നവൽനിയുടെ മരണം: റഷ്യക്കെതിരേ ഉപരോധങ്ങൾ
വാഷിംഗ്ടൺ ഡിസി: അലക്സി നവൽനിയുടെ ദുരൂഹമരണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്കെതിരേ കൂടുതൽ ഉപരോധങ്ങളുമായി പാശ്ചാത്യ ശക്തികൾ. നവൽനി മരിച്ച സൈബീരിയൻ ജയിലിന്റെ ചുമതലയുള്ള ആറ് ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തിയതായി ബ്രിട്ടൻ അറിയിച്ചു. ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കും; ബ്രിട്ടനിൽ പ്രവേശനം അനുവദിക്കില്ല. നവൽനിയുടെ മരണത്തിന്റെയും യുക്രെയ്ൻ അധിനിവേശത്തിന്റെ രണ്ടാം വാർഷികത്തിന്റെയും പശ്ചാത്തലത്തിൽ റഷ്യക്കെതിരേ കൂടുതൽ ഉപരോധങ്ങൾ ചുമത്തുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. റഷ്യയുടെ പ്രതിരോധ, വ്യവസായ മേഖലകളെയും വരുമാനമാർഗങ്ങളെയും ഉപരോധത്തിൽ ലക്ഷ്യമിടുമെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു. യുക്രെയ്ൻ യുദ്ധത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് റഷ്യക്കെതിരേ തയാറാക്കിയ ഉപരോധ പാക്കേജ്, നവൽനിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നു യുഎസ് സർക്കാരിലെ ചില വൃത്തങ്ങൾ പറഞ്ഞു. ഉപരോധവിഷയം ചർച്ച ചെയ്യാനായി തീവ്രവാദ- സാന്പത്തിക ഇന്റലിജൻസ് അണ്ടർ സെക്രട്ടറി ബ്രയാൻ നെൽസൺ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്. മുന്പ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളെ വെട്ടിക്കുന്നവരെ കുടുക്കാനുള്ള മാർഗങ്ങളും പരിഗണനയിലാണ്. 2022 ഫെബ്രുവരി 24ന് യുക്രെയ്നിൽ അധിനിവേശം ആരംഭിച്ച റഷ്യക്കെതിരേ അതിശക്തമായ ഉപരോധങ്ങളാണ് യുഎസും മറ്റു പാശ്ചാത്യശക്തികളും ചുമത്തിയിരിക്കുന്നത്.
2020ൽ അലക്സി നവൽക്കെതിരേ വിഷപ്രയോഗമുണ്ടായപ്പോഴും ചില റഷ്യൻ ഉദ്യോഗസ്ഥർക്കെതിരേ യുഎസ് ഉപരോധം ചുമത്തുകയുണ്ടായി. ഇതിനിടെ, നവൽനിയുടെ മരണത്തിൽ സുതാര്യ അന്വേഷണത്തിനായി റഷ്യക്കുമേൽ അമേരിക്ക സമ്മർദം ചെലുത്തുന്നതായി ദേശീയസുരക്ഷാ വക്താവ് ജോൺ കിർബി അറിയിച്ചു. മകന്റെ മൃതദേഹം കാണാൻ കോടതി കയറി അമ്മ മോസ്കോ: അലക്സി നവൽനിയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അമ്മ ലുഡ്മിള നവൽനയ കോടതിയെ സമീപിച്ചു. അലക്സി നവൽനി മരിച്ച സൈബീരിയൻ ജയിൽ സ്ഥിതിചെയ്യുന്ന സലേഖാർഡ് പട്ടണത്തിലെ കോടതിയിലാണ് ഹർജി നല്കിയത്. മാർച്ച് നാലിനു വിചാരണ നിശ്ചയിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടച്ചിട്ട കോടതിയിലായിരിക്കും വിചാരണ. അവസാനമായി കാണാനും ഉചിതമായി സംസ്കരിക്കാനുമായി മകന്റെ മൃതദേഹം വിട്ടുതരണമെന്ന് ലുഡ്മിള പ്രസിഡന്റ് പുടിനോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. നവൽനി വെള്ളിയാഴ്ച ജയിലിൽ കുഴഞ്ഞുവീണ് മരിച്ചുവെന്നാണു റഷ്യൻ അധികൃതർ പറയുന്നത്. മൃതദേഹം ബന്ധുക്കളെ കാണാൻ പോലും സമ്മതിച്ചിട്ടില്ല. കെമിക്കൽ അനാലിസിസ് നടത്തേണ്ടതിനാൽ രണ്ടാഴ്ചച കഴിഞ്ഞേ മൃതദേഹം വിട്ടുകൊടുക്കൂവെന്നാണ് അറിയിപ്പ്.
Source link