ഇറ്റാനഗർ: 77-ാമത് സന്തോഷ് ട്രോഫിക്കു വേണ്ടിയുള്ള ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ കേരളം ക്വാർട്ടറിൽ. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ കേരളം 2-0ന് അരുണാചൽപ്രദേശിനെ കീഴടക്കി. ജയത്തോടെ നാല് കളികളിൽ നിന്ന് ഏഴ് പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്ത് എത്തി. ഗ്രൂപ്പിൽ ഇന്നലെ രാത്രി ഏഴിന് നടന്ന മത്സരത്തിൽ ഗോവയും മേഘാലയയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. ഗ്രൂപ്പിൽനിന്ന് മേഘാലയയും അരുണാചൽപ്രദേശും പുറത്തായി. കേരളത്തിനൊപ്പം ഗോവ, സർവീസസ്, ആസാം എന്നീ ടീമുകളും ഗ്രൂപ്പ് എയിൽനിന്ന് ക്വാർട്ടറിലേക്ക് മുന്നേറി. യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ കേരളത്തിന്റെ ആക്രമണമായിന്നു. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 35-ാം മിനിറ്റിൽ മുഹമ്മദ് ആഷിഖ് കേരളത്തിനു ലീഡ് നൽകി.
ഹെഡറിലൂടെയായിരുന്നു ആഷിഖിന്റെ ഗോൾ. ഒരു ഗോളിന്റെ ലീഡുമായി ആദ്യപകുതിക്ക് പിരിഞ്ഞ കേരളം രണ്ടാം പകുതിയിൽ വീണ്ടും അരുണാചലിന്റെ വല കുലുക്കി. 52-ാം മിനിറ്റിൽ വി. അർജുനായിരുന്നു കേരളത്തിന്റെ രണ്ടാം ഗോളിന്റെ ഉടമ. മുഹമ്മദ് ആഷിഖാണ് പ്ലെയർ ഓഫ് ദ മാച്ച്. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ സർവീസസ് 2-0ന് ആസാമിനെ കീഴടക്കി. നാല് മത്സരങ്ങളിൽനിന്ന് ഒന്പത് പോയിന്റാണ് സർവീസസിനുള്ളത്. മാർച്ച് ഒന്നിന് സർവീസസും കേരളവും തമ്മിൽ ഏറ്റുമുട്ടും. ഗ്രൂപ്പിൽ ഓരോ ടീമിനും അഞ്ച് മത്സരങ്ങളാണുള്ളത്.
Source link