‘പ്രധാനമന്ത്രി പോയി, നിങ്ങൾക്ക് തിരക്കായിരിക്കും അല്ലേ?’: മന്ത്രിമാരെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി അമിത് ഷാ
ജയ്പുർ∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ അലംഭാവം കാണിച്ച രാജസ്ഥാന്‍ മന്ത്രിമാരെ നിര്‍ത്തിപ്പൊരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോര്‍ കമ്മിറ്റി യോഗത്തില്‍ മൂന്നു മന്ത്രിമാരെ 40 മിനിറ്റോളം എഴുന്നേല്‍പ്പിച്ച് നിര്‍ത്തി. ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ്, സാമൂഹികനീതി മന്ത്രി അവിനാശ് ഗെലോട്ട്, ഭക്ഷ്യ പൊതുവിതരണമന്ത്രി സുമിത് ഗൊദാര എന്നിവർക്കാണ് പാർട്ടിയുടെ മുൻ ദേശീയ അധ്യക്ഷന്റെ പരസ്യശാസന ഏറ്റുവാങ്ങേണ്ടി വന്നത്.
Read also: തെലങ്കാനയിലെ യുവ വനിതാ എംഎൽഎ വാഹനാപകടത്തിൽ മരിച്ചു; എംഎൽഎയായിട്ട് 2 മാസം
ഒരു ദിവസത്തെ സന്ദർശനത്തിനായി രാജസ്ഥാനിലെത്തിയ അമിത് ഷാ ഉദയ്പുരിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഇതിനുശേഷമാണ് ബിക്കാനേര്‍ ക്ലസ്റ്ററിൽനിന്നുള്ള ഇരുന്നൂറോളം നേതാക്കളുമായി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയത്. ബൂത്ത് തലം മുതലുള്ള വിശദാംശങ്ങളും താഴെ തട്ടിലെ ഒരുക്കങ്ങള്‍ ഒാരോരുത്തരോടായി ചോദിച്ചു. ഇതോടെയാണ് മൂന്നു മന്ത്രിമാർ പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എവിടെവരെയെത്തി? ബൂത്തിന്‍റെ ചുമതല ആര്‍ക്കെല്ലാം? ഒാരോ മേഖലയിലെയും വോട്ട് ചോര്‍ച്ച തടയാന്‍ എന്തെല്ലാം ചെയ്തു? അമിത് ഷായുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ മന്ത്രിമാര്‍ കൈമലര്‍ത്തി.
മന്ത്രിമാരായതിന്‍റെ തിരക്കായിരിക്കുമല്ലേ എന്ന് അമിത് ഷായുടെ മുനവച്ച ചോദ്യം. രാജ്യത്ത് ഏറ്റവും തിരക്കുള്ള പ്രധാനമന്ത്രി പോലും സംഘടനാകാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാറില്ലെന്ന് അമിത് ഷാ ഒാര്‍മപ്പെടുത്തി. ‘‘ഇന്നു പ്രധാനമന്ത്രി ജമ്മുവിലേക്ക് പോയി, 200 പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്താനാണ് ഞാൻ ഇവിടെ വന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ഞങ്ങൾ തുടങ്ങി, നിങ്ങൾക്ക് തയാറെടുപ്പിന് സമയം കിട്ടിയില്ല. മന്ത്രിയായതുകൊണ്ട് തിരക്കിലാണ്. അങ്ങനെയാണോ?’’– അമിത് ഷാ ചോദിച്ചു
വൈകിട്ട് എല്ലാ വിവരങ്ങളും തന്‍റെ ഒാഫിസില്‍ എത്തണമെന്ന് മന്ത്രിമാർക്ക് അന്ത്യശാസനം നൽകുകയും ചെയ്തു. യോഗത്തിൽ നാല്‍പത് മിനിറ്റോളം മന്ത്രിമാരെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി. കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിൽ നീരസമുള്ള ബിജെപി പ്രവർത്തകരോട്, ‘ ബിജെപിയുടെ ആശയത്തോട് ദീര്‍ഘകാലം പ്രതിബദ്ധത കാണിക്കാന്‍ കഴിയുന്നവര്‍ മാത്രം പാര്‍ട്ടിയില്‍നിന്ന് എന്തെങ്കിലും തിരിച്ചു പ്രതീക്ഷിച്ചാല്‍ മതി’ എന്നും അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്തെ എട്ട് ക്ലസ്റ്ററുകളാക്കി തിരിച്ച് ഒാരോന്നിനും മുതിര്‍ന്ന നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും ചുമതല നല്‍കിയാണ് രാജസ്ഥാനിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കം. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 25 മണ്ഡലങ്ങളിലും ബിജെപിക്കായിരുന്നു വിജയം. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം പാർട്ടിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്.
English Summary:
‘Busy because you became a minister…’ Amit Shah pulls up 3 Rajasthan ministers at Bikaner meeting
Source link