Election Special പഞ്ചാബില്‍ കോണ്‍ഗ്രസും എഎപിയും നേര്‍ക്കുനേര്‍; അകാലിദളിന് നിലനില്‍പ്പിന്റെ പോരാട്ടം
ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത് കേവലം മാസങ്ങള്‍ മാത്രം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും മിക്ക സംസ്ഥാനങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് വെല്ലുവിളി ഉയര്‍ത്താനായി പ്രതിപക്ഷത്തെ ഇന്ത്യ സഖ്യവും തന്ത്രങ്ങള്‍ മെനയുകയാണ്. കേരളത്തിലേതിനു സമാനമായി ഇന്ത്യ മുന്നണിയിലെ രണ്ടു പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ വരുന്ന മറ്റൊരു സംസ്ഥാനമാണ് പഞ്ചാബ്. കോണ്‍ഗ്രസും എഎപിയും ഡല്‍ഹിയില്‍ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാന്‍ ഒരുങ്ങുമ്പോള്‍, പഞ്ചാബിലെ ചിത്രം വ്യത്യസ്തമാണ്.
Read Also: 100 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കാൻ ബിജെപി; നരേന്ദ്ര മോദിയും അമിത് ഷായും ആദ്യപട്ടികയിലെന്ന് റിപ്പോർട്ട്
പഞ്ചാബ് ഭരിക്കുന്ന എഎപിയും കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റു നേടിയ കോണ്‍ഗ്രസും സംസ്ഥാനത്ത് കൊമ്പുകോര്‍ക്കും. രാജ്യത്തെ ഏറ്റവും പഴയ പ്രാദേശിക പാര്‍ട്ടികളില്‍ ഒന്നായ ശിരോമണി അകാലിദളിന് ഇത്തവണ നിലനില്‍പ്പിന്റെ പോരാട്ടമാണ്. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണെങ്കിലും സംസ്ഥാനത്ത് വലിയ സ്വാധീനം കൊണ്ടുവരാന്‍ ബിജെപിക്കായിട്ടില്ല. അയല്‍ സംസ്ഥാനങ്ങളിലെല്ലാം ഭരണം പിടിച്ച ബിജെപിക്ക് ഇത്തവണ ഈ പ്രശ്നത്തിനും പരിഹാരം കണ്ടെത്തുകയെന്ന വലിയ ലക്ഷ്യമുണ്ട്.
2014ലെ പൊതു തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച എഎപിക്ക് പഞ്ചാബിലെ ആകെയുള്ള 13ല്‍ നാല് സീറ്റ് ലഭിച്ചു. മൂന്ന് വര്‍ഷത്തിനപ്പുറം സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായി. എന്നാല്‍ 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേവലം ഒരു സീറ്റു കൊണ്ട് പാര്‍ട്ടിക്ക് തൃപ്തിപ്പെടേണ്ടിവന്നു. 2022ല്‍ സംസ്ഥാന നിയമസഭയിലെ 117ല്‍ 92 സീറ്റിലും വിജയിച്ചാണ് എഎപി സര്‍ക്കാര്‍ രൂപീകരിച്ചത്. ആ തിരഞ്ഞെടുപ്പിനു ശേഷമുള്ള വലിയ പോരാട്ടത്തിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. പത്തു വര്‍ഷം ബിജെപിയുടെ പിന്തുണയോടെ സംസ്ഥാനം ഭരിച്ച ശിരോമണി അകാലിദളിനെ നിഷ്പ്രഭമാക്കിയാണ് എഎപി അധികാരം പിടിച്ചെടുത്തത്.
ഏഴു പതിറ്റാണ്ടോളം സംസ്ഥാനത്ത് കോണ്‍ഗ്രസും അകാലിദളും മാറിമാറി ഭരണം കൈയാളിയിരുന്നു. ഭഗവന്ത് മാന്‍ മുഖ്യമന്ത്രിയായതിനു പിന്നാലെ സിംഗ്രുരില് നടന്ന ഉപതിരഞ്ഞടുപ്പില്‍ പാര്‍ട്ടിക്ക് സീറ്റ് നഷ്ടമായെങ്കിലും തൊട്ടടുത്ത വര്‍ഷം ജലന്ധറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട സീറ്റ് തിരികെ പിടിച്ചു. കോണ്‍ഗ്രസിനെതിരെ പ്രചാരണം നയിച്ച് സംസ്ഥാന ഭരണം പിടിച്ച എഎപിക്ക് അവരുമായി സഖ്യം ചേര്‍ന്ന് തിരഞ്ഞെടുപ്പ് നേരിടുകയെന്നത് പ്രയാസമാവും. എന്നാല്‍ ഇരുപാര്‍ട്ടികളുടെയും കേന്ദ്രനേതൃത്വത്തിന്റെ വീക്ഷണം ഇതില്‍നിന്ന് ഭിന്നമാണ്.
2020ലെ വിവാദ കാര്‍ഷിക ബില്ലുകളുടെ പശ്ചാത്തലത്തിലാണ് അകാലിദള്‍ – ബിജെപി സഖ്യത്തില്‍ വിള്ളലുകള്‍ വീണത്. 1980കളിലെ സൈനിക ഇടപെടലുകളും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുമാണ് ഇരു പാര്‍ട്ടികളേയും കോണ്‍ഗ്രസിനെതിരെ ഒന്നിപ്പിച്ചത്. പ്രകാശ് സിങ് ബാദലിന്റെ വിയോഗത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പെന്ന നിലയില്‍ അകാലിദളിന്റെ ഭാവി നിര്‍ണയിക്കപ്പെടുന്ന അവസരം കൂടിയാകുമിത്. സഖ്യകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുന്ന വേളയിലും കര്‍ഷകര്‍ സമരമുഖത്താണെന്നത് ശ്രദ്ധേയമാണ്. ആദ്യഘട്ട ചര്‍ച്ചകള്‍ പരാജയപ്പെടുകയും ചെയ്തു. പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബിര്‍ സിങ് ബാദലിന്റെ തീരുമാനങ്ങള്‍ മുന്നണി രൂപീകരണത്തിലും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും നിര്‍ണായകമാകും.
