പാശ്ചാത്യ സൈനികർ യുക്രെയ്നിൽ; സാധ്യത തള്ളാതെ മക്രോൺ
പാരീസ്: യുക്രെയ്നിൽ റഷ്യക്കെതിരേ പാശ്ചാത്യ സൈനികർ യുദ്ധത്തിനിറങ്ങാനുള്ള സാധ്യത തള്ളിക്കളയാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. യൂറോപ്പിന്റെ സുരക്ഷയ്ക്കു റഷ്യ പരാജയപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ വിഷയത്തിൽ പാരീസിൽ ചേർന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് അടക്കം ഇരുപതോളം യൂറോപ്യൻ നേതാക്കളും യുഎസ്, കാനഡ പ്രതിനിധികളും രണ്ടു ദിവസത്തെ യോഗത്തിൽ പങ്കെടുത്തു. യുക്രെയ്നിൽ പാശ്ചാത്യശക്തികളെ വിന്യസിക്കുന്ന കാര്യം യോഗം ചർച്ച ചെയ്തു. ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ലെന്നു മക്രോൺ വ്യക്തമാക്കി. പക്ഷേ, ഒരു സാധ്യതയും തള്ളിക്കളയാനാവില്ല. യൂറോപ്പിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും റഷ്യയുടെ പരാജയം അനിവാര്യമാണ്. റഷ്യൻ ജനതയുമായി യുദ്ധമില്ല. പക്ഷേ റഷ്യയുടെ വിജയം അനുവദിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്നിലേക്കു സൈന്യത്തെ അയയ്ക്കാൻ തയാറുള്ള രാജ്യങ്ങളുടെ പേര് മക്രോൺ വെളിപ്പെടുത്തിയില്ല. യുക്രെയ്ന് മധ്യ, ദീർഘദൂര മിസൈലുകളും ബോംബുകളും നല്കാൻ യോഗത്തിൽ തീരുമാനമായി. മൂന്നാം വർഷത്തിലേക്കു കടന്ന യുദ്ധത്തിൽ റഷ്യ മേൽക്കൈ നേടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണു യൂറോപ്യൻ നേതാക്കൾ പാരീസിൽ സമ്മേളിച്ചത്. പാശ്ചാത്യർ വാഗ്ദാനം ചെയ്ത ആയുധങ്ങൾ ലഭിക്കാത്തതാണു തിരിച്ചടിക്കു കാരണമെന്നു യുക്രെയ്ൻ പറയുന്നു.
Source link