ഭക്ഷണത്തിനു കാത്തുനിന്നവർ കൊല്ലപ്പെട്ട സംഭവം: ഒട്ടേറെപ്പേരുടെ പരിക്ക് വെടിയേറ്റതു മൂലം
കയ്റോ: ഗാസയിൽ ഭക്ഷണത്തിനു കാത്തുനിന്നവർ കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ ആശുപത്രിയിൽ ചികിത്സ തേടിയ ഒട്ടേറെപ്പരുടെ പരിക്ക് വെടിയേറ്റതു മൂലമാണെന്ന് യുഎൻ ഉദ്യോഗസ്ഥൻ. അൽ ഷിഫ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഇരുനൂറോളം പേരെ സന്ദർശിച്ച യുഎൻ സഹായ വിഭാഗം ഉദ്യോഗസ്ഥൻ ജോർജിയോസ് പെട്രോപൗലോസ് ആണ് ഇക്കാര്യം അറിയിച്ചത്. തിക്കിലും തിരക്കിലും പരിക്കേറ്റവരും ഇക്കൂട്ടത്തിലുണ്ടെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു. അൽ അവ്ദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 176ൽ 142 പേർക്കും വെടിവയ്പിലാണു പരിക്കേറ്റതെന്ന് ആശുപത്രി മാനേജർ ഡോ. മുഹമ്മദ് സൽഹ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ ഗാസാ സിറ്റിയുടെ തീരപ്രദേശത്ത് 112 പേർ മരിക്കുകയും 760 പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഹമാസും ഇസ്രയേലും പരസ്പരവിരുദ്ധ കാര്യങ്ങളാണ് പറയുന്നത്. ഭക്ഷണത്തിനു കാത്തുനിന്ന ജനക്കൂട്ടത്തിനു നേർക്ക് ഇസ്രേലി സേന വെടിയുതിർക്കുകയായിരുന്നുവെന്ന് ഹമാസ് ആരോപിക്കുന്നു.
എന്നാൽ തിക്കുംതിരക്കും ഉണ്ടാവുകയായിരുന്നുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. തള്ളലിലും വീണവർക്കു ചവിട്ടേറ്റുമാണ് ഒട്ടേറെപ്പേർക്കു പരിക്കേറ്റതെന്ന് ഇസ്രേലി സൈനിക വക്താവ് ഡാനിയൽ ഹാഗാരി പറയുന്നു. ഭക്ഷ്യവസ്തുക്കളുമായി വന്ന ലോറികളെ ആക്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഇസ്രേലി സൈനികർ കുറച്ചുതവണ ജാഗ്രതയോടെ വെടിയുതിർത്തുവെന്ന് ലഫ്. കേണൽ പീറ്റർ ലേണർ പറഞ്ഞു. ഇസ്രേലി സേനയ്ക്കു സംഭവത്തിൽ പങ്കില്ലെന്നും പലസ്തീൻ സായുധ ഗ്രൂപ്പുകളാണ് വെടിവയ്പിനു പിന്നിലെന്നും പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേശകൻ മാർക്ക് രെഗവ് പറയുന്നു. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ലോകനേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Source link