ന്യൂഡല്‍ഹി: യു.എസ്സിലെ സിയാറ്റിലില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കുറ്റാരോപിതനായ പോലീസുകാരനെ വെറുതേ വിട്ടതിനെതിരെ ഇന്ത്യ. 23-കാരിയായ ജാഹ്നവി കണ്ടുലയുടെ മരണത്തില്‍ കുറ്റാരോപിതനായ സിയാറ്റില്‍ പോലീസിലെ ഉദ്യോഗസ്ഥന്‍ കെവിന്‍ ഡേവിനെ വെറുതേവിട്ട നടപടി പുനഃപരിശോധിക്കണമെന്ന് ഇന്ത്യ, അമേരിക്കയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. മതിയായ തെളിവില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ബുധനാഴ്ചയാണ് കിങ് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് കെവിന്‍ ഡേവിനെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ പിന്‍വലിച്ചത്. സിയാറ്റില്‍ പോലീസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ വിഷയം ഉന്നയിച്ചിട്ടുണ്ടെന്ന് സിയാറ്റിലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്‌സിലൂടെ അറിയിച്ചു. നിലവില്‍ കേസ് പുനഃപരിശോധനയ്ക്കായി സിയാറ്റില്‍ സിറ്റി അറ്റോര്‍ണിയുടെ ഓഫീസിന് കൈമാറിയിരിക്കുകയാണ്. പോലീസിന്റെ അന്വേഷണം പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയാണ്. കേസിന്റെ പുരോഗതി നിരീക്ഷിച്ചുവരികയാണെന്നും ജാഹ്നവിയ്ക്കും കുടുംബത്തിനും നീതി ലഭിക്കാനായി സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നത് തുടരുമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.
Source link