ഗാസയിൽ തിങ്കളാഴ്ചയ്ക്കുള്ളിൽ വെടിനിർത്തലിനു സാധ്യതയെന്ന് ബൈഡൻ

ടെൽ അവീവ്: അടുത്ത തിങ്കളാഴ്ചയ്ക്കകം ഗാസയിൽ വെടിനിർത്തലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇസ്രയേലും ഹമാസും ഉൾപ്പെടുന്ന ചർച്ചയിൽ പുരോഗതിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണു ബൈഡൻ ഇക്കാര്യം ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞത്. ധാരണയുണ്ടായാൽ റംസാൻ നോന്പുകാലത്ത് ആക്രമണം നിർത്തിവയ്ക്കാൻ ഇസ്രയേൽ തയാറാണ്. ഗാസയിൽ ഒട്ടേറെ നിരപരാധികൾ കൊല്ലപ്പെടുകയാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു. മാർച്ച് പത്തിനാണു റംസാൻ നോന്പ് തുടങ്ങുന്നത്. അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളാണു വെടി നിർത്താൻ മധ്യസ്ഥശ്രമങ്ങൾ നടത്തുന്നത്. നേരത്തേ ഫ്രാൻസ് മുന്നോട്ടുവച്ച കരാറാണു പരിഗണിക്കുന്നത്. 40 ദിവസത്തെ വെടിനിർത്തലാണ് ഇതിൽ വിഭാവനം ചെയ്യുന്നത്. ഇക്കാലയളവിൽ ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളെയും ഇസ്രേലി ജയിലുകളിലുള്ള പലസ്തീനികളെയും മോചിപ്പിക്കും. ഒരു ബന്ദിക്കു പകരം പത്തു പലസ്തീനികൾ എന്ന നിലയിലായിരിക്കും മോചനം.
അതേസമയം, പുതിയ സംഭവവികാസങ്ങളോട് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. കരാറിൽ തൃപ്തരല്ലെന്നാണു ഹമാസ് നല്കുന്ന സൂചന. എന്നെന്നേക്കുമായി യുദ്ധം അവസാനിപ്പിക്കണമെന്നാണു ഹമാസ് ആവശ്യപ്പെടുന്നത്. ജീവനും സ്വത്തും വ്യാപകമായി നശിപ്പിക്കപ്പെട്ടശേഷം പൂർണ വെടിനിർത്തൽ വാഗ്ദാനം ചെയ്യാത്ത കരാർ അംഗീകരിക്കുന്നതു യുക്തിയല്ലെന്നു ഹമാസ് വൃത്തങ്ങൾ പറഞ്ഞു. ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ തെക്കൻ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1200 പേരാണ് കൊല്ലപ്പെട്ടത്. 253 പേരെ ഭീകരർ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയി. നവംബറിലെ വെടിനിർത്തലിൽ നൂറോളം ബന്ദികൾ മോചിതരായി. ഇസ്രയേൽ ഗാസയിൽ നടത്തുന്ന പ്രത്യാക്രമണത്തിൽ മരണം മുപ്പതിനായിരത്തോട് അടുക്കുന്നു. ഇതുവരെ 29,878 പേർ കൊല്ലപ്പെട്ടുവെന്നാണ് ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.
Source link