നവൽനിയുടെ മൃതദേഹം അമ്മയ്ക്കു കൈമാറി
മോസ്കോ: ദുരൂഹ സാഹചര്യത്തിൽ ജയിലിൽ മരിച്ച റഷ്യൻ ജനാധിപത്യ നേതാവ് അലക്സി നവൽനിയുടെ മൃതദേഹം അമ്മ ലുഡ്മിളയ്ക്കു കൈമാറി. നവൽനിയുടെ വനിതാ വക്താവ് കിരാ യാർമിഷാണ് ഇക്കാര്യം അറിയിച്ചത്. സൈബീരിയയിലെ ജയിലിൽ കഴിയവേ മരിച്ച് പത്തു ദിവസം പിന്നിടുന്പോഴാണു മൃതദേഹം കൈമാറുന്നത്. തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സംസ്കാരം നടത്താൻ കുടുംബത്തെ അനുവദിക്കുമോയെന്ന കാര്യത്തിൽ തീർച്ചയില്ലെന്ന് നവൽനിയുടെ വക്താവ് പറഞ്ഞു. പൊതുവായ സംസ്കാരച്ചടങ്ങുകൾ നടത്തുന്നതിനെക്കുറിച്ച് വക്താവ് പ്രതികരിച്ചില്ല. നാല്പത്തേഴുകാരനായ നവൽനി രാഷ്ട്രീയപ്രേരിത കേസുകളിൽ തടവുശിക്ഷ അനുഭവിക്കവേ കഴിഞ്ഞ 16നാണ് പൊടുന്നനേ മരിച്ചത്. ജയിലിലെ നടത്തത്തിനുശേഷം കുഴഞ്ഞുവീണ അദ്ദേഹം സ്ഥലത്തുതന്നെ മരിച്ചുവെന്നാണ് റഷ്യൻ ജയിൽ അധികൃതർ നൽകിയ വിശദീകരണം. എന്നാൽ, പുടിന്റെ കടുത്ത വിമർശകനായ നവൽനിയെ സർക്കാർ കൊലപ്പെടുത്തിയെന്നാണ് അനുയായികളുടെ ആരോപണം. എന്നാൽ, ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കുന്നു. നവൽനിയുടേത് സ്വാഭാവിക മരണമാണെന്നും ദുരൂഹതയൊന്നുമില്ലെന്നുമാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളതെന്ന് അദ്ദേഹത്തിന്റെ വക്താവ് വിശദീകരിച്ചു. സർക്കാർ തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും രഹസ്യമായി സംസ്കാരം നടത്താൻ നിർബന്ധിക്കുകയാണെന്നും നവൽനിയുടെ അമ്മ ലുഡ്മിള കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
മൃതദേഹം കുടുംബത്തിനു വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് സമൂഹത്തിന്റെ നാനാതുറകളിലുള്ള 82,000 പേർ ഒപ്പിട്ട നിവേദനം രണ്ടുദിവസം മുന്പ് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി മുന്പാകെ സമർപ്പിച്ചിരുന്നു. മൃതദേഹം കുടുംബത്തിനു വിട്ടുകൊടുക്കണമെന്നും ക്രിസ്ത്യൻ രീതിയിൽ സംസ്കരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് റഷ്യൻ ഓർത്തഡോക്സ് വൈദികർ ഒപ്പിട്ട നിവേദനവും കഴിഞ്ഞദിവസം സർക്കാരിന് സമർപ്പിച്ചിരുന്നു. ഭർത്താവിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ വിലപേശുന്ന പുടിനെതിരേ നവൽനിയുടെ ഭാര്യ യൂലിയ നവൽനയ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
Source link