ഹൂസ്റ്റൺ: അമേരിക്കൻ സ്വകാര്യ സ്ഥാപനമായ ഇന്റ്യൂയിറ്റീവ് മെഷീൻസ് ചന്ദ്രനിൽ പേടകമിറക്കി ചരിത്രം കുറിച്ചു. സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കു മാത്രം കഴിഞ്ഞിട്ടുള്ള നേട്ടമാണ് ഒരു സ്വകാര്യ വാണിജ്യ സ്ഥാപനം നേടിയെടുത്തത്. അര നൂറ്റാണ്ടിനുശേഷം അമേരിക്കൻ പേടകം ചന്ദ്രനിലിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഹൂസ്റ്റൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇന്റ്യൂയിറ്റീവ് മെഷീൻസ് അയച്ച ഒഡീസിയസ് എന്ന റോബട്ട് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 4.53നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. ഫെബ്രുവരി 15ന് സ്പേസ് എക്സ് റോക്കറ്റിലാണു റോബട്ടിനെ വിക്ഷേപിച്ചത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ സഹായത്തോടെയാണ് ഇന്റ്യൂയിറ്റീവ് മെഷീൻ കന്പനി വിജയം കൈവരിച്ചത്. നാസയുടെ ആറു പഠനോപകരണങ്ങളാണ് ഒഡീസിയസ് റോബട്ടിലുള്ളത്. അമേരിക്ക ചന്ദ്രനിൽ തിരിച്ചെത്തിയിരിക്കുന്നുവെന്നാണു നാസാ മേധാവി ബിൽ നെൽസൺ പ്രതികരിച്ചത്.
മനുഷ്യനെ വീണ്ടും ചന്ദ്രനിൽ ഇറക്കാനായി നാസ കണ്ടുവച്ചിരിക്കുന്ന സ്ഥലങ്ങളിലൊന്നിലാണ് ഒഡീസിയസ് റോബട്ട് എത്തിയിരിക്കുന്നത്. ഒഡീയിസസ് ചന്ദ്രനിലിറങ്ങുന്ന സമയത്ത് ചെറിയ സാങ്കേതിക പ്രശ്നങ്ങളുണ്ടായി. മണിക്കൂറുകൾ കഴിഞ്ഞ് റോബട്ടിൽനിന്ന് സിഗ്നൽ ലഭിച്ചതോടെ ദൗത്യം വിജയമെന്ന് ഉറപ്പിച്ചു. ജനുവരിയിൽ മറ്റൊരു അമേരിക്കൻ സ്വകാര്യ കന്പനിയായ ആസ്ട്രോബോട്ടിക്കിന്റെ ചാന്ദ്രദൗത്യം സാങ്കേതിക കാരണങ്ങളാൽ പരാജയപ്പെട്ടിരുന്നു.
Source link