‘തിരഞ്ഞെടുപ്പുകാലത്തെ ബിജെപി മെനു’: പ്രതിപക്ഷ ‘ഫ്രൈ’, ദിവസേന
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ, കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളിൽനിന്നു നേതാക്കളെ റാഞ്ചിയെടുത്ത് ബിജെപി. തിരഞ്ഞെടുപ്പിൽ ബിജെപി തനിച്ച് 370 സീറ്റ് നേടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പറയുന്നതിനിടെയാണു രാജ്യത്തുടനീളം ‘ഓപ്പറേഷൻ താമര’ സജീവമായി നടപ്പാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബിജെപിയിലെത്തിയത് 2 എംഎൽഎമാരും ഒരു എംപിയും അസമിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റും. മുൻ മുഖ്യമന്ത്രി, മുൻ കേന്ദ്ര മന്ത്രിമാർ, മുൻ സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരടക്കം 32 പ്രധാന നേതാക്കൾ കഴിഞ്ഞ മാസം മാത്രം വിവിധ കക്ഷികളിൽനിന്നു ബിജെപിയിൽ ചേർന്നു. അവർക്കൊപ്പം നൂറിലധികം പ്രാദേശിക നേതാക്കളും ബിജെപിയിലെത്തി.
മറുകണ്ടം ചാടിയവരിൽ ഭൂരിഭാഗവും കോൺഗ്രസിൽ നിന്നുള്ളവരാണ്. പാർട്ടിയുടെ ഏറ്റവും ഉന്നത സമിതിയായ പ്രവർത്തക സമിതിയിലെ അംഗങ്ങൾ വരെ ബിജെപിയിൽ ചേർന്നതു സംഘടനാതലത്തിൽ കോൺഗ്രസ് നേരിടുന്ന വെല്ലുവിളിയിലേക്കു വിരൽചൂണ്ടുന്നു.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു ഭയപ്പെടുത്തിയും അറസ്റ്റ് ഭീഷണി മുഴക്കിയുമാണു നേതാക്കളെ ബിജെപി റാഞ്ചുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ബിഎസ്പി (യുപി), ആർജെഡി (ബിഹാർ), എൻപിപി (അരുണാചൽ), ബിജെഡി (ഒഡീഷ), ആം ആദ്മി പാർട്ടി (അസം), തൃണമൂൽ (ബംഗാൾ), ബിആർഎസ് (തെലങ്കാന) എന്നീ കക്ഷികളിലെ പ്രധാന നേതാക്കളും കഴിഞ്ഞ മാസം ബിജെപിയിൽ ചേർന്നവരിലുൾപ്പെടുന്നു.
കഴിഞ്ഞ മാസം ബിജെപിയിൽ ചേർന്ന പ്രമുഖർ
∙തെലങ്കാന – ബിആർഎസ് എംപി: പൊത്തുഗന്തി രാമുലു.
∙മഹാരാഷ്ട്ര – അശോക് ചവാൻ (മുൻ മുഖ്യമന്ത്രി, കോൺഗ്രസ് പ്രവർത്തക സമിതിയംഗം), ബസവരാജ് പാട്ടീൽ (പിസിസി വർക്കിങ് പ്രസിഡന്റ്).
∙ രാജസ്ഥാൻ – മഹേന്ദ്രജീത് സിങ് മാളവ്യ (എംഎൽഎ, കോൺഗ്രസ് പ്രവർത്തക സമിതിയംഗം, മുൻ കേന്ദ്രമന്ത്രി).
∙ മധ്യപ്രദേശ് – സുമേർ സിങ്, യോഗേന്ദ്ര സിങ്, ജബൽപുർ മേയർ ജഗത് ബഹാദുർ സിങ് (എല്ലാവരും കോൺഗ്രസ്).
∙ഗുജറാത്ത് – കോൺഗ്രസ് എംപി: നരൻ റാഠ്‌വ.
∙ യുപി – കോൺഗ്രസ് പിസിസി വൈസ് പ്രസിഡന്റ് ഉപേന്ദ്ര സിങ്, ബിഎസ്പി എംപി: റിതേഷ് പാണ്ഡെ, വിഭാഗർ ശാസ്ത്രി (മുൻ പ്രധാനമന്ത്രി ലാൽ ബഹാദുർ ശാസ്ത്രിയുടെ ചെറുമകൻ)
∙തമിഴ്നാട് – കോൺഗ്രസ് എംഎൽഎ വിജയധരണി.
∙ ബിഹാർ – കോൺഗ്രസ് എംഎൽഎമാരായ മുരാരി പ്രസാദ് , സിദ്ധാർഥ് സൗരവ്. ആർജെഡി എംഎൽഎ: സംഗീത കുമാരി.
∙ ജാർഖണ്ഡ് – കോൺഗ്രസ് എംപി: ഗീത കോഡ.
∙ ഉത്തരാഖണ്ഡ് – കോൺഗ്രസ് നേതാക്കളായ അശോക് വർമ, പ്രകാശ് രമോല, സുഭാഷ് വർമ.
∙ ഒഡീഷ – മുൻ മന്ത്രി ദെബാശിഷ് നായിക്, മുൻ മന്ത്രി പ്രദീപ് കുമാർ പാണിഗ്രാഹി, പ്രശാന്ത് ജഗ്ദേവ് എംഎൽഎ (ബിെജഡി), മുൻ എംഎൽഎ: നിഹാർ രഞ്ജൻ മൊഹന്ദ (കോൺഗ്രസ്).
∙ അസം – കമൽകുമാർ മേധി (ആം ആദ്മി സംസ്ഥാന വൈസ് പ്രസിഡന്റ്), ശങ്കർപ്രസാദ് റായ് (കോൺഗ്രസ്).
∙ ബംഗാൾ – തൃണമൂൽ എംഎൽഎ: സൗമൻ റോയ്, കോൺഗ്രസ് വക്താവ് കൗസ്തവ് ബഗ്ചി
∙ അരുണാചൽ – മുൻ കേന്ദ്രമന്ത്രി നിനോങ് എറിങ്, വാങ്‌ലിങ് ലൊവാങ്ഡോങ് എംഎൽഎ (കോൺഗ്രസ്), എംഎൽഎമാരായ മുച്ചു മിത്തി, ഗോകർ ബസർ (എൻപിപി).
അഖിലേഷ് ഹാജരായില്ല
അനധികൃത ഖനന ഇടപാടിൽ സിബിഐയുടെ സമൻസ് ലഭിച്ച സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ചോദ്യംചെയ്യലിനു ഹാജരായില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഹാജരാകാനാവില്ലെന്ന് അദ്ദേഹം സിബിഐയെ അറിയിച്ചു. ബിജെപിയുടെ സെൽ പോലെയാണു സിബിഐ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. 5 വർഷം മുൻപ് നടന്ന സംഭവത്തിൽ ബുധനാഴ്ചയാണ് യാദവിനു സമൻസ് ലഭിച്ചത്.
Source link