കുരുതിക്കളമായി ഗാസ: യുദ്ധം അഞ്ച് മാസത്തോടടുക്കുന്നു, ആകെ മരണം 30,000 കടന്നു


റാഫ: കൊടുംപട്ടിണിയാലും പകര്‍ച്ചവ്യാധികളാലും നരകയാതന അനുഭവിക്കുന്ന ഗാസയിലെ പലസ്തീന്‍കാര്‍ക്കുനേരേ ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത. ഫെബ്രുവരി 29 വ്യാഴാഴ്ച രാവിലെ വടക്കന്‍ ഗാസയിലെ പ്രധാനനഗരമായ ഗാസാസിറ്റിയിലെ ഭക്ഷണവിതരണ കേന്ദ്രത്തില്‍ കാത്തുനിന്നവര്‍ക്കുനേരേ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ 112 പേര്‍ കൊല്ലപ്പെട്ടു. എഴുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇതോടെ അഞ്ചുമാസത്തോടടുക്കുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 കടന്നു. എഴുപതിനായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു.ഗാസാസിറ്റിയില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ മതിയായ ആംബുലന്‍സുകള്‍ പോലുമില്ലായിരുന്നെന്നും സംഭവസ്ഥലത്തെത്തിയ കമാല്‍ അദ്‌വാന്‍ ആശുപത്രിവക്താവ് ഫാരിസ് അഫാന പറഞ്ഞു. പലരെയും കഴുതവണ്ടിയില്‍ കയറ്റിയാണ് ആശുപത്രിയിലാക്കിയത്. യുദ്ധക്കുറ്റങ്ങളുടെ ചരിത്രത്തിലെത്തന്നെ അസാധാരണമായ കൂട്ടക്കൊലയാണ് നടന്നതെന്ന് ഹമാസ് ആരോപിച്ചു. പലസ്തീന്‍കാരെ അവരുടെ ഭൂമിയില്‍നിന്ന് പൂര്‍ണമായും കുടിയൊഴിപ്പിക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളുടെ ഭാഗമാണ് നടപടിയെന്നും കുറ്റപ്പെടുത്തി.


Source link

Exit mobile version