ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ നവാസ് ഷരീഫിന്റെ പിഎംഎൽ-എൻ, ബിലാവൽ സർദാരി ഭൂട്ടോയുടെ പിപിപി പാർട്ടികൾ ചേർന്ന് സഖ്യകക്ഷി സർക്കാർ രൂപീകരിക്കാൻ ധാരണയായി. മാരത്തൺ ചർച്ചകൾക്കൊടുവിലാണു രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കുന്ന തീരുമാനമുണ്ടായത്. നവാസിന്റെ അനുജനും മുൻ പ്രധാനമന്ത്രിയുമായ ഷഹ്ബാസ് ഷരീഫ് ആയിരിക്കും പ്രധാനമന്ത്രിയെന്ന് ചൊവ്വാഴ്ച അർധരാത്രി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ബിലാവൽ ഭൂട്ടോ പ്രഖ്യാപിച്ചു. ബിലാവലിന്റെ പിതാവ് ആസിഫ് അലി സർദാരിക്കു പ്രസിഡന്റ് പദവി ലഭിക്കും. സർക്കാർ രൂപീകരണത്തിനുവേണ്ട ഭൂരിപക്ഷമുണ്ടെന്നു ഷഹ്ബാസ് ഷരീഫ് അവകാശപ്പെട്ടു. ദേശീയ അസംബ്ലി സ്പീക്കർ പദവി പിഎംഎൽ-എന്നിനും ഡെപ്യൂട്ടി സ്പീക്കർ പദവി പിപിപിക്കും ലഭിക്കും. എംക്യുഎം-പി പോലുള്ള ചെറുകക്ഷികളും പുതിയ സർക്കാരിൽ പങ്കാളിയാകും.
എട്ടാം തീയതിയിലെ തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതാണു സർക്കാർ രൂപീകരണം വൈകിച്ചത്. സൈന്യത്തിന്റെ അപ്രീതിക്കു പാത്രമായി ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ സ്ഥാനാർഥികൾ സ്വതന്ത്രരായി മത്സരിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. പാക്കിസ്ഥാനിലെ മുൻ സർക്കാരും ഷഹ്ബാസ്-ബിലാവൽ കൂട്ടുകെട്ടായിരുന്നു. 2022 ഏപ്രിലിൽ ഇമ്രാനെ അവിശ്വാസത്തിൽ പുറത്താക്കിയശേഷം ബിലാവലിന്റെ പിന്തുണയോടെ ഷഹ്ബാസ് പ്രധാനമന്ത്രിയാവുകയായിരുന്നു. ബിലാവലിന്റെ പിതാവും വധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവുമായ ആസിഫ് അലി സർദാരി 2008 മുതൽ 2013 വരെ പാക്കിസ്ഥാൻ പ്രസിഡന്റായിരുന്നു.
Source link