ചൈനയിൽ പാർപ്പിട സമുച്ചയത്തിന് തീപിടിച്ച് 15 പേർ മരിച്ചു
ബെയ്ജിംഗ്: ചൈനയിൽ പാർപ്പിട സമുച്ചയത്തിന് തീപിടിച്ച് 15 പേർ മരിച്ചു. 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ ചൈനയിലെ ജിയാംഗ്ഷു പ്രവിശ്യയുടെ തലസ്ഥാനമായ നൻജിംഗിലായിരുന്നു അപകടം. വെള്ളിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇലക്ട്രിക് ബൈക്കുകൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ആദ്യത്തെ നിലയിൽനിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. ഒരു മാസത്തിനിടെ ചൈനയിലെ രണ്ടാമത്തെ വലിയ തീപിടിത്തമാണിത്. ജനുവരി 24ന് കിഴക്കൻ ചൈനയിലെ ജിയാംഗ്സി പ്രവിശ്യയിലെ സിൻയു നഗരത്തിലുണ്ടായ അഗ്നിബാധയിൽ 39 പേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ചൈനയിൽ വൻ അഗ്നിബാധകൾ സാധാരണമായിരിക്കുകയാണ്. കെട്ടിടങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമല്ലാത്തതാണ് അപകടത്തിനു കാരണമാകുന്നത്. ജനുവരി 20ന് മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ സ്കൂൾ ഡോർമിറ്ററിയിൽ ഉണ്ടായ തീപിടിത്തത്തിൽ 13 വിദ്യാർഥികൾ മരിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഷാംഗ്സി പ്രവിശ്യയിലെ ലുലിയാംഗ് നഗരത്തിൽ ഓഫീസ് കെട്ടിടത്തിന് തീപിടിച്ച് 26 പേർ മരിച്ചു. കഴിഞ്ഞ ഏപ്രിലിൽ ബെയ്ജിംഗിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രോഗികൾ ഉൾപ്പെടെ 29 പേരാണ് മരിച്ചത്.
Source link