Pride of Kerala രാജ്യത്തിന്റെ അഭിമാന ദൗത്യത്തിൽ പങ്കാളിയാകാൻ മലയാളി പ്രശാന്ത് ബി.നായർ; പാലക്കാട് നെന്മാറ സ്വദേശി
രാജ്യത്തിന്റെ അഭിമാന ദൗത്യം നയിക്കാൻ മലയാളി പ്രശാന്ത് ബി.നായർ; പാലക്കാട് നെൻമാറ സ്വദേശി – Prashant B Nair – Manorama News
Pride of Kerala
രാജ്യത്തിന്റെ അഭിമാന ദൗത്യത്തിൽ പങ്കാളിയാകാൻ മലയാളി പ്രശാന്ത് ബി.നായർ; പാലക്കാട് നെന്മാറ സ്വദേശി
ഓൺലൈൻ ഡെസ്‌ക്
Published: February 27 , 2024 12:56 PM IST
Updated: February 27, 2024 01:17 PM IST
1 minute Read
ഗഗൻയാൻ ദൗത്യ സംഘത്തെ നയിക്കുന്ന മലയാളി പ്രശാന്ത് ബി.നായരെ ബാഡ്ജ് അണിയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്, മറ്റ് ദൗത്യ സംഘാംഗങ്ങൾ എന്നിവർ സമീപം (വിഡിയോ ദൃശ്യം)
തിരുവനന്തപുരം∙ രാജ്യം അഭിമാനത്തോടെ കാത്തിരിക്കുന്ന ഗഗൻയാൻ ദൗത്യസംഘത്തിൽ ഇടംപിടിച്ച് മലയാളിയും. പാലക്കാട് നെൻമാറ സ്വദേശിയായ ക്യാപ്റ്റൻ പ്രശാന്ത് ബി.നായരാണ് കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ മലയാളി. ‘സുഖോയ്’ യുദ്ധവിമാനത്തിന്റെ പൈലറ്റായ പ്രശാന്ത് വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനാണ്. ഗ്രൂപ്പ് ക്യാപ്റ്റൻമാരായ അജിത് കൃഷ്ണൻ, അങ്കദ് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് ദൗത്യസംഘത്തിലെ മറ്റ് അംഗങ്ങൾ.
നെൻമാറ സ്വദേശി വിളമ്പിൽ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനാണ് പ്രശാന്ത്. പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) ചേർന്നു. ഇവിടെ പരിശീലനം പൂർത്തിയാക്കി 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി.
യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽനിന്ന് ‘സ്വോർഡ് ഓഫ് ഓണർ’ സ്വന്തമാക്കിയിട്ടുണ്ട്. ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട ടെസ്റ്റ് പൈലറ്റുമാർ പ്രശാന്ത് ബി.നായരുടെ നേതൃത്വത്തിൽ ഒന്നര വർഷം റഷ്യയിൽ പരിശീലനം നടത്തിയിരുന്നു. ബെംഗളൂരുവിലെ ഹ്യൂമൻ സ്പേസ് സെന്ററിലും പരിശീലനം പൂർത്തിയാക്കി.
തിരുവനന്തപുരം വിഎസ്എസ്‌സിയിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദൗത്യത്തിനു തയാറെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരുടെ പേരുകൾ പ്രഖ്യാപിച്ചത്. പേരുകൾ പ്രഖ്യാപിക്കുന്ന സമയത്ത് ഇവർ വേദിയിലെത്തിയിരുന്നു. ഇവരെ പ്രധാനമന്ത്രി വിൻ ബാഡ്ജ് അണിയിച്ച് അനുമോദിച്ചു. രാജ്യത്തിന്റെ സാഹസികതയും ധൈര്യവുമാണ് ഇവർ പ്രതിനിധാനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.
ഈ നാലു പേരിൽ 3 പേരാകും അടുത്ത വർഷം ബഹിരാകാശയാത്ര നടത്തുക. ദുഷ്കര വെല്ലുവിളികൾ നേരിടാൻ സമർഥരെന്ന നിലയിലാണ് ദൗത്യത്തിനു യുദ്ധവിമാന പൈലറ്റുമാരെ തിരഞ്ഞെടുത്തത്.
English Summary:
Meet Captain Prashant B. Nair: The Malayali Pilot Steering India’s Gaganyaan Mission
40oksopiu7f7i7uq42v99dodk2-2024-02 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-02-27 40oksopiu7f7i7uq42v99dodk2-2024-02-27 mo-space-isro 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-space-gaganyaan mo-politics-leaders-narendramodi 7dgm6drhhu1bpvmj81qfsioio6 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02
Source link