ഇന്ത്യാ സമുദ്രം വിട്ടുകൊടുക്കാതെ ഇന്ത്യയുടെ ത്രിതല നീക്കം

ഇന്ത്യാ സമുദ്രം വിട്ടുകൊടുക്കാതെ ഇന്ത്യയുടെ ത്രിതല നീക്കം – Civilian experts instead of withdrawing Indian military technicians from Maldives | Malayalam News, India News | Manorama Online | Manorama News
ഇന്ത്യാ സമുദ്രം വിട്ടുകൊടുക്കാതെ ഇന്ത്യയുടെ ത്രിതല നീക്കം
ആർ. പ്രസന്നൻ
Published: March 02 , 2024 03:37 AM IST
1 minute Read
മാലദ്വീപിൽ ഇന്ത്യൻ സിവിലിയൻ വിദഗ്ധർ, മൊറീഷ്യസിൽ എയർസ്ട്രിപ്, മിനിക്കോയിയിൽ നാവികത്താവളം
ന്യൂഡൽഹി ∙ മാലദ്വീപിലെ ഇന്ത്യൻ സൈനിക സാങ്കേതികവിദഗ്ധരെ പിൻവലിക്കുന്നതിനു പകരമായി സിവിലിയൻ വിദഗ്ധന്മാർ. ഒപ്പം ഇന്ത്യയുമായി സൈനിക സഹകരണസൗകര്യങ്ങൾ തയാറാക്കി മൊറീഷ്യസ്. ലക്ഷദ്വീപിലെ മിനിക്കോയിയിൽ നിലവിലുള്ള ചെറുതാവളം വിപുലമാക്കി അടുത്തയാഴ്ച ഉദ്ഘാടനം. മൂന്നു നീക്കങ്ങളും ഏതാണ്ട് ഒരേ സമയത്ത് സംഘടിപ്പിച്ച് ശക്തമായ പ്രഖ്യാപനമാണ് ഇന്ത്യൻ നാവികസേന നടത്തുന്നത് – എവിടെയെങ്കിലും ഒരു ചുവടു പിഴച്ചാലും മറ്റു ചുവടുകൾ ഉറപ്പിച്ച് ഇന്ത്യാ സമുദ്രത്തിലുള്ള മേൽക്കൈ വിട്ടുകൊടുക്കാൻ ഇന്ത്യ തയാറല്ല.
രണ്ടുമാസം മുൻപു മാലദ്വീപിൽ ഇന്ത്യാവിരുദ്ധ ജനവികാരം ഉയർത്തി അധികാരത്തിലെത്തിയ പ്രസിഡന്റ് മുയ്സുവിന്റെ ആവശ്യപ്രകാരമാണ് ഇന്ത്യ നിർമിച്ചുനൽകിയ തീരദേശ റഡാർ ശൃംഖലയും പര്യവേക്ഷണ ഹെലികോപ്റ്ററും പട്രോൾ ബോട്ടും പ്രവർത്തിപ്പിക്കുന്ന സൈനിക സാങ്കേതികവിദഗ്ധരെ പിൻവലിക്കാൻ ഇന്ത്യ നിർബന്ധിതമായത്. ചർച്ചകളെത്തുടർന്ന് സിവിലിയൻ വിദഗ്ധരെ പകരം അയയ്ക്കാൻ മാലദ്വീപ് സർക്കാർ അനുവദിക്കുകയായിരുന്നു.
∙ അഗലേലയിൽ അതിവേഗം
മാലദ്വീപിൽ ഉണ്ടായ കോട്ടം തീർക്കാനെന്നവണ്ണം അൽപം കൂടി തെക്കുപടിഞ്ഞാറുള്ള മൊറീഷ്യസുമായി നേരത്തേ നിലവിലുള്ള ധാരണയനുസരിച്ച് പുതിയ സാമുദ്രികശാക്തിക നിക്ഷേപത്തിന് ഇന്ത്യ നീങ്ങുകയായിരുന്നു. ഇന്ത്യൻ സഹായത്തോടെ മൊറീഷ്യസിലെ അഗലേല ദ്വീപിൽ നിർമിച്ചുവന്ന എയർസ്ട്രിപ്പിന്റെയും പട്രോൾ ബോട്ടുകൾക്ക് താവളമാകാൻ സൗകര്യമുള്ള ജെട്ടിയുടെയും നിർമാണം വേഗം പൂർത്തീകരിച്ച് വ്യാഴാഴ്ച ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ സംയുക്തമായി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്‌നാഥ് പുറപ്പെടുവിച്ച പ്രസ്താവനയിൽ തന്റെ രാജ്യത്തും പുറത്തുമുള്ള ഇന്ത്യാവിരുദ്ധരെ വിമർശിച്ചത് മാലദ്വീപിനുള്ള സന്ദേശമായി കരുതപ്പെടുന്നു. എയർസ്ട്രിപ്പിന്റെ നിർമാണം മൊറീഷ്യസിലെ ഇന്ത്യാവിരുദ്ധരുടെ എതിർപ്പുകാരണം രണ്ടു ദശകത്തോളമായി മുടങ്ങിക്കിടക്കുകയായിരുന്നു. 2015ൽ മോദിയുടെ സന്ദർശനത്തെതുടർന്നാണ് വീണ്ടും ചർച്ച നടന്നത്. ഒപ്പം, അഗലേല ദ്വീപിന്മേൽ മൊറീഷ്യസിനുള്ള പരമാധികാരം വിട്ടുകൊടുത്തിട്ടില്ലെന്ന് ജഗ്‌നാഥ് വിമർശകർക്ക് നൽകുന്ന ഉറപ്പെന്നവണ്ണം ആവർത്തിക്കുകയും ചെയ്തു.
∙ പടിഞ്ഞാറൊരു കാവൽത്താവളം
ലക്ഷദ്വീപസമൂഹത്തിൽ മാലദ്വീപിനോട് ഏറ്റവും അടുത്തുകിടക്കുന്ന മിനിക്കോയിയിൽ നിർമിച്ചുവരികയായിരുന്ന ഐഎൻഎസ് ജടായു എന്ന നാവികത്താവളം അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യാനും നീക്കമുണ്ട്. തൽക്കാലം ഒരു നാവികഹെലികോപ്റ്റർ താവളമായി ആരംഭിച്ച് കിഴക്ക് ആൻഡമാനിലെ താവളം പോലെ പടിഞ്ഞാറൻ കടലിലെ കാവൽത്താവളമാക്കി മാറ്റാനാണ് ഉദ്ദേശ്യമെന്ന് അറിയുന്നു. മിനിക്കോയിയിൽ പുതിയൊരു എയർസ്ട്രിപ്പ് താമസിയാതെ നിർമിക്കും.
English Summary:
Civilian experts instead of withdrawing Indian military technicians from Maldives
40oksopiu7f7i7uq42v99dodk2-2024-03 r-prasannan 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-03-02 mo-environment-indianocean 40oksopiu7f7i7uq42v99dodk2-2024-03-02 mo-news-world-countries-maldives mo-defense-indiannavy n8nv85ho2do340d64hm4ut8tg mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 mo-news-world-leadersndpersonalities-mohamedmuizzu 40oksopiu7f7i7uq42v99dodk2-2024
Source link