കയ്റോ: വടക്കൻ ഗാസയിൽ ജീവൻരക്ഷാസഹായ വസ്തുക്കളുടെ വിതരണം നിർത്തിവച്ചതായി ലോക ഭക്ഷ്യപദ്ധതി അറിയിച്ചു. കുടിവെള്ളവും ഭക്ഷണവും കിട്ടാതെ ഹതാശരായ പലസ്തീൻ ജനത അരാജകത്വത്തിലേക്കു തിരിയുന്ന പശ്ചാത്തലത്തിലാണിത്. ലോറികളിൽ എത്തിക്കുന്ന സഹായവസ്തുക്കൾ ജനം കൊള്ളയടിക്കുകയാണ്. വെടിവയ്പു സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗാസ പട്ടിണിയുടെയും രോഗങ്ങളുടെയും പിടിയിലാവുകയാണെന്നു ലോക ഭക്ഷ്യ പദ്ധതി അധികൃതർ മുന്നറിയിപ്പു നല്കി. ഇസ്രേലി സേന ഗാസയിൽ ആക്രമണം ആരംഭിച്ച നാൾ മുതൽ വടക്കൻ ഗാസയിലുള്ളവരോടു തെക്കൻ ഗാസയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. ഭൂരിഭാഗവും ഇതിനു തയാറായി. എന്നാൽ, മൂന്നു ലക്ഷത്തോളം പേർ ഇപ്പോഴും വടക്കൻ ഗാസയിൽ അവശേഷിക്കുന്നുണ്ട്. ഇസ്രേലി സേനയുടെ അനുമതി അടക്കമുള്ള കടന്പകൾ മറികടന്നാലേ വടക്കൻഗാസയിലേക്കു സഹായം എത്തിച്ചേരൂ.
ഞായറാഴ്ച സഹായവസ്തുക്കളുമായി എത്തിയ വാഹനങ്ങളെ ജനം വളഞ്ഞു. ലോറികളിൽ ചാടിക്കയറാൻ ശ്രമിച്ചു. ഗാസ സിറ്റിയിൽ ലോറികളെത്തിയപ്പോൾ വെടിയൊച്ചകൾ മുഴങ്ങി. ജനക്കൂട്ടം അത്യധികം രോഷാകുലരായിരുന്നു. മറ്റൊരു സംഭവത്തിൽ തെക്കൻഗാസയിലെ ഖാൻ യൂനിസിൽനിന്നു മധ്യഗാസയിലെ ദെയിർ അൽ ബലായിലേക്കുള്ള യാത്രാമധ്യേ ലോറികളിൽനിന്നു സഹായവസ്തുക്കൾ അപഹരിക്കപ്പെട്ടു. ഡ്രൈവർ മർദനത്തിനിരയായി. ഗതികെട്ട ജനങ്ങളുടെ അരാജകത്വമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിൽ കണ്ടത്. ഗാസയിൽ പട്ടിണിമരണങ്ങൾ നടക്കുന്നതായും ലോക ഭക്ഷ്യപദ്ധതി വൃത്തങ്ങൾ പറഞ്ഞു. ഭക്ഷണവും ശുദ്ധജലവും അപൂർവമായിത്തുടങ്ങി. വനിതകളും കുട്ടികളും അടക്കം പോഷകാഹാരക്കുറവ് നേരിടുകയാണ്.
Source link