അലാന്യ (തുർക്കി): സാഫ് മേഖലയ്ക്കു പുറത്തുനിന്നൊരു ഫുട്ബോൾ ചാന്പ്യൻഷിപ്പെന്ന ഇന്ത്യയുടെ സീനിയർ വനിതകളുടെ സ്വപ്നം കൊസോവോ തകർത്തു. ടർക്കിഷ് വിമൻസ് കപ്പിന്റെ അവസാന റൗണ്ട് റോബിൻ മത്സരത്തിൽ ഇന്ത്യയെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ 1-0ന് കൊസോവോ തോൽപ്പിച്ചു. 90+1ാം മിനിറ്റിൽ എർലെറ്റ മെമേറ്റിയുടെ ഗോളാണു കൊസോവോയ്ക്കു ജയമൊരുക്കിയത്. ഇന്ത്യക്കു ജയിച്ചാൽ മാത്രമേ ചാന്പ്യൻമാരാകാൻ സാധിക്കുമായിരുന്നുള്ളൂ. ഗോൾവ്യത്യാസത്തിൽ മുന്നിലായിരുന്ന കൊസോവോയ്ക്കു സമനിലയെങ്കിലും മതിയായിരുന്നു.
2022 നവംബറിനു ശേഷം ഒരു തോൽവിപോലും അറിയാത്ത ടീമാണ് കൊസോവോ. ഈ ജയത്തോടെ ഒന്പത് പോയിന്റുമായി നാലു ടീമുകളുള്ള ടൂർണമെന്റിൽ കൊസോവോ ഒന്നാമതും ഇന്ത്യ ആറു പോയിന്റുമായി രണ്ടാമതുമായി. മൂന്നു തവണ ടർക്കിഷ് കപ്പിൽ കളിച്ചിട്ടുള്ള ഇന്ത്യൻ വനിതകളുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ പുറത്തുവന്നത്. ടൂർണമെന്റിലെ മികച്ച മിഡ്ഫീൽഡറായി ഇന്ത്യയുടെ മനീഷ കല്യാണിനെ തെരഞ്ഞെടുത്തു.
Source link