ടൊറന്റോ: ഇസ്ലാമാബാദിൽനിന്നു കാനഡയിലേക്കു പോയ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്(പിഐഎ) വിമാനത്തിലെ എയർഹോസ്റ്റസിനെ കാണാതായി. മറിയം റാസ എന്ന എയർഹോസ്റ്റസാണു ടൊറന്റോയിലെ ഹോട്ടൽമുറിയിൽനിന്ന് അപ്രത്യക്ഷയായത്. വിമാനം പുറപ്പെടുന്നതിനുമുന്പ് യുവതിയെ കാണാതായതിനെത്തുടർന്ന് മുറിയിൽ നടത്തിയ തെരച്ചിലിൽ യൂണിഫോം അഴിച്ചുവച്ച നിലയിലും അതിനു പുറത്ത് “താങ്ക്യു പിഐഎ’’ എന്നെഴുതിയ കുറിപ്പും കണ്ടെത്തി. യുവതി കാനഡയിൽ അഭയം തേടിയതാണെന്നാണു നിഗമനം. രാജ്യത്തു ലഭിക്കുന്ന കുറഞ്ഞ ശന്പളവും തൊഴിൽ പ്രതിസന്ധിയും മൂലം കാനഡയിൽ അഭയം തേടുന്ന പാക് എയർഹോസ്റ്റസുമാരുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ മാസം കറാച്ചിയിൽനിന്നെത്തിയ വിമാനത്തിലെ ഫെയ്സ മുക്താർ എന്ന എയർ ഹോസ്റ്റസും ടൊറന്റോയിലെത്തി മുങ്ങിയിരുന്നു.
കഴിഞ്ഞ വർഷം മാത്രം പിഐഎയുടെ ഏഴ് എയർ ഹോസ്റ്റസുമാർ കാനഡയിലെത്തിയശേഷം അപ്രത്യക്ഷരാകുകയും പിന്നീട് അഭയം തേടി അധികൃതർക്കു മുന്നിലെത്തുകയും ചെയ്തു. അഭയം തേടിയെത്തുന്നവർക്കു നേരെ കാനഡ തുടരുന്ന ഉദാരസമീപനമാണു ഇത്തരം നിയമലംഘകരുടെ എണ്ണം വർധിക്കാൻ കാരണമെന്ന് പിഐഎ വക്താവ് പറഞ്ഞു. 2018 മുതൽ ഓരോ വർഷവും നിരവധി പാക് എയർഹോസ്റ്റസുമാരാണു കാനഡയിലെത്തി അപ്രത്യക്ഷരായശേഷം രാജ്യത്ത് അഭയം തേടുന്നത്.
Source link