അത് ശരിയല്ല ഗിരീഷ്, ആ രണ്ട് ചിത്രങ്ങളും ഹിറ്റായിരുന്നു: ‘പ്രേമലു’ സംവിധായകനെ തിരുത്തി വിനയൻ | Vinayan Girish AD
അത് ശരിയല്ല ഗിരീഷ്, ആ രണ്ട് ചിത്രങ്ങളും ഹിറ്റായിരുന്നു: ‘പ്രേമലു’ സംവിധായകനെ തിരുത്തി വിനയൻ
മനോരമ ലേഖകൻ
Published: February 21 , 2024 10:39 AM IST
1 minute Read
വിനയൻ, ഗിരീഷ് എ.ഡി.
‘പ്രേമലു’വിന്റെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ സിനിമാ ആസ്വാദകൻ എന്ന നിലയിലുള്ള തന്റെ ഇഷ്ടങ്ങളെ കുറിച്ച് സംവിധായകൻ ഗിരീഷ് എ.ഡി. െവളിപ്പെടുത്തിയിരുന്നു. അധികം ആഘോഷിക്കപ്പെടാതെ പോയ സിനിമകൾ പലതും താൻ ആവർത്തിച്ച് കാണുന്നവയാണെന്നാണ് ഗിരീഷ് പറഞ്ഞത്. ശിപായി ലഹള, കല്യാണസൗഗന്ധികം എന്നീ ചിത്രങ്ങൾ അക്കൂട്ടത്തിലുണ്ടെന്നും ഗിരീഷ് പറഞ്ഞിരുന്നു. എന്നാൽ ഗിരീഷിന്റെ അഭിപ്രായം ശരിയല്ലെന്നു പറയുകയാണ് ഈ രണ്ട് സിനിമകളുടെയും സംവിധായകനായ വിനയൻ. ശിപായി ലഹളയും കല്യാണ സൗഗന്ധികവും തിയറ്ററുകളില്‍ വിജയിച്ച സിനിമകളാണെന്നും ദിലീപിന്റെ കരിയറിലെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്ത ചിത്രമായിരുന്നു കല്യാണ സൗഗന്ധികമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.
‘‘എന്റെ കരിയറിന്റെ തുടക്കകാലത്തു ചെയ്ത രണ്ടു സിനിമളാണ് ശിപായി ലഹളയും കല്യാണസൗഗന്ധികവും. പ്രേക്ഷകർ ഇഷ്ടപ്പെടുകയും തിയറ്ററുകളിൽ ഹിറ്റാവുകയും ചെയ്ത സിനിമകളായിരുന്നു രണ്ടും. കല്യാണ സൗഗന്ധികത്തിലൂടെയാണ് അന്ന് ഒൻപതാം ക്ളാസുകാരി ആയ ദിവ്യ ഉണ്ണി സിനിമയിൽ നായിക ആവുന്നത്. ദിലീപിന്റെ കരിയറിലെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്ത ചിത്രമായിരുന്നു കല്യാണ സൗഗന്ധികം.
ശിപായി ലഹളയും കല്യാണ സൗഗന്ധികവും ആരും പറഞ്ഞു കേൾക്കാതെ ശ്രദ്ധിക്കാതെ പോയ സിനിമകളാണെങ്കിലും തനിക്ക് ഇഷ്ടപ്പെട്ടവയാണ് എന്ന് സംവിധായകൻ ഗിരീഷ് എ.ഡി. പറഞ്ഞതായി കഴിഞ്ഞദിവസം ഒരു ഓൺലൈൻ പോർട്ടലിൽ വായിക്കുകയുണ്ടായി. അതു ശരിയല്ല ഗിരീഷ്, അന്ന് കമേഴ്സ്യൽ ഹിറ്റായിരുന്നു എന്നു മാത്രമല്ല റിലീസു ചെയ്തിട്ട് 28 വർഷമായെങ്കിലും ഇന്നും ഈ സിനിമകൾക്ക് ചാനലുകളിൽ പ്രേക്ഷകരുണ്ട്. ടിവി യിൽ ഈ സിനിമകൾ വരുമ്പോൾ ഇപ്പോഴും എന്നെ വിളിച്ച് അഭിപ്രായം പറയുന്നവരുണ്ട്.
അന്നത്തെ കോമഡി സിനിമകളിൽ നിന്നും വ്യത്യസ്തമായ ട്രീറ്റ്മെൻറ് ആയിരുന്നു ശിപായി ലഹളയുടേത്. അക്കാലത്ത് ഓൺലൈൻ പ്രമോഷനോ റിവ്യുവോ ഒന്നും ഇല്ലല്ലോ? അന്നത്തെ ഫിലിം മാഗസിനുകൾ റഫറു ചെയ്താൽ ഈ രണ്ടു സിനിമകളേം പറ്റിയുള്ള റിപ്പോർട്ടുകൾ ഗിരീഷിനു മനസ്സിലാക്കാൻ കഴിയും. ഞാൻ ചെയ്ത കോമഡി സിനിമകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയാണ് ഈ രണ്ടു സിനിമകളും.’’–വിനയന്റെ വാക്കുകൾ.
English Summary:
Vinayan’s reply to Premalu director Girish AD goes viral
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 mo-entertainment-movie-girishad f3uk329jlig71d4nk9o6qq7b4-2024-02-21 7rmhshc601rd4u1rlqhkve1umi-2024-02 7rmhshc601rd4u1rlqhkve1umi-2024-02-21 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-02 mo-entertainment-titles0-premalu 63kq3j84snhhquihuv1lbon6en f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-vinayan
Source link