ഗാസ സിറ്റി: ഗാസയിൽ മരണം മുപ്പതിനായിരം പിന്നിട്ട ഇന്നലെ ഭക്ഷണത്തിനു കാത്തുനിന്ന പലസ്തീനികൾക്കു നേർക്ക് ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ 104 പേർ മരിച്ചതായി ആരോപണം. 760 പേർക്കു പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഗാസ സിറ്റിയുടെ തെക്കുഭാഗത്തായിരുന്നു സംഭവം. ട്രക്കുകളിൽ എത്തിക്കുന്ന ഭക്ഷണം വാങ്ങാനായി അൽ റാഷിദ് തെരുവിൽ തടിച്ചുകൂടിയ നൂറുകണക്കിനു പലസ്തീനികളെ ഇസ്രേലി സേന ആക്രമിക്കുകയായിരുന്നുവെന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. ജനം ട്രക്കുകൾക്ക് അടുത്തേക്കു പോയപ്പോഴായിരുന്നു ആക്രമണം. തോക്ക്, കവചിതവാഹനങ്ങൾ, ഡ്രോൺ തുടങ്ങി പലവിധ ആയുധങ്ങൾ ആക്രമണത്തിന് ഉപയോഗിച്ചു. ട്രക്കുകളിലും കഴുതവണ്ടികളിലുമായിട്ടാണ് പരിക്കേറ്റവരെയും മൃതദേഹങ്ങളെയും ആശുപത്രികളിലെത്തിച്ചത്. അൽഷിഫ ആശുപത്രിയിൽ 57ഉം കമാൽ അദ്വാൻ ആശുപത്രിയിൽ 20ഉം മൃതദേഹങ്ങൾ ലഭിച്ചു. അൽ അഹ്ലി, ജോർദാൻ ആശുപത്രികളിലും പരിക്കേറ്റവരെയും മൃതദേഹങ്ങളെയും എത്തിച്ചിട്ടുണ്ട്. ഈ ആശുപത്രികളിലൊന്നിലും മതിയായ സൗകര്യങ്ങളില്ല. അതേസമയം, സഹായ ട്രക്കുകൾ ജനങ്ങളിലേക്ക് ഇടിച്ചുകയറിയായിരിക്കാം ഒട്ടേറെപ്പേർ മരിച്ചതെന്ന് ഇസ്രേലി സർക്കാർ വക്താവ് അവി ഹൈമാൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇസ്രേലി വെടിവയ്പിൽ പത്തു പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് സൈന്യത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ടൈംസ് ഓഫ് ഇസ്രയേൽ പത്രം റിപ്പോർട്ട് ചെയ്തു. പട്ടാളക്കാരുടെ നില ആപത്തിലായ പശ്ചാത്തലത്തിലാണ് വെടിയുതിർത്തതെന്ന് ഇസ്രേലി സൈനിക വൃത്തങ്ങൾ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഇന്നലത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബന്ദിമോചനത്തിനുള്ള ചർച്ചകൾ അവസാനിപ്പിക്കുമെന്ന് ഹമാസ് മുന്നറിയിപ്പു നല്കി. ഇന്നലെ ഗാസയുടെ മറ്റു ഭാഗങ്ങളായ നുസെയ്റത്ത്, ബുറെയ്ജ്, ഖാൻ യൂനിസിൽ എന്നിവിടങ്ങളിലുണ്ടായ വ്യോമാക്രമണത്തിലും ഷെല്ലിംഗിലും മറ്റൊരു 30 പേർകൂടി കൊല്ലപ്പെട്ടു.
ഗാസ ജനസംഖ്യയുടെ 1.3 ശതമാനം കൊല്ലപ്പെട്ടു കയ്റോ: ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു മറുപടിയായി ഇസ്രയേൽ ഗാസയിൽ നടത്തുന്ന സൈനിക നടപടിയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം മുപ്പതിനായിരത്തിനു മുകളിലായെന്ന് ഹമാസിന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു. 23 ലക്ഷം വരുന്ന ഗാസ ജനസംഖ്യയുടെ 1.3 ശതമാനം വരുമിത്. ഇന്നലെ പുറത്തുവിട്ട കണക്കുപ്രകാരം 30,035 പേരാണു ഗാസയിൽ കൊല്ലപ്പെട്ടിരിക്കുന്നത്. 13,230 കുട്ടികളും 8,860 സത്രീകളും ഇതിൽ ഉൾപ്പെടുന്നു. 70,457 പേർക്കു പരിക്കേറ്റു. 7,000 പേരെ കാണാതായിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ പലസ്തീൻ ഭീകരവാദികളുടെയും സാധാരണ ജനങ്ങളുടെയും സംഖ്യ വേർതിരിച്ചു കാണിച്ചിട്ടില്ല. അഞ്ചു മാസം പൂർത്തിയാകുന്ന ആക്രമണത്തിൽ ഏതാണ്ട് 10,000 ഭീകരരെ വധിച്ചുവെന്നാണ് ഇസ്രേലി സേന പറയുന്നത്. ഗാസയിലെ മരണവും പരിക്കും സംബന്ധിച്ച് ഹമാസ് നല്കുന്ന കണക്കുകൾ മാത്രമാണു ലഭ്യം. കണക്കുകൾ വിശ്വാസയോഗ്യമെന്ന് യുഎൻ ഏജൻസികൾ പറയുന്നു. ആശുപത്രി ജീവനക്കാരോ മെഡിക്കൽ ഉദ്യോഗസ്ഥരോ മൃതദേഹം കണ്ടാൽ മാത്രമേ കണക്കിൽ ഉൾപ്പെടുത്തൂ. യുദ്ധവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിക്കുന്നവരുടെ എണ്ണം അടുത്ത ദിവസങ്ങളിൽ വർധിച്ചിട്ടുണ്ട്. ബുധനാഴ്ച വടക്കൻ ഗാസയിലെ ആശുപത്രികളിൽ നിർജലീകരണം മൂലം ആറു കുഞ്ഞുങ്ങൾ മരിക്കുകയുണ്ടായി. അതേസമയം, ഗാസയിലെ യഥാർഥ മരണസംഖ്യ ഇപ്പോഴത്തേതിലും വളരെക്കൂടുതലായിരിക്കുമെന്നാണു നിഗമനം. ഇസ്രേലി ആക്രമണത്തിൽ തരിപ്പണമായ ഗാസ പട്ടിണിയുടെ നിഴലിലാണ്. പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്തുതുടങ്ങിയിട്ടുണ്ട്. ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ തെക്കൻ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1200 പേരാണു കൊല്ലപ്പെട്ടത്. 253 പേരെ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയി. നവംബറിലെ വെടിനിർത്തലിൽ നൂറിലധികം പേർ മോചിതരായി.
Source link