ഇന്റർ ജയം
മിലാൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ പ്രീക്വാർട്ടറിൽ ഇന്റർ മിലാനു ജയം. പകരക്കാരനായി കളത്തിലെത്തിയ മാർകോ അർനൗട്ടോവിച്ചിന്റെ ഗോളിൽ ഇന്റർ 1-0ന് അത്ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ചു. ഇരുടീമും കരുത്തുറ്റ പോരാട്ടമാണ് കാഴ്ചവച്ചത്. ഓസ്ട്രിയൻ സ്ട്രൈക്കർ അർനാട്ടോവിച്ച് പരിക്കേറ്റ മാർകസ് തുറാമിനു പകരം രണ്ടാം പകുതിയിൽ കളത്തിലെത്തി. നിരവധി അവസരങ്ങൾ നഷ്ടമാക്കിയ താരം 79-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. ലൗടാരോ മാർട്ടിനസ് വലയിലേക്കു തൊടുത്ത പന്ത് ഗോൾകീപ്പർ യാൻ ഒബ്ലാക്കിന്റെ കൈയിൽനിന്ന് വഴുതി. ഓടിയെത്തിയ അർനൗട്ടോവിച്ച് ഇത്തവണ അവസരം പാഴാക്കാതെ പന്ത് വലയിലാക്കി. മാർച്ച് 13ന് മാഡ്രിഡിൽ രണ്ടാംപാദ മത്സരം നടക്കും.
ഐന്തോവൻ-ഡോർട്മുണ്ട് സമനില ഐന്തോവൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ പ്രീക്വാർട്ടറിൽ പിഎസ് വി ഐന്തോവൻ-ബൊറൂസിയ ഡോർട്മുണ്ട് മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. മുന്നിൽ നിന്നശേഷമാണു ഡോർട്മുണ്ട് സമനില വഴങ്ങിയത്. മുൻ ക്ലബ്ബിന്റെ വല 24-ാം മിനിറ്റിൽ ഡോണ്യെൽ മലെൻ മികച്ചൊരു ഗോളിലൂടെ കുലുക്കി. സ്വന്തം സ്റ്റേഡിയത്തിൽ സമനിലയ്ക്കായി പൊരുതിക്കൊണ്ടിരുന്ന ഐന്തോവൻ 56-ാം മിനിറ്റിൽ ലൂക് ഡി ജോംഗ് പെനാൽറ്റിയിലൂടെ അത് നേടിയെടുത്തു. ഹോം ഗ്രൗണ്ടിൽ ഐന്തോവന്റെ തോൽവിയറിയാതെയുള്ള 31-ാമത്തെ മത്സരമാണിത്. മാർച്ച് 13ന് ഡോർമുണ്ടിൽ രണ്ടാംപാദം നടക്കും.
Source link