കയ്റോ: ഗാസയിൽ വെടി നിർത്താൻ ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്റോയിൽ നടക്കുന്ന ചർച്ചകൾ ഫലപ്രാപ്തിയിലേക്കെന്നു സൂചന. ഹമാസിന്റെ പ്രതിനിധിസംഘം കയ്റോയിൽ എത്തിച്ചേർന്നുവെന്നാണു റിപ്പോർട്ട്. വെടിനിർത്തൽ കരാർ ഇസ്രയേൽ ഏറെക്കുറെ അംഗീകരിച്ചുകഴിഞ്ഞതായി പേരു വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആറാഴ്ചത്തെ വെടിനിർത്തലാണു പരിഗണിക്കുന്നത്. ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളെയും ഇസ്രേലി ജയിലിലുള്ള പലസ്തീനികളെയും ഇക്കാലയളവിൽ മോചിപ്പിക്കും. ഗാസയിൽ വ്യാഴാഴ്ച ഭക്ഷണത്തിനായി കാത്തുനിന്ന 112 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് വെടിനിർത്തൽ ചർച്ചകൾ ഊർജിതമായത്. ഹമാസ്, ഇസ്രയേൽ പ്രതിനിധി സംഘങ്ങൾ ചർച്ചയിൽ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി മധ്യസ്ഥശ്രമങ്ങൾക്കു നേതൃത്വം നല്കുന്ന ഖത്തറും ഈജിപ്തും പറഞ്ഞു. 24-48 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ ധാരണ ഉണ്ടാകുമെന്നു ഹമാസ് വൃത്തങ്ങൾ അറിയിച്ചതായി ചില റിപ്പോർട്ടുകളിൽ പറയുന്നു. റംസാനോട് അടുത്ത് വെടിനിർത്തലുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തേ സൂചിപ്പിച്ചിരുന്നു.
ഇതിനിടെ, വടക്കൻ ഗാസ ക്ഷാമത്തിന്റെ പിടിയിലാണെന്ന് അവിടം സന്ദർശിച്ച നോർവീജിയൻ റെഫ്യൂജി കൗൺസിൽ മേധാവി യാൻ ഈജ്ലാൻഡ് പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങളിൽ കഴിയുന്ന മൂന്നു ലക്ഷം പേർക്കു കഴിക്കാനൊന്നുമില്ല. വിശക്കുന്നു, മരിക്കുന്നു എന്നൊക്കെയാണ് ജനങ്ങൾ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിൽ ഇസ്രേലി സേന ആക്രമണം നിർത്തിയിട്ടില്ല. റാഫയിലെ ക്യാന്പിൽ ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ആശുപത്രിയിൽ 15 കുട്ടികൾ മരിച്ചു കയ്റോ: ഗാസയിലെ കമാൽ അഡ്വാൻ ആശുപത്രിയിൽ നിർജലീകരണവും പോഷകാഹാരക്കുറവും മൂലം 15 കുട്ടികൾ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജനറേറ്റർ നിലച്ച് വൈദ്യുതി ഇല്ലാതായതോടെ ഐസിയുവിൽ കഴിയുന്ന മറ്റ് ആറു കുട്ടികൾ അപകടാവസ്ഥയിലായെന്നും അറിയിപ്പിൽ പറയുന്നു.
Source link