ഹിമാചലിൽ കോൺഗ്രസിന്റെ ജീവന്മരണ പോരാട്ടം; അവിശ്വാസനീക്കവുമായി ബിജെപി, ബജറ്റ് പാസാക്കി സർക്കാർ – Himachal Pradesh political crisis | India News, Malayalam News | Manorama Online | Manorama News
ഹിമാചലിൽ കോൺഗ്രസിന്റെ ജീവന്മരണ പോരാട്ടം; അവിശ്വാസനീക്കവുമായി ബിജെപി, ബജറ്റ് പാസാക്കി സർക്കാർ
മനോരമ ലേഖകൻ
Published: February 29 , 2024 03:16 AM IST
1 minute Read
അനുനയത്തിനൊടുവിൽ മന്ത്രി വിക്രമാദിത്യ രാജി പിൻവലിച്ചു
സുഖ്‌വിന്ദർ സിങ് സുഖു, വിക്രമാദിത്യ സിങ്, പ്രതിഭ സിങ്.
ന്യൂഡൽഹി ∙ പാർട്ടി തന്ത്രജ്ഞൻ ഡി.കെ.ശിവകുമാറിനെയടക്കം മുന്നിൽ നിർത്തിയും അണിയറനീക്കങ്ങൾക്കു പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയും ഹിമാചൽ സർക്കാരിനെ രക്ഷിക്കാൻ കോൺഗ്രസിന്റെ തീവ്രശ്രമം. രാജ്യസഭാ തിരഞ്ഞെടുപ്പിലെ അട്ടിമറിയുടെ തുടർച്ചയായി അവിശ്വാസപ്രമേയ നോട്ടിസുമായെത്തിയ പ്രതിപക്ഷനേതാവ് ജയറാം ഠാക്കൂർ അടക്കം 15 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തശേഷം സർക്കാർ ബജറ്റ് പാസാക്കി. സഭയിൽ ബഹളമുണ്ടാക്കിയെന്ന പേരിലായിരുന്നു സസ്പെൻഷൻ.
മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു രാജിവയ്ക്കുമെന്നു രാവിലെ അഭ്യൂഹം പരന്നെങ്കിലും അദ്ദേഹം അതു നിഷേധിച്ചു. അതിനിടെ, സുഖുവുമായുള്ള ഭിന്നത മൂലം മന്ത്രി വിക്രമാദിത്യ സിങ് രാജി പ്രഖ്യാപിച്ചെങ്കിലും അനുനയ ചർച്ചകൾക്കൊടുവിൽ തീരുമാനം പിൻവലിച്ചു. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ സുഖു അപമാനിക്കുകയാണെന്ന് ആരോപിച്ച വിക്രമാദിത്യയുമായി പ്രിയങ്ക ചർച്ച നടത്തി.
ഒത്തുതീർപ്പെന്ന നിലയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹത്തിനോ അമ്മ പ്രതിഭ സിങ്ങിനോ മുഖ്യമന്ത്രി സ്ഥാനം നൽകാനും നീക്കമുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ മകനാണു വിക്രമാദിത്യ.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ട് ചെയ്ത ശേഷം ഹരിയാനയിലേക്കു പോയ 6 കോൺഗ്രസ് എംഎൽഎമാർ മടങ്ങിയെത്തി. തങ്ങളുടെ ഭാഗം വിശദീകരിക്കാൻ സ്പീക്കറോട് ഇവർ 7 ദിവസം സമയം തേടി.
3 സ്വതന്ത്രരും ബിജെപിയെ പിന്തുണച്ചതോടെ 34–34 എന്നതായിരുന്നു രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില. നറുക്കെടുപ്പിലൂടെ ബിജെപി ജയിക്കുകയും ചെയ്തു. ഭൂരിപക്ഷം നഷ്ടമായ സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നു വാദിച്ച് ബിജെപി സംഘം ഗവർണറെ കണ്ടു.
പ്രതിസന്ധി തീർക്കാൻ ഷിംലയിലെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവർ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി.
English Summary:
Himachal Pradesh political crisis
40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02-29 mo-news-national-personalities-dk-sivakumar 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list ghe8q96k57smt5884jq3gh7r3 40oksopiu7f7i7uq42v99dodk2-2024-02-29 mo-news-national-states-himachalpradesh mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-priyankagandhi 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link