സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഇന്ന് അരുണാചലിനെതിരേ
ഇറ്റാനഗർ: ഒരു ജയം, ഒരു സമനില, ഒരു തോൽവി സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന്റെ ഇതുവരെയുള്ള കണക്ക് ഇങ്ങനെ. ഗ്രൂപ്പ് എയിൽ നിലവിൽ നാലു പോയിന്റുമായി നാലാം സ്ഥാനത്തുള്ള കേരളത്തിനു ക്വാർട്ടർ ഫൈനലിലെത്തണമെങ്കിൽ ഇനിയുള്ള രണ്ടു മത്സരങ്ങൾ ജയിക്കണം. ആദ്യമത്സരത്തിൽ ആസാമിനെതിരേ മികച്ച ജയം നേടി തുടങ്ങിയ കേരളത്തിന് അടുത്ത രണ്ടു മത്സരങ്ങളിൽ വിജയം നേടാനായില്ല. ഗോവയോടു തോറ്റ കേരളം മൂന്നാം മത്സരത്തിൽ മേഘാലയയോട് മുന്നിൽ നിന്നശേഷം സമനില വഴങ്ങി. കഴിഞ്ഞ സന്തോഷ് ട്രോഫി സീസണുകളേക്കാൾ വ്യത്യസ്തമായി 2023-24 സീസണിൽ ക്വാർട്ടർ ഫൈനൽ ആവിഷ്കരിച്ചതിനാൽ ഗ്രൂപ്പിലെ ആദ്യ നാലു സ്ഥാനക്കാർക്ക് നോക്കൗട്ടിലെത്താം. രണ്ടു ജയമല്ലെങ്കിൽ കേരളത്തിന് ഒരു വിജയവും ഒരു സമനിലയും നേടാനായാൽ ഗോൾ ശരാശരിയിലേക്കു പോകാതെ ക്വാർട്ടർ ഉറപ്പിക്കാം. മേഘാലയയോ അരുണാചലോ അടുത്ത രണ്ടു മത്സരങ്ങളും വിജയിക്കുകയും കേരളത്തിന് ഒരു വിജയവും തോൽവിയും ഉണ്ടാകുകയുമാണെങ്കിൽ ഗോൾ വ്യത്യാസം നിർണായകമാകും. ഇന്ന് ഉച്ചയ്ക്ക് 2.30ന് അരുണാചലുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
ഗോവ, സർവീസസ്, ആസാം ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനത്ത്. മേഘാലയ, അരുണാചൽ പ്രദേശ് ടീമുകൾ അഞ്ചും ആറും സ്ഥാനത്തും. ശൈലി മാറണം വിംഗുകളിലൂടെയുള്ള ആക്രമണമാണു കേരളത്തിന്റെ ശൈലി. ഈ ആക്രമണത്തിനു പന്തെത്തിച്ചു നൽകേണ്ട മധ്യനിര ഈ ചുമതല നിർവഹിക്കുന്നില്ല. പന്ത് കൈവശം വച്ചു കളിക്കുന്ന ശൈലിയല്ല നിലവിൽ കേരളത്തിന്റേത്. എത്രയും പെട്ടെന്ന് എതിർ ഗോൾ പോസ്റ്റിലേക്കു പന്തെത്തിക്കുകയാണ് ലക്ഷ്യം. കിട്ടുന്ന ബോളെല്ലാം ഉയർത്തിയടിച്ചു സ്ട്രൈക്കർക്കു കൊടുക്കുന്ന രീതിയാണ്. ശക്തമായ പ്രതിരോധം തീർക്കുന്ന ടീമുകളുടെ മുന്നിൽ ഈ ശൈലി വിലപ്പോവില്ല. ഇങ്ങനെ പ്രതിരോധം തീർക്കുന്ന എതിർ ടീമിനു മുന്നിൽ ഗ്യാപ്പ് കിട്ടാതായാൽ മുന്നോട്ടുകയറി ഗോളടിക്കാനും കഴിയുന്നില്ല. പന്ത് ഹോൾഡ് ചെയ്തു കളിക്കുന്ന ശക്തമായ സെന്റർ മിഡ്ഫീൽഡിന്റെ അഭാവം വ്യക്തമാണ്. എതിർ ബോക്സിൽ പന്തു കൈവശം വച്ചു കളിക്കാത്തതിനാൽ പെനാൽറ്റി സാധ്യതയും കുറയുന്നു.
Source link