രഞ്ജി രാജാ; രഞ്ജി ട്രോഫി സെമിയിൽ മുംബൈയുടെ ഷാർദുൾ ഠാക്കൂറിന് സെഞ്ചുറി
മുംബൈ: 2024 സീസണ് രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയിൽ തീപ്പൊരിപ്പോരാട്ടം. മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലെക്സ് മൈതാനത്ത് നടക്കുന്ന മുംബൈയും തമിഴ്നാടും തമ്മിലുള്ള സെമിയിൽ സെഞ്ചുറിയുമായി ഷാർദുൾ ഠാക്കൂറിന്റെ മിന്നും പ്രകടനം. മത്സരത്തിന്റെ രണ്ടാംദിനമായ ഇന്നലെയാണ് ഷാർദുൾ ഠാക്കൂർ സെഞ്ചുറിയുമായി ചെറുത്തുനിന്ന് മുംബൈയെ കരകയറ്റിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത തമിഴ്നാട് 146 റണ്‍സിനു പുറത്തായിരുന്നു. തുടർന്ന് ക്രീസിലെത്തിയ മുംബൈ ഏഴിന് 106 എന്ന നിലയിൽ തകർന്നു നിൽക്കുന്പോഴായിരുന്നു ഷാർദുൾ ഠാക്കൂർ ക്രീസിലെത്തിയത്. ഒന്‍പതാം നന്പറായി ക്രീസിലെത്തിയ ഷാർദുൾ 105 പന്തിൽ നാല് സിക്സും 13 ഫോറും അടക്കം 109 റണ്‍സ് നേടി. ഷാർദുളും ഹാർദിക് തമോറെയും (35) ചേർന്ന് എട്ടാം വിക്കറ്റിൽ 105 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് മുംബൈയെ കരകയറ്റിയത്. തനുഷ് കൊടിയനും (74 നോട്ടൗട്ട്) ഷാർദുളും ചേർന്ന് ഒന്‍പതാം വിക്കറ്റിൽ 79 റണ്‍സ് നേടി. 10-ാം നന്പറായി ക്രീസിലെത്തിയ തനുഷ് കൊടിയനും 11-ാമൻ തുഷാർ ദേഷ്പാണ്ഡെയുമാണ് (17 നോട്ടൗട്ട്) ക്രീസിൽ. 10-ാം വിക്കറ്റിൽ ഇവർ 88 പന്തിൽ അഭേദ്യമായ 63 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്. അതോടെ 353/9 എന്ന നിലയിൽ മുംബൈ രണ്ടാംദിനം അവസാനിപ്പിച്ചു. 207 റണ്‍സ് ലീഡുമായാണ് മൂന്നാംദിനമായ ഇന്ന് മുംബൈ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കുക. ഷാർദുൾ ഠാക്കൂറിന്റെ സെഞ്ചുറിയാണ് മുംബൈയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഷാർദുളിന്റെ ആദ്യ സെഞ്ചുറിയാണ്. 95ൽനിന്ന് സിക്സർ പറത്തിയായിരുന്നു ഷാർദുൾ സെഞ്ചുറിയിലേക്ക് എത്തിയത്, അതും നേരിട്ട 90-ാം പന്തിൽ. ശ്രേയസ് ബി സന്ദീപ് 3 ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽനിന്ന് ഒഴിവായി, ബിസിസിഐ കരാറിൽനിന്നും തഴയപ്പെട്ട ശ്രേയസ് അയ്യർ മുംബൈക്കുവേണ്ടി ഇന്നലെ ക്രീസിലെത്തി. എട്ട് പന്തിൽ മൂന്ന് റണ്‍സ് നേടിയ ശ്രേയസ് അയ്യറിനെ തമിഴ്നാടിന്റെ മലയാളി പേസ് ബൗളർ സന്ദീപ് വാര്യർ ബൗൾഡാക്കി. തൃശൂർകാരനായ സന്ദീപ് 2021 ജൂലൈ മുതൽ തമിഴ്നാടിലേക്ക് ചുവടുമാറിയിരുന്നു.
ശ്രേയസ് അയ്യറിനു മാത്രമല്ല, ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (19), ഓപ്പണർ പൃഥ്വി ഷാ (5) എന്നിവർക്കും ബാറ്റിംഗിൽ തിളങ്ങാനായില്ല. ഐസിസി അണ്ടർ 19 ലോകകപ്പിൽ തിളങ്ങിയ മുഷീർ ഖാൻ 131 പന്തിൽ 55 റണ്‍സ് നേടി. തമിഴ്നാടിന്റെ ഒന്നാം ഇന്നിംഗ്സിൽ വിജയ് ശങ്കറാണ് (44) ടോപ് സ്കോറർ. ഇന്ത്യൻ ടീമിൽനിന്ന് റിലീസ് നേടിയെത്തിയ വാഷിംഗ്ടണ്‍ സുന്ദർ 43 റണ്‍സ് എടുത്തു. മുംബൈക്കുവേണ്ടി ഷാർദുൾ ഠാക്കൂർ, മുഷീർ ഖാൻ, തനുഷ് കൊടിയൻ എന്നിവർ രണ്ട് വീതവും തുഷാർ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റും വീഴ്ത്തി. ആറ് വിക്കറ്റ് വീഴ്ത്തിയ സായ് കിഷോറാണ് പന്തു കൊണ്ട് തമിഴ്നാട് നിരയിൽ തിളങ്ങിയത്. മധ്യപ്രദേശ് പട നയിച്ച് മന്ത്രി നാഗ്പുർ: വിദർഭ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന മധ്യപ്രദേശും വിദർഭയും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയിൽ ഹിമാർഷു മന്ത്രിക്ക് സെഞ്ചുറി. മധ്യപ്രദേശിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ ഹിമാൻഷു 265 പന്തിൽ 126 റണ്‍സ് നേടി. മന്ത്രിയുടെ സെഞ്ചുറി ബലത്തിൽ മധ്യപ്രദേശ് ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. ടോസ് നേടി ക്രീസിലെത്തിയ വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് 170ൽ അവസാനിച്ചിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 47 എന്ന നിലയിൽ രണ്ടാംദിനമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച മധ്യപ്രദേശ് 252ന് പുറത്തായി. തുടർന്ന് രണ്ടാം ഇന്നിംഗ്സിനായി ഇറങ്ങിയ വിദർഭ 13/1 എന്നനിലയിലാണ് രണ്ടാംദിനം അവസാനിപ്പിച്ചത്. 26 റണ്‍സുമായി ആയിരുന്നു ഹിമാർഷു ഇന്നലെ ക്രീസിലെത്തിയത്. നേരിട്ട 210-ാം പന്തിൽ സെഞ്ചുറി നേടി. ഒരു സിക്സും 13 ഫോറും അടങ്ങുന്നതാണ് ഹിമാൻഷുവിന്റെ 126 റണ്‍സ്. മധ്യപ്രദേശിനായി ഒന്നാം ഇന്നിംഗ്സിൽ ആവേശ് ഖാൻ നാല് വിക്കറ്റ് വീഴ്ത്തി. വിദർഭയ്ക്കുവേണ്ടി ഉമേഷ് യാദവ്, യഷ് ഠാക്കൂർ എന്നിവർ മൂന്ന് വിക്കറ്റ് നേടി.
Source link