Farmers Protest 29 വരെ ‘ദില്ലി ചലോ’ മാർച്ച് നിർത്തിവയ്ക്കും, അതിർത്തിയിൽ തുടരും; ഇന്നു മെഴുകുതിരി സമരം

29 വരെ‘ദില്ലി ചലോ’ മാർച്ച് നിർത്തിവയ്ക്കും, അതിർത്തിയിൽ തുടരും; ഇന്നു മെഴുകുതിരി സമരം- Farmers Protest | Manorama News
ഓൺലൈൻ ഡെസ്‌ക്
Published: February 24 , 2024 09:33 AM IST
1 minute Read
കർഷകസമരത്തിൽ പങ്കെടുക്കുന്നവർ പഞ്ചാബ്–ഹരിയാന അതിർത്തിയിൽ. ചിത്രം: (Photo by Narinder NANU / AFP)
ന്യൂഡൽഹി∙ ‘ദില്ലി ചലോ’ മാർച്ച് ഈ മാസം 29 വരെ നിർത്തിവയ്ക്കുമെന്ന് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) അറിയിച്ചു. അതുവരെ പഞ്ചാബ്–ഹരിയാന അതിർത്തിയിൽ തന്നെ തുടരാനും കർഷകർ തീരുമാനിച്ചു. തുടർനടപടികൾ 29നു യോഗം ചേർന്നു തീരുമാനിക്കും.
ഇന്നു മെഴുകുതിരി മാർച്ചും നാളെ കർഷക സംബന്ധമായ വിഷയങ്ങളിൽ സെമിനാറുകളും നടക്കും. ഫെബ്രുവരി 26ന് ലോക വ്യാപാര സംഘടനയുടെയും (ഡബ്ല്യുടിഒ) മന്ത്രിമാരുടെയും കോലം കത്തിക്കും. സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച ഫോറങ്ങളുടെ നിരവധി യോഗങ്ങളും തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. മിനിമം താങ്ങുവില (എംഎസ്പി), സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ നടപ്പാക്കുക, കാർഷിക കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഹരിയാന പൊലീസിനെതിരെ നടപടിയെടുക്കാതെ ഖനൗരിയിൽ കൊല്ലപ്പെട്ട യുവകർഷകൻ ശുഭ് കരൺ സിങ്ങിന്റെ (21) മൃതദേഹം ഏറ്റുവാങ്ങില്ലെന്നു കുടുംബവും കർഷക സംഘടനകളും വ്യക്തമാക്കി. പഞ്ചാബ് സർക്കാരിന്റെ ഒരു കോടി രൂപ ധനസഹായം കൊല്ലപ്പെട്ട കർഷകന്റെ കുടുംബം നിരസിച്ചു. മരണത്തിൽ കേസ് റജിസ്റ്റർ ചെയ്യാതെ മൃതദേഹം സംസ്കരിക്കേണ്ടതില്ലെന്നാണ് സമരരംഗത്തുള്ള സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം) ഉൾപ്പെടെയുള്ള സംഘടനകളുടെ തീരുമാനം.
ശുഭ് കരൺ സിങ്ങിന്റെ മൃതദേഹം പട്യാല മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ടു 3 ദിവസം പിന്നിട്ടെങ്കിലും സംസ്കാരം നടത്താൻ കുടുംബം തയാറാകാത്തതു പഞ്ചാബ് സർക്കാരിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്. നഷ്ടപരിഹാരത്തുക നിരസിച്ച കുടുംബാംഗങ്ങൾ സഹോദരിക്കു വാഗ്ദാനം ചെയ്ത ജോലിയും വേണ്ടെന്ന് അറിയിച്ചു.
ഇന്നലെ സമരരംഗത്തുണ്ടായിരുന്ന മറ്റൊരു കർഷകൻ ഹൃദയാഘാതത്തെ തുടർന്നു മരിച്ചിരുന്നു. ഈ മാസം 13 മുതൽ ഖനൗരി അതിർത്തിയിൽ സമരരംഗത്തുള്ള ഭട്ടിൻഡ അമർഗഡ് സ്വദേശി ദർശൻ സിങ്ങാണു(62) മരിച്ചത്. ഇതോടെ കർഷക സമരത്തിനിടെ മരിച്ചവർ അഞ്ചായി. 3 കർഷകരും ഒരു പൊലീസ് ഉദ്യോഗസ്ഥനും ശാരീരിക അസ്വസ്ഥതകളെത്തുടർന്നാണു മരിച്ചതെങ്കിൽ പൊലീസ് അതിക്രമത്തിലാണ് ശുഭ് കരൺ സിങ്ങിന് ജീവൻ നഷ്ടമായത്.
സമരക്കാർക്കെതിരെ ദേശസുരക്ഷാ നിയമം (എൻഎസ്എ) പ്രയോഗിക്കാൻ ഹരിയാന പൊലീസ് തീരുമാനിച്ചിരുന്നുവെങ്കിലും വിമർശനം ഉയർന്നതോടെ പിൻവലിച്ചു. പൊതുമുതൽ നശിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിയമം പ്രയോഗിക്കാൻ അംബാല ജില്ലാ ഭരണകൂടം വ്യാഴാഴ്ച തീരുമാനിച്ചത്. എന്നാൽ, വെള്ളിയാഴ്ച രാത്രി ഇതു പിൻവലിച്ച് ഉത്തരവിറക്കി.
English Summary:
Farmers’ March Paused Till Feb 29, Protesters To Hold Ground At Borders
40oksopiu7f7i7uq42v99dodk2-2024-02 mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 1pg4b4fori1o56fr2r4h42u9ps mo-news-world-countries-india-indianews mo-news-common-farmersprotest 5us8tqa2nb7vtrak5adp6dt14p-2024-02-24 40oksopiu7f7i7uq42v99dodk2-2024 40oksopiu7f7i7uq42v99dodk2-2024-02-24 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-02
Source link