സുകുവേട്ടൻ തന്ന പൊതിയിൽ മാലയ്‌ക്കൊപ്പം ഒരു താലിയും: മല്ലിക സുകുമാരൻ അഭിമുഖം

സുകുവേട്ടൻ തന്ന പൊതിയിൽ മാലയ്‌ക്കൊപ്പം ഒരു താലിയും: മല്ലിക സുകുമാരൻ അഭിമുഖം | Mallika Sukumaran Life
സുകുവേട്ടൻ തന്ന പൊതിയിൽ മാലയ്‌ക്കൊപ്പം ഒരു താലിയും: മല്ലിക സുകുമാരൻ അഭിമുഖം
ബിബിന ജോൺ ലൂക്ക
Published: March 02 , 2024 09:49 AM IST
1 minute Read
മല്ലിക സുകുമാരൻ
ജീവിത പ്രതിസന്ധികളെ ധൈര്യപൂർവം നേരിട്ട വ്യക്തി, എന്നതിലപ്പുറം മലയാള സിനിമയുടെ ദിശാബോധത്തിന് ആക്കം കൂട്ടിയ സിനിമകളിൽ നെടുംതൂണായി നിന്ന അഭിനേത്രി, അതാണ് മലയാളത്തിന് മല്ലിക സുകുമാരൻ എന്ന കലാകാരി. ഉത്തരായനത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിം മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ക്വീൻ എലിസബത്ത് വരെയുള്ള നീണ്ട 50 വർഷങ്ങൾക്കിടയിൽ പലതരം വേഷപ്പകർച്ചകളിലൂടെ മലയാളികളുടെ മനസിൽ സിനിമ നിറച്ച വ്യക്തിത്വം. സ്വപ്നാടനത്തിലെ റോസി ചെറിയാൻ, ഉത്തരായനത്തിലെ രാധ, കുടുംബം നമുക്ക് ശ്രീകോവിൽ എന്ന ചിത്രത്തിലെ സുമിത്ര, അങ്ങനെ നിരവധി കഥാപാത്രങ്ങൾ. എല്ലാ വേഷങ്ങളും പ്രിയപ്പെട്ടതാണെങ്കിലും താനുമായി ഏറെ സാമ്യമുള്ളതും ഏറ്റവും പ്രിയപ്പെട്ടതുമായ വേഷം സാറാസിലെ അമ്മ വേഷമാണെന്നാണ് താരം പറയുന്നത്. നർമം കലർത്തിയ സംസാര ശൈലിയും എന്തും തുറന്നടിച്ചു പറയുന്ന പ്രകൃതവുമാണ് മല്ലികാ സുകുമാരനെ പ്രേക്ഷകരോട് ചേർത്തു നിർത്തിയത്. സിനിമാ ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും ചില അനുഭവങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് മല്ലികാ സുകുമാരൻ.
സുകുമാരനുമായുള്ള പ്രണയം
അവളുടെ രാവുകൾ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സുകുവേട്ടനുമായി അടുക്കുന്നത്. സീമയ്ക്ക് ഡബ്ബു ചെയ്യുമോ എന്നാവശ്യപ്പെട്ട് സുകുവേട്ടനും പപ്പുവേട്ടനും എന്നെ വന്നു കാണുകയായിരുന്നു. പിന്നീട് അവളുടെ രാവുകൾ ശരിക്കും എന്റെ രാവുകളായി മാറുകയായിരുന്നു. കാത്തിരുന്ന നിമിഷം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് വിവാഹക്കാര്യത്തെക്കുറിച്ച് സുകുവേട്ടൻ എന്നോട് പറയുന്നത്. വിവാഹം കഴിക്കണോ വേണ്ടയോ എന്നുള്ള സംശയമായിരുന്നു ആദ്യമൊക്കെ. അങ്ങനെയിരിക്കെ എൻറെ പിറന്നാൾ ദിനത്തിൽ സുകുവേട്ടൻ എനിക്കൊരു സമ്മാനം തന്നു. ഒരു ചെയിനും മാലയുമായിരുന്നു പൊതിക്കുള്ളിൽ.
പൊതിയഴിച്ചു നോക്കിയപ്പോൾ മാലയ്ക്കൊപ്പം ഒരു താലിയുമുണ്ടായിരുന്നു. ശരിക്കും ഞാൻ ഞെട്ടിപ്പോയി. പിന്നീടാണ് സുകുവേട്ടൻ വീട്ടിൽ വന്ന് വിവാഹം കഴിച്ചു തരണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടതും ഞങ്ങൾ വിവാഹം കഴിക്കുന്നതും. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഞങ്ങൾ വിവാഹം കഴിച്ച വിവരം ഒരു മാസത്തിന് ശേഷമാണ് സിനിമയിലുള്ളവരും സുഹൃത്തുക്കളുമൊക്കെ അറിഞ്ഞത്. എന്നാൽ ഞങ്ങളുടെ പ്രണയം കമൽഹാസൻ ആദ്യം തന്നെ മണത്തറിഞ്ഞിരുന്നു.
വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുമ്പോഴായിരുന്നു ജയന്റെ മരണം
പീരുമേട്ടിൽ ഞങ്ങൾ താമസിച്ചിരുന്ന റിസോർട്ടിലേക്ക് മരിക്കുന്നതിന് 3 ദിവസം മുമ്പ് ജയൻ വന്നിരുന്നു. കോട്ടും സ്യൂട്ടുമൊക്കെ ഇട്ടായിരുന്നു വരവ്. ഇന്ദ്രൻ അന്ന് കുഞ്ഞായിരുന്നു. വന്നയുടൻ മോനേ എന്നു വിളിച്ച് ഇന്ദ്രനെ എടുത്തതും ഇന്ദ്രൻ ജയന്റെ ഉടുപ്പിലേക്ക് മൂത്രമൊഴിച്ചു. അന്നു ഞങ്ങൾ ജയനെ കുറേ കളിയാക്കി. സ്നേഹമുള്ളവരുടെ ദേഹത്താടാ പിള്ളേര് മൂത്രമൊഴിക്കുന്നതെന്ന് ജയൻ അന്ന് തമാശയായി പറയുകയും ചെയ്തു. അന്നാണ് ജയനെ അവസാനമായി കാണുന്നത്. ആ സമയത്ത് ജയന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയായിരുന്നു. ജനുവരിയിൽ വിവാഹമാണെന്നും മൂന്ന് ദിവസം മുമ്പ് വരണമെന്നും വിളിച്ചു പറഞ്ഞ് പോയതാണ് അതിന്റെ പിറ്റേ ദിവസമാണ് ജയന്റെ മരണ വാർത്ത കേൾക്കുന്നത്. കുറേ കാലത്തേക്ക് അതിന്റെ ഞെട്ടലിലായിരുന്നു ഞങ്ങൾ. സുകുവേട്ടൻറെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ജയൻ. ഒരാഴ്ചത്തേക്ക് സുകുവേട്ടന് മിണ്ടാട്ടം പോലുമില്ലായിരുന്നു.
English Summary:
Mallika Sukumaran About Actor Jayan
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03-02 7rmhshc601rd4u1rlqhkve1umi-2024-03-02 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-03 mo-entertainment-movie-mallikasukumaran mo-entertainment-movie-prithvirajsukumaran 3roap079o6gimhauq090gipv82 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link