൽ റൊമാൻ യാരംചുക് (30’) ആതിഥേയരുടെ ലീഡ് ഉയർത്തി. 66 പോയിന്റുമായി റയലാണ് ഒന്നാമത്.
Source link