∙ താരങ്ങളെ കളത്തിലിറക്കാന്‍ ബിജെപിസംസ്ഥാനത്തെ സാന്നിധ്യം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ സ്ഥാനാര്‍ഥികളെ മത്സര രംഗത്തു കണ്ടുവരാന്‍ ബിജെപി ലക്ഷ്യമിടുന്നുണ്ട്. ഗുര്ദാസ്പുരില് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ ബിജെപി കളത്തിലിറക്കിയേക്കുമെന്ന് അഭ്യൂഹമുയര്‍ന്നിട്ടുണ്ട്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി യുവരാജ് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നത്. താരത്തെ മത്സര രംഗത്ത് ഇറക്കിയാല്‍ യുവവോട്ടര്‍മാരെ കൂടുതല്‍ ആകര്‍ഷിക്കാനാവുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ബിജെപിയുടെ സണ്ണി ഡിയോളാണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അകാലിദളുമായുള്ള സഖ്യ ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ ഇത്തരം തന്ത്രങ്ങളുമായി മുന്നോട്ടു പോവുകയെന്നതു തന്നെയാവും പാര്‍ട്ടിയുടെ അജന്‍ഡ.
∙ 2019ല്‍ കോണ്‍ഗ്രസിനൊപ്പം2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റില്‍ എട്ടിടത്തും കോണ്‍ഗ്രസ് വെന്നിക്കൊടി പാറിച്ചു. ബിജെപിക്കൊപ്പം ശിരോമണി അകാലിദള്‍ കൂടി ചേര്‍ന്ന എന്‍ഡിഎ സഖ്യത്തിന് നാല് മണ്ഡലങ്ങളില്‍ മാത്രമാണ് വിജയിക്കാനായത്. ഇരു പാര്‍ട്ടികളും രണ്ടുവീതം സീറ്റാണ് നേടിയത്. ശേഷിക്കുന്ന ഒരു സീറ്റില്‍ എഎപി സ്ഥാനാര്‍ഥി വിജയിച്ചു. ബിഎസ്പി, സിപിഐ, ആര്‍എംപി, പഞ്ചാബ് ഏക്ത ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ചേര്‍ന്നു രൂപീകരിച്ച പഞ്ചാബ് ജനാധിപത്യ സഖ്യത്തിന് 10.69 ശതമാനം വോട്ടു വിഹിതം നേടാനായെങ്കിലും ഒരു സീറ്റു പോലും നേടാനായില്ല. 65.94 ആണ് 2019ലെ പോളിങ് ശതമാനം. ആകെ പോള്‍ ചെയ്തതില്‍ 40 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസും 37 ശതമാനം എന്‍ഡിഎയും നേടി. എഎപിയുടെ വോട്ടുവിഹിതം ഏഴു ശതമാനത്തിലേക്ക് ഒതുങ്ങി.
2022ല്‍ ഭഗവന്ത് മാന്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുകയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ സംഗ്രുരില് ഉപതിരഞ്ഞെടുപ്പു നടന്നു. അകാലിദള്‍ (അമൃത്സര്‍ വിഭാഗം) നേതാവ് സിമ്രാന് ജിത് സിങ് വിജയിച്ചു. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് എംപി സന്തോഖ് സിങ് ചൗധരി അന്തരിച്ച ജലന്ധര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ഥി സുശീല്‍ കുമാര്‍ റിങ്കു വിജയിച്ചു, ഇതോടെ കോണ്‍ഗ്രസിന് സംസ്ഥാനത്തുനിന്നുള്ള പ്രാതിനിധ്യം ഏഴായി കുറഞ്ഞു. എന്നിരുന്നാലും പിസിസി അധ്യക്ഷന്‍ അമരിന്ദര്‍ സിങ് രാജയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണവിടെ.
അഞ്ചു വര്‍ഷത്തിനിപ്പുറം മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കുന്നത് ഏതു തരത്തിലാവും എന്നത് കാത്തിരുന്നു കാണേണ്ട വിഷയമാണ്. കര്‍ഷക പ്രക്ഷോഭം അടങ്ങാത്ത സാഹചര്യത്തില്‍ അകാലിദളിന് നേട്ടമുണ്ടാക്കാനാവുമോ അതോ ബിജെപി അനുനയ ശ്രമം നടത്തുമോ എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. പ്രധാനമന്ത്രി മോദിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം തന്നെയാവും ബിജെപി നടത്തുക. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ നേതൃത്വം നല്കുന്ന സര്‍ക്കാരിലുള്ള ജനപ്രീതിക്ക് വലിയ കോട്ടം സംഭവിച്ചിട്ടില്ല. അതിനാല്‍ എഎപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുന്ന തിരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്ന വിലയിരുത്തലുമുണ്ട്. പാര്‍മെന്റ് തിരഞ്ഞെടുപ്പില്‍ ജനം കൈവിടില്ലെന്ന വിശ്വാസത്തോടെ കോണ്‍ഗ്രസും കളത്തിലിറങ്ങുമ്പോള്‍ പഞ്ചാബിലെ പോരാട്ടം കടുപ്പമേറിയതാകും.
Source